ജയ് പശു, ജയ് ചാണകം, ജയ് പിണ്ണാക്ക്; മാമുക്കോയയുടെ പശുവിനെയാണ് ഞാൻ സ്നേഹിക്കേണ്ടത് ;ഹരീഷ് പേരടി!

മുസ്‍ലിംകളുടെ വീടുകളിലെ പശുക്കളെ പിടിച്ചെടുക്കണമെന്ന ബിജെപി നേതാവിന്‍റെ വിവാദ പരാമര്‍ശത്തെ ട്രോളി സിനിമാ താരം ഹരീഷ് പേരടിയുടെ കുറിപ്പ്. സിനിമാതാരം മാമുക്കോയയുടെ കൂടെയുള്ള ചിത്രത്തിന് ഒപ്പമാണ് ഹരീഷ് കുറിപ്പ് പങ്കുവെച്ചത്.

‘മാമുക്കോയയുടെ ആലയിലിരുന്ന് ചിരിക്കുന്നത് യഥാർത്ഥ സഹോദരിയായിരുന്നുവെന്ന് ഇന്നാണ് മനസിലായത്’. മാമുക്കോയയെ അല്ല മാമുക്കോയയുടെ പശുവിനെയാണ് ഞാൻ സ്നേഹിക്കേണ്ടത് എന്ന പുതിയ അറിവ് എന്നിലേക്ക് പകർന്ന് തന്ന സഹോദരങ്ങളോടുള്ള എന്റെ നന്ദി എങ്ങിനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ലയെന്നും ജയ് പശു, ജയ് ചാണകം, ജയ് പിണ്ണാക്ക് എന്നുമാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

മുസ്‍ലിംകളുടെ വീടുകളിലെ പശുക്കളെ ലൗ ജിഹാദായി കണക്കാക്കി പിടിച്ചെടുക്കണമെന്ന, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് രഞ്ജിത് ശ്രിവാസ്തവയുടെ പരമര്‍ശം കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഹിന്ദുപെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ വിവാഹം ചെയ്യുന്നതും പ്രണയിക്കുന്നതും ലവ് ജിഹാദ് ആകുന്നതുപോലെ മുസ്ലീം വീടുകളിലേക്ക് പശുക്കളെ കൊണ്ടുപോകുന്നതിനെയും ലൗ ജിഹാദായി കണക്കാക്കണമെന്നായിരുന്നും പശുക്കളെ പിടിച്ചെടുക്കണമെന്നുമാണ് ശ്രിവാസ്തവയുടെ ആവശ്യം.


ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം…. ഞാനിത്രയും കാലം ഈ മന്യഷ്യനെ ഇക്കാ… എട്ടാ… എന്നൊക്കെ വിളിക്കുമ്പോൾ ഇദ്ദേഹത്തിന്റെ വീട്ടിലെ പശു എന്നെ നോക്കി ചിരിക്കുമായിരുന്നു … ഹിന്ദുവായ എന്റെ യഥാർത്ഥ സഹോദരിയാണ് മാമുക്കോയയുടെ ആലയിലിരുന്ന് ചിരിക്കുന്നത് എന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്.

മാമുക്കോയയെ അല്ല മാമുക്കോയയുടെ പശുവിനെയാണ് ഞാൻ സ്നേഹിക്കേണ്ടത് എന്ന പുതിയ അറിവ് എന്നിലേക്ക് പകർന്ന് തന്ന സഹോദരങ്ങളോടുള്ള എന്റെ നന്ദി എങ്ങിനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ലാ… ഹിന്ദുക്കളായ ദാസനെയും വിജയനെയും ദുബായിയാണെന്ന് പറഞ്ഞ് പറ്റിച്ച് മദ്രാസിൽ ഇറക്കിവിട്ടതിനുള്ള ശിക്ഷ ഞാനി മനുഷ്യന്റെ പശുവിനെ അടിച്ച് മാറ്റി പകരം വീട്ടും… ജയ് പശു … ജയ് ചാണകം …ജയ് പിണ്ണാക്ക് …

hareesh peradi talk about bjp

Sruthi S :