കോംപ്രമൈസ് ചെയ്താലേ പാട്ട് തരൂ എന്ന് പറയുന്ന സംഗീതസംവിധായകരും ഇവിടെയുണ്ട്; ആ സംവിധായകനൊപ്പം ഇനിയൊരിക്കലും ജോലി ചെയ്യില്ല; ഗൗരി ലക്ഷ്മി

കുറച്ച് ദിവസങ്ങൾക്ക്മുമ്പായിരുന്നു ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തെത്തിയത്. പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നതും. മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പ്രമുഖ നടന്മാരടങ്ങുന്ന ഒരു ക്രിമിനൽ മാഫിയയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

നിർമാതാക്കൾക്ക് സ്വതന്ത്രമായി ഒന്നും തീരുമാനിക്കാനാവില്ല പണവും പ്രശസ്തിയുമുള്ള അഭിനേതാക്കൾ അതിശക്തരായി കഴിഞ്ഞുവെന്നും നായികാനായകന്മാരെയും സംവിധായകരെയും തിരക്കഥാകൃത്തുക്കളെയുമൊക്കെ അവർ നിശ്ചയിക്കുമെന്നുമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ഈ പവർ ഗ്രൂപ്പിൽ ആരൊക്കെയാണുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്.

ഇപ്പോഴിതാ സംഗീതമേഖലയിൽ നിലനിൽക്കുന്ന അതിക്രമങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഗായികയായ ഗൗരി ലക്ഷ്മി. ​​ഗൗരിയുടെ വാക്കുകൾ ഇങ്ങനെ;

കോംപ്രമൈസ് എന്ന വാക്ക് സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലുമുണ്ട്. പിന്നണി ഗാനരംഗത്തുമുണ്ട്. ആ ഒരൊറ്റ കാരണം കൊണ്ട് ഒരു സംഗീതസംവിധായകന്റെ കൂടെ ഇനിയൊരിക്കലും ജോലി ചെയ്യില്ല എന്ന് എനിക്കു തീരുമാനമെടുക്കേണ്ടി വന്നു. എല്ലാ സംഗീതസംവിധായകരും അങ്ങനെയല്ല. ഒരുമിച്ച് ജോലി ചെയ്തതിൽ എന്നെ നല്ല രീതിയിൽ പരിഗണിച്ചവരും നല്ല പ്രതിഫലം തന്നവരുമുണ്ട്.

എന്നാൽ, കോംപ്രമൈസ് ചെയ്താലേ പാട്ട് തരൂ എന്ന് പറയുന്ന സംഗീതസംവിധായകരും ഇവിടെയുണ്ട്. ഇതൊന്നും ആരും തുറന്നു പറയുന്നില്ല എന്നേയുള്ളൂ. നോ പറഞ്ഞതുകൊണ്ട് ചാൻസ് കുറയും എന്ന വിഷമം എനിക്കില്ല. ഞാൻ അതിനൊന്നും കൂടുതൽ പരിഗണന കൊടുത്തിട്ടില്ല. കിട്ടിയ പാട്ടുകളിൽ വളരെ സന്തോഷിക്കുന്നു. ഇനി അവസരങ്ങൾ കിട്ടിയാലും പോയി പാടും.

അത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. പാട്ടുകൾ കിട്ടിയാൽ മാത്രമേ ഞാൻ ജീവിതത്തിൽ എന്തെങ്കിലും ആയിത്തീരൂ എന്ന ചിന്ത എനിക്കില്ല. അവസരങ്ങൾ ലഭിച്ചില്ലെങ്കിൽ നിരാശ തോന്നുകയുമില്ല. പാട്ട് ഉണ്ടാക്കുക, പാടുക എന്നത് എന്റെ ജോലി മാത്രമാണ്.

അതിനപ്പുറം ഞാൻ എന്ന ഒരു വ്യക്തിയുണ്ട്, എനിക്ക് വേറൊരു ജീവിതമുണ്ട്. സന്തോഷമായി വർക്ക് ചെയ്യാൻ പറ്റുന്ന ആളുകളോടൊപ്പം ഞാൻ പ്രവർത്തിക്കും. ജീവിതത്തിൽ ഒരുപാട് കുഴപ്പങ്ങൾ സൃഷ്ടിച്ചു മുന്നോട്ട് പോകാൻ എനിക്ക് താൽപര്യമില്ല എന്നുമാണ് ഗൗരി ലക്ഷ്മി പറയുന്നത്.

അതേസമയം, ഗൗരി ലക്ഷ്മിയുടെ ‘മുറിവ്’ എന്ന മ്യൂസിക് വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഗാനത്തിന് പിന്നാലെ ഗൗരി ലക്ഷ്മിക്കെതിരെ സൈബർ ആക്രമണവും ശക്തമായരുന്നു. എന്നിരുന്നാലും നിരവധി പേരാണ് ഗൗരിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നത്. താൻ ചെറുപ്പകാലത്ത് നേരിട്ട ലൈം ഗികാതിക്രമത്തെ കുറിച്ചാണ് പാട്ടിൽ എഴുതിയിരിക്കുന്നത് എന്നാണ് ഗൗരി ലക്ഷ്മി പറഞ്ഞത്.

Vijayasree Vijayasree :