എനിക്ക് അര്ഹതയില്ലെന്നപോലെയാണ് സംസാരം , വിശ്വസിച്ചില്ലെങ്കിലും പരിഹസിക്കരുത് – അവതാർ വിഷയത്തിൽ ഗോവിന്ദ

ബോളിവുഡിൽ ഇപ്പോൾ ചർച്ച അവതാർ ആണ് . അത് വാർത്തകളിൽ നിറച്ചതാകട്ടെ , നടൻ ഗോവിന്ദയും. താനാണ് അവതാറിന്‌ ആ പേര് നൽകിയതെന്നും ചിത്രത്തിലെ വേഷം നിഷേധിച്ചതാണെന്നും നടൻ ഗോവിന്ദ പറഞ്ഞിരുന്നു .

ഹോളിവുഡ് ചിത്രം അവതാർ സിനിമയുമായി ബന്ധപ്പെട്ട് തനിക്കു നേരെ നടക്കുന്ന ട്രോൾ ആക്രമണങ്ങളിൽ പ്രതികരണവുമായി നടൻ ഗോവിന്ദ. പറ​ഞ്ഞതിൽ തന്നെ ഉറച്ചു നിന്ന ഗോവിന്ദ, തന്റെ വാക്കുകൾ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ആളുകൾക്ക് അവകാശമുണ്ടെന്ന് പറഞ്ഞു.

ഹോളിവുഡിലെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ ചിത്രം അവതാറിന് ആ പേര് സംവിധായകൻ ജയിംസ് കാമറൂണിനോടു നിർദേശിച്ചത് താനാണെന്ന താരത്തിന്റെ വെളിപ്പെടുത്തലാണ് ട്രോളുകൾക്കു വഴിവച്ചത്. ചിത്രത്തിൽ തനിക്കൊരു വേഷം കാമറൂൺ കരുതിയിരുന്നെന്നും എന്നാല്‍ ദേഹത്ത് നീല ചായം പൂശാൻ ബുദ്ധിമുട്ടായതിനാൽ ചിത്രം ഒഴിവാക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ഗോവിന്ദയുടെ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ തരംഗമായി. അവതാറുമായി ഗോവിന്ദയെ ബന്ധപ്പെടുത്തി രസകരമായ ട്രോളുകളും നിറഞ്ഞു. ജീവിതത്തിലും രസികനായ ഗോവിന്ദയുടെ മറ്റൊരു നമ്പർ ആണോ ഈ അവതാർ വാർത്തയെന്നാണ് ആരാധകരുടെ സംശയം.

ഗോവിന്ദയുടേത് വെറും ‘തളളല്‍’ മാത്രമാണോ എന്നും ജയിംസ് കാമറൂണിനെപ്പോലെ ലോകപ്രശസ്തനായൊരു സംവിധായകന്‍ ഗോവിന്ദയെ അഭിനയിപ്പിക്കാമെന്ന് തീരുമാനിക്കുമോ എന്നുമൊക്കെ ചർച്ച വരുന്നു. ഇക്കാര്യം സത്യമാണോ എന്നറിയാൻ ചിലർ സാക്ഷാൽ കാമറൂണിന് ട്വിറ്ററിലൂടെ സന്ദേശം അയച്ചിട്ടുമുണ്ട്.

ചുംബനരംഗമുള്ളതിനാല്‍ രാഖി സാവന്ത് ഗ്ലാഡിയേറ്റര്‍ സിനിമ നിരസിച്ചുവെന്നും സല്‍മാന്‍ ഖാന് ഫിസിക്‌സിന് നോബല്‍ സമ്മാനം ലഭിച്ചുവെന്നുമൊക്കെ പറയുന്നതുപോലെയാണ് ഗോവിന്ദയുടെ ഈ വെളിപ്പെടുത്തലെന്ന് ട്രോളന്മാർ പറയുന്നു.

ട്രോളുകളോടുള്ള താരത്തിന്റെ പ്രതികരണം ഇങ്ങനെ: ‘ഗോവിന്ദയെപ്പോലൊരൊൾ കാമറൂണിന്റെ ചിത്രം നിരസിക്കുന്നുവെന്ന് കേൾക്കുമ്പോൾ സ്വാഭാവികമായും ആളുകൾ അമ്പരക്കും. ഇവരൊക്കെ എവിടെ നിന്നു വരുന്നവരാണെന്നും എനിക്ക് അറിയാം. ആളുകളുടെ ചിന്തയെ ബഹുമാനിക്കുന്നു. അവർക്ക് അഭിപ്രായവും പറയാം. എന്നാൽ ഗോവിന്ദയ്ക്ക് എങ്ങനെ ഈ ഓഫർ കിട്ടി എന്നു കടന്നുചിന്തിക്കുന്നത് മോശമാണ്.’

‘ആളുകൾ മുൻവിധിയോടു കൂടിയാണ് ഈ സംഭവത്തെ കാണുന്നത്. എനിക്ക് അതിന് അർഹതയില്ലെന്ന പോലെയാണ് ചിലരുടെ സംസാരം. ചായക്കടക്കാരൻ എങ്ങനെ വലിയ ആളാകുന്നു, ടിവി താരങ്ങൾ എങ്ങനെ സിനിമയിലെത്തുന്നു. അതുപോലെ തന്നെയാണ് ഇവിടെയും. നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ വേണ്ട. എന്നാൽ ഇതുപോലെയുള്ള പരിഹാസങ്ങൾ ഒഴിവാക്കണം. ’–ഗോവിന്ദ വ്യക്തമാക്കി.

ആപ് കി അദാലത്ത് എന്ന ടെലിവിഷൻ ഷോയ്ക്കിടെയായിരുന്നു അവതാർ സിനിമയുമായി ബന്ധപ്പെട്ട താരത്തിന്റെ തുറന്നുപറച്ചില്‍. 

‘അവതാര്‍ എന്ന പേര് ഞാന്‍ നിര്‍ദേശിച്ചതാണ്. അത് സൂപ്പര്‍ഹിറ്റായി. അങ്ങനെയാവുമെന്നും ഞാന്‍ ജയിംസ് കാമറൂണിനോട് പറഞ്ഞിരുന്നു. ഏഴു വര്‍ഷമെടുക്കും ഈ പ്രോജക്ട് പൂർത്തിയാക്കാനെന്നും ഞാന്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നു. അത് അദ്ദേഹത്തെ ചൊടിപ്പിച്ചു. അതെങ്ങനെ താങ്കള്‍ക്ക് ഉറപ്പിച്ചു പറയാനാകുമെന്ന് അദ്ദേഹം എന്നോടു ചോദിച്ചു. അവസാനം ഞാന്‍ പറഞ്ഞപോലെ എട്ട്-ഒന്‍പത് വര്‍ഷം കൊണ്ടാണ് അത് റിലീസ് ചെയ്തതും സൂപ്പര്‍ഹിറ്റായതും.’

‘സിനിമയില്‍ എനിക്കൊരു റോളും കാമറൂണ്‍ ഓഫര്‍ ചെയ്തിരുന്നു. പക്ഷേ അതിനുവേണ്ടി ദേഹത്തു മുഴുവന്‍ പെയ്ന്റ് തേച്ച് 410 ദിവസം ഷൂട്ട് ചെയ്യണമായിരുന്നു. എനിക്കു പറ്റില്ലെന്നു പറഞ്ഞു’.– ഗോവിന്ദ പറഞ്ഞു.

govinda against avatar trolls

Sruthi S :