അവസാനമായിട്ട് ആ സെറ്റിൽ നിന്ന് തിരിച്ചു വരുമ്പോൾ എല്ലാവിധ ആശംസകളും എന്ന് പറഞ്ഞ് സാറ് കൈ തന്നിട്ടാണ് ഞാൻ അവിടുന്ന് പിരിയുന്നത് പക്ഷേ ഇനി അവിടെ തിരിച്ചുപോകുമ്പോൾ സാറില്ല ;ഗോപിക അനിൽ

ഒട്ടു പ്രതീക്ഷിക്കാത്ത ഒരു മരണം ആയിരുന്നു ടെലിവിഷന്‍ സീരയല്‍ സംവിധായകന്‍ ആദിത്യന്റേത്. അമ്മ, വാനമ്പാടിതുടങ്ങിയ ഹിറ്റ് സീരിയലുകളെല്ലാം ഒരുക്കിയ ആദിത്യന്‍ നിലവില്‍ ഏഷ്യനെറ്റിലെ ഏറ്റവും ജനപ്രീതിയുള്ള സീരിയലായ സാന്ത്വനം ആണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. പ്രിയ സംവിധായകന്റെ അപ്രതീക്ഷിത വിയോഗം തീർത്ത വേദനയിൽ നിന്ന് സഹപ്രവർത്തകർ ഇനിയും മുക്തരായിട്ടില്ല. സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് ആദിത്യൻ വിടപറഞ്ഞത്. പുതിയ വീടിന്റെ പണിയും മലയാളത്തിലെ ആദ്യ സിനിമയുടെ പ്രാരംഭ ജോലികളും നടക്കുന്നതിനിടെയാണ് മരണം തേടിയെത്തുന്നത്.

സഹപ്രവര്‍ത്തകരെല്ലാം തങ്ങളുടെ പ്രിയ സംവിധായകനെ അവസാനമായി കാണാൻ എത്തിയിരുന്നു. സാന്ത്വനം സീരിയിലിലെ അണിയറ പ്രവർത്തകര്‍ വിടപറയാനെത്തിയത് നൊമ്പരക്കാഴ്ചയായി മാറി. ഒരു കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട സങ്കടത്തോടെയാണ് സാന്ത്വനം കുടുംബത്തിലെ ഓരോരുത്തരും ആദിത്യനരികെ കണ്ണീർവാർത്തു നിന്നത്. ആർക്കും ആർക്കും പരസ്പരം ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ കഴിയാത്ത അവസ്ഥ. സാന്ത്വനത്തിന്റെ ചിത്രീകരണം കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ ശേഷമായിരുന്നു ആദിത്യന്റെ മരണം.

പ്രിയ സംവിധായകനെ നഷ്ടപ്പെട്ട വേദനപങ്കുവച്ച് സഹപ്രവർത്തകരെല്ലാം കഴിഞ്ഞ ദിവസം എത്തിയിരുന്നു. തങ്ങൾ അനാഥരായി എന്നാണ് ആദിത്യനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാന്ത്വനം താരമായ ​ഗിരീഷ് കുറിച്ചത്. ഇപ്പോഴിതാ പരമ്പരയിൽ പ്രധാന വേഷങ്ങളിൽ ഒന്നായ അഞ്ജലിയെ അവതരിപ്പിക്കുന്ന ഗോപിക അനിലും സോഷ്യൽ മീഡിയയിലൂടെ ആദിത്യന്റെ വിയോഗത്തിലുള്ള വേദന പങ്കുവെച്ചെത്തിയിരിക്കുകയാണ്. ആദിത്യനൊപ്പമുള്ള ഏതാനും ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കൊപ്പമാണ് അഞ്ജലിയുടെ പോസ്റ്റ്.
“ഗോപിക അനിൽ എന്ന വ്യക്തിയെ അഞ്ജലി എന്ന രീതിയിൽ ഇത്രയും ജനകീയമാക്കി മാറ്റിയത്, കുടുംബ പ്രേക്ഷകർക്ക് ഇത്രയും ഇഷ്ടമുള്ള ഒരാൾ ആക്കി മാറ്റിയത് സാന്ത്വനം എന്ന സീരിയൽ ആണ്. അതിന്റെ കഥയാണ്. അതിലെ കഥാപാത്രമാണ്. അത് അവതരിപ്പിച്ച രീതിയാണ്. അതിന്റെ ഫുൾ ക്രെഡിറ്റ് ആദിത്യൻ സാറിനാണ്.

അദ്ദേഹം പലപ്പോഴും സെറ്റിൽ ഈ സാന്ത്വനം എന്ന സീരിയൽ ക്രിയേറ്റ് ചെയ്യുന്നത് കണ്ടിട്ട് അത്ഭുതത്തോടെ ഇരുന്നിട്ടുണ്ട്. മൂന്നുവർഷത്തോളം ആയിരം എപ്പിസോഡുകളോളം റേറ്റിംഗ് ഒട്ടും പുറകോട്ട് പോകാതെ ഇത് ക്രിയേറ്റീവ് ആയി കൊണ്ടുപോവുക എളുപ്പമുള്ള കാര്യമല്ല. സെറ്റിൽ ഇരിക്കുമ്പോൾ എത്ര വിഷമ ഘട്ടം ആണെങ്കിലും പ്രശ്നമുള്ള സമയം ആണെങ്കിലും സാറിന്റെ ആക്ഷൻ കേൾക്കുമ്പോൾ കിട്ടുന്ന എനർജി വേറെ എവിടെയും കിട്ടാറില്ല.അവസാനമായിട്ട് ആ സെറ്റിൽ നിന്ന് തിരിച്ചു വരുമ്പോൾ എല്ലാവിധ ആശംസകളും എന്ന് പറഞ്ഞ് സാറ് കൈ തന്നിട്ടാണ് ഞാൻ അവിടുന്ന് പിരിയുന്നത് പക്ഷേ ഇനി അവിടെ തിരിച്ചുപോകുമ്പോൾ സാറില്ല എന്നത് ഉൾക്കൊള്ളാൻ പോലും പറ്റുന്നില്ല.

ഇപ്പോഴും ആ ഫാക്ട് മനസ്സ് അംഗീകരിക്കുന്നില്ല. അടുത്ത ഷെഡ്യൂളിൽ കാണാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്. അങ്ങനെ ഒരു കൂടിക്കാഴ്ച ഇനി ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ ആകെ ഒരു മരവിപ്പ് അനുഭവപ്പെടുന്നു. വേദനയോടെ, പ്രാർത്ഥനയോടെ”, അഞ്ജലി കുറിച്ചു. നിരവധി പേരാണ് ഗോപികയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.പ്രേക്ഷകരുടെ പള്‍സ് അറിയാവുന്ന സംവിധായകനായിരുന്നു ആദിത്യന്‍. അദ്ദേഹം ഒരുക്കിയ പരമ്പരകളൊക്കെ എപ്പോഴും റേറ്റിംഗിലും മുന്നിലായിരുന്നു. സാന്ത്വനം കൂടാതെ ആദിത്യൻ സംവിധാനം ചെയ്ത അമ്മ, വാനമ്പാടി, ആകാശദൂത് തുടങ്ങിയ പരമ്പരകളും വലിയ ജനപ്രീതി നേടിയിരുന്നു.

AJILI ANNAJOHN :