ഞാന്‍ തോല്‍ക്കുമെന്ന് എനിക്ക് അറിയാം, അക്കാര്യത്തിൽ വീട്ടുകാര്‍ക്കും വലിയ ഉറപ്പൊന്നും ഇല്ലായിരുന്നു, സമയം കളയാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു, പശ്ചാതാപം തോന്നുന്നില്ല; തുറന്ന് പറഞ്ഞ് ഗോപി സുന്ദർ

എപ്പോഴും വാർത്തകളിൽ നിറയുന്ന ഒരാളാണ് സംഗീത സംവിധായകനും ഗായകനുമെല്ലാമായ ഗോപി സുന്ദർ. അദ്ദേഹത്തിന്റെ പ്രൊഫഷണൽ ജീവിതം പോലെ തന്നെ സ്വകാര്യ ജീവിതവും ആരാധകർക്ക് സുപരിചിതമാണ്. എങ്കിലും സംഗീത സംവിധായകന്‍, ഗായകന്‍ എന്നിങ്ങനെ സംഗീതലോകത്ത് നിറസാന്നിധ്യമായി നില്‍ക്കുകയാണ് ഗോപി സുന്ദര്‍.

ദേശീയ പുരസ്‌കാരത്തില്‍ മികച്ച പശ്ചാതല സംഗീതത്തിനുള്ള അംഗീകാരം ഗോപിയെ തേടി എത്തിയിരുന്നു. എന്നാല്‍ അതൊരു വലിയ നേട്ടമായി അംഗീകരിക്കാന്‍ തനിക്ക് സാധിക്കില്ലെന്നാണ് ഗോപി സുന്ദർ പറയുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ സംഗീതം തന്നെയായിരുന്നു ലക്ഷ്യം. അതുകൊണ്ട് പത്താം ക്ലാസ് തോറ്റത് ഉപകാരമായെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ഗോപി സുന്ദര്‍ പറയുന്നു

അച്ഛനോടും അമ്മയോടും സമ്മതം ചോദിക്കുന്ന തരത്തിലൊരാളല്ല ഞാന്‍. അന്നും ഇന്നും അങ്ങനെയാണ്. പത്താം ക്ലാസില്‍ പരീക്ഷ എഴുതി കൊണ്ടരിക്കുമ്പോള്‍ തന്നെ ഞാന്‍ തോല്‍ക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് വലിയ സര്‍പ്രൈസായിട്ടൊന്നും തോന്നിയില്ല. ഞാന്‍ ജയിക്കുമോന്നുള്ളതില്‍ എന്റെ വീട്ടുകാര്‍ക്കും വലിയ ഉറപ്പൊന്നും ഇല്ലായിരുന്നു. ജീവിതത്തില്‍ മ്യൂസിഷനായിട്ടിരിക്കാനാണ് ആഗ്രഹമെന്ന് അന്നേ എന്റെയുള്ളിലുണ്ട്. അതുകൊണ്ട് കെമിസ്ട്രി ഒന്നും പഠിക്കേണ്ടതില്ലല്ലോ എന്ന് ഗോപി സുന്ദര്‍ പറയുന്നു.

എന്റെ ജീവിതത്തിലെ തീരുമാനം അച്ഛനെടുത്തത് അല്ല. അങ്ങനെ തീരുമാനം എടുക്കാന്‍ ഞാന്‍ ആര്‍ക്കും കൊടുക്കുകയുമില്ല. ആവശ്യമില്ലാതെ പഠിച്ച് സമയം കളയാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. പത്താം ക്ലാസ് തോറ്റത് തന്നെയാണ് എനിക്ക് ഏറ്റവും കൂടുതല്‍ ഉപകാരപ്പെട്ടത്. ചിലര്‍ക്ക് അത് ഉപകാരമാവില്ല. പക്ഷേ എന്റെ കാര്യത്തില്‍ നേരെ മറിച്ചാണ് സംഭവിച്ചത്. അതിലെനിക്ക് പശ്ചാതാപം തോന്നുന്നില്ല. ഇപ്പോള്‍ ആ പരീക്ഷ എഴുതിയാലും ഞാന്‍ തോറ്റ് പോകുമെന്ന് ഗോപി സുന്ദര്‍ പറയുന്നു.

അവാര്‍ഡ് കിട്ടാന്‍ വേണ്ടിയിട്ട് ഞാനൊരു പാട്ടും ചെയ്തിട്ടില്ല. അവാര്‍ഡിനെ കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത് അവിടെയിരിക്കുന്ന ആറോ ഏഴോ പേര്‍ക്ക് പെട്ടെന്ന് ഈ പാട്ടിന് കൊടുക്കാമെന്ന് തോന്നുന്നതാണ്. പതിനായിരക്കണക്കിന് ആളുകള്‍ അവരുടെ കഴിവ് കൊടുക്കുമ്പോള്‍ അതില്‍ നിന്നും നറുക്കിട്ട് വീഴുന്നതാണ്. ഒരു പത്ത് പേര്‍ കൂടുമ്പോള്‍ അവര്‍ക്ക് പൊതുവായി തോന്നിയ ഒരു അഭിപ്രായമായിരിക്കും അവാര്‍ഡായി പരിഗണിക്കുന്നത്. അവരെ മാറ്റി വേറെ പത്ത് പേരെ കൊണ്ട് വന്നിരുത്തിയാല്‍ ആദ്യം പറഞ്ഞവരുടെ അഭിപ്രായം മാറ്റിയേക്കാം.

അതിനര്‍ഥം അവര്‍ പറഞ്ഞതൊക്കെ മോശമാണെന്നല്ല. ആ സമയത്ത് നറുക്ക് വീണത് അതിനാണെന്നുള്ളതാണ്. ഉചിതമായൊരു സൃഷ്ടിയ്ക്ക് കൃത്യമായൊരു വിധി നിര്‍ണയിക്കാന്‍ ദൈവത്തിന് പോലും സാധിച്ചിട്ടില്ല. അവാര്‍ഡ് കിട്ടുമ്പോള്‍ സന്തോഷമാണ്. എല്ലാവരും അംഗീകരിച്ചു. ചാവുമ്പോള്‍ രണ്ട് വെടി പൊട്ടും. അതിനെക്കാളും ഉപരി, വേറൊന്നും സംഭവിക്കില്ല. ഇവന് അവാര്‍ഡ് കിട്ടിയ സ്ഥിതിയ്ക്ക് പത്ത് പടം അങ്ങ് കൊടുത്തേക്കാമെന്ന് പറഞ്ഞ് ആരും എന്റെ അടുത്ത് വന്നിട്ടില്ല.

ദേശീയ പുരസ്‌കാരം കിട്ടിയത് എന്റെയൊരു നേട്ടമാണെന്ന് പറയുന്നില്ല. ആ സമയത്ത് കിട്ടാന്‍ നിയോഗിക്കപ്പെട്ടത് കൊണ്ട് കിട്ടിയെന്നേ ഉള്ളു. നാഷണല്‍ അവാര്‍ഡ് കിട്ടിയത് ബെസ്റ്റ് ആണെന്ന് ഞാന്‍ പറയുന്നില്ല. അതിനെക്കാളും നല്ല വര്‍ക്ക് ഞാന്‍ ചെയ്തിട്ടുണ്ട്. അതെനിക്കേ അറിയൂ. 1983 യിലെ പശ്ചാതല സംഗീതത്തിനാണ് എനിക്ക് അവാര്‍ഡ് കിട്ടിയത്. അതിനെക്കാളും നന്നായി ഞാന്‍ ഉസ്താദ് ഹോട്ടലില്‍ ചെയ്തിട്ടുണ്ട്. അതിന് അവാര്‍ഡ് കിട്ടിയില്ല. എന്ന് കരുതി ഉസ്താദ് ഹോട്ടലിലെ മോശമാണോ? അതല്ല അവാര്‍ഡ്. എങ്കിലും എനിക്ക് സന്തോഷമുണ്ടെന്ന് ഗോപി സുന്ദര്‍ പറയുന്നു.

ഗോപി സുന്ദറിനെ പലപ്പോഴും ആരാധകർ വിമർശിക്കുന്നതിന് കാരണം അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമാണ്. വിവാഹിതനായ ഗോപി സുന്ദർ രണ്ട് ആൺമക്കളുടെ അച്ഛൻ കൂടിയാണ്. പക്ഷെ ഇപ്പോൾ ഭാര്യയ്ക്കൊപ്പമല്ല ഗോപി സുന്ദറുള്ളത്. ഭാര്യ പ്രിയയേയും മക്കളേയും ഒഴിവാക്കി പത്ത് വർഷത്തോളം ഗായിക അഭയ ഹിരൺമയിക്കൊപ്പം ലിവിങ് ടുഗെതറിലായിരുന്നു ഗോപി സുന്ദർ. ആ ബന്ധവും അടുത്തിടെ തകർന്നു. ഇപ്പോൾ ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണ്. അമൃതയ്ക്കൊപ്പമാണ് ഗോപി സുന്ദർ ജീവിക്കുന്നത്. നടൻ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് അമൃത ഗോപി സുന്ദറുമായി പ്രണയത്തിലായത്.

Noora T Noora T :