തിരുവനന്തപുത്ത് പ്രവർത്തിക്കുന്ന ജർമൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ ജർമൻ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. സെൻട്രം ബാനർ ഫിലിം സൊസൈറ്റിയുമായി ചേർന്നാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. വഴുതക്കാട് ടാഗോർ തിയേറ്ററിന് സമീപമുള്ള ലെനിൻ ബാലവാടിയിൽ ജൂലൈ 28നാണ് ഫെസ്റ്റിവൽ.
2021ൽ പുറത്തിറങ്ങിയ നാല് ജർമൻ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. ചലച്ചിത്ര മേളയുടെ ഉദ്ഘാടനം രാവിലെ 11 ന് സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ നിർവ്വഹിക്കും. മുതിർന്ന ചലച്ചിത്ര നിരൂപകൻ എംഎഫ് തോമസ് അധ്യക്ഷത വഹിക്കും.
ഗൊയ്ഥെ സെൻട്രം ഡയറക്ടർ ഡോ. സയിദ് ഇബ്രാഹിം മുഖ്യാതിഥിയായിരിക്കും. ബാനർ ഫിലിം സൊസൈറ്റി സെക്രട്ടറി ആർ. ബിജു, ജോയിൻറ് സെക്രട്ടറി സന്ദീപ് സുരേഷ് എന്നിവർ സംബന്ധിക്കും.
രാവിലെ 9.30 ന് ഫ്ളോറിയൻ ഡിട്രിച്ച് സംവിധാനം ചെയ്ത തൗബാബ്, 11.15 ന് സാറാ ബ്ലാസ്കിവിറ്റ്സിൻറെ പ്രഷ്യസ് ഐവി, ഉച്ചയ്ക്ക് 2.30 ന് ലിസ ബെയ്റിത്തിൻറെ പ്രിൻസ്, വൈകിട്ട് 4.30 ന് ഫ്രാൻസിസ്ക സ്റ്റൻകെലിൻറെ ദി ലാസ്റ്റ് എക്സിക്യൂഷൻ എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
1957ൽ കൊൽക്കത്തയിലാണ് ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തുടക്കം. ശേഷം തിരുവനന്തപുരവും കൊച്ചിയുമടക്കം രാജ്യത്ത് ആറ് ശാഖകളാണ് ഇൻസ്റ്റിറ്റ്യൂട്ടിന് ഉള്ളത്. തിരുവനന്തപുരം കേന്ദ്രം 2008-ലാണ് ആരംഭിച്ചത്.