ദൃശ്യങ്ങൾ മുഴവൻ പകർത്താനുള്ള സാധ്യത കൂടുതലാണ്, മെമ്മറി കാർഡിന് എന്തെങ്കിലും മാറ്റം വന്നാൽ ഈ കേസ് നിലനിൽക്കില്ല; ജോർജ് ജോസഫ്

കഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തിമ വാദം തുറന്ന കോടതിയിൽ നടത്തണമെന്ന ആവശ്യവുമായി അതിജീവിത വിചാരണ കോടതിയ്ക്ക് ഹർജി നൽകിയത്. വാദം അന്തിമഘട്ടത്തിലേയ്ക്ക് കടന്നതോടെ കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെ ഇതിൽ തൻ്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്ന് കൂടിയാണ് അതിജീവിത കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം നടക്കുന്നത്.

ഇപ്പോഴിതാ അതിജീവിതയുടെ നീക്കത്തിന് പിന്നാലെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുൻ പോലീസ് ഉദ്യോഗസ്ഥനായ ജോർജ് ജോസഫ്. ഒരു മാധ്യമചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുമ്പോൾ ഇൻ ക്യാമറ പ്രൊസീഡിങ്സ് വേണം. കാരണം അവർ അനുഭവിച്ച തിക്താനുഭവങ്ങൾ ആരും കേൾക്കരുത്. ഈ കേസുമായി ബന്ധപ്പെട്ട് വാർത്തകൾ വന്ന സാഹചര്യത്തിലായിരുന്നു മൊത്തം നടപടികൾ ഇൻക്യാമറ പ്രൊസീഡിങ്സിലേക്ക് കോടതി മാറ്റിയത്.

ഇപ്പോൾ സാക്ഷികളുടെ മൊഴികളെല്ലാം രേഖപ്പെടുത്തി കഴിഞ്ഞു. ഇപ്പോൾ അന്തിമ വാദമാണ് നടക്കുന്നത്. പ്രതിഭാഗത്തിന്റേയും വാദി ഭാഗത്തിന്റേയും വാദങ്ങൾ കോടതി കേൾക്കും. അതിജീവതയ്ക്ക് ഇപ്പോൾ കോടതിയിൽ അവിശ്വാസം ഉണ്ടായതിന് കാരണം കോടതിയുടെ കൈവശം ഇരിക്കുന്ന ദൃശ്യങ്ങൾ മറ്റാരൊക്കെയോ കണ്ടിരിക്കുന്നുവെന്നതാണ്. അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജഡ്ജിയും ജില്ലാ ജഡ്ജിയും ദൃശ്യങ്ങൾ കണ്ടിട്ടുണ്ട്.

സെഷൻസ് കോടതിയിൽ ജീവനക്കാരും കണ്ടിട്ടുണ്ട്. കോടതിയിൽ ഇരിക്കുന്ന ഒരു തെളിവ് ജഡ്ജ് അല്ലാതെ മറ്റൊരാൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ കോടതി തന്നെ അന്വേഷണം പ്രഖ്യാപിക്കണമായിരുന്നു. അതുണ്ടായില്ല. ക്രമിനൽ കുറ്റം തന്നെയാണ് നടന്നത്.

ആ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയോ ഇല്ലെയോ എന്നത് പ്രസക്തമല്ല, എന്നാൽ തൊണ്ടിമുതൽ പരിശോധിക്കപ്പെട്ടിരിക്കുകയാണ്. ദൃശ്യങ്ങൾ മുഴവൻ പകർത്തിയോ എന്നുള്ളത് അറിയില്ല, പക്ഷെ അതിനുള്ള സാധ്യത കൂടുതലാണ്. അതിജീവിതയെ പീ ഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് മെമ്മറി കാർഡിൽ ഉള്ളത്. കേസുമായി ബന്ധമില്ലാത്ത പല ആളുകളും ഈ വീഡിയോ കണ്ടുവെന്നതാണ്. തീർച്ചയായും അതിലൊരു നടപടി വേണമായിരുന്നു.

ഇവിടെ കാതലായൊരു പ്രശ്നമുണ്ട്. മെമ്മറി കാർഡിന് എന്തെങ്കിലും മാറ്റം വന്നാൽ ഈ കേസ് നിലനിൽക്കില്ല. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി ആ ദൃശ്യവും കൊണ്ട് പൾസർ സുനി അവിടുന്ന് പോയിരുന്നു. അതിന് ശേഷം പെട്ടിഓട്ടോയിൽ വന്ന് എറണാകുളത്തെ ഒരുവീടിന്റെ മതിൽ കയറി അപ്രത്യക്ഷനായി. അതൊരു അഭിഭാഷകന്റെ വീടാണെന്നാണ് പറയപ്പെടുന്നത്.

ഈ കേസിൽ ദുരൂഹമായ പല കാര്യങ്ങളും തെളിയാനുണ്ട്. ഇതുവരെ ലഭിച്ച തെളിവുകളെല്ലാം പോലീസ് കോടതിയിൽ നൽകിയിട്ടുണ്ട്. കോടതിയിൽ നിന്നും നീതി ലഭിക്കില്ലെന്ന തോന്നൽ തന്നെയായിരിക്കാം ഇപ്പോൾ തുറന്ന കോടതിയിൽ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടത് എന്നുമാണ് അദ്ദേഹം പറയുന്നത്.

നേരത്തെ, അനധികൃതമായി മെമ്മറികാർഡ് തുറന്ന് പറിശോധിച്ചതിനെതിരെ രാഷ്ട്രപതിയ്ക്ക് അതിജീവിത കത്തയച്ചിരുന്നു. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ട വിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടായില്ല.

ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിക്കും സുപ്രീം കോടതിക്കും കത്ത് നൽകിയിരുന്നു. എന്നാൽ, യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അതിജീവിത രാഷ്ട്രപതിക്ക് അയച്ച കത്തിൽ പറയുന്നു. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മൂന്ന് തവണ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു. മെമ്മറി കാർഡ് പരിശോധിച്ച ആളുകളെ കണ്ടെത്തേണ്ടതും നടപടിയെടുക്കേണ്ടതും കോടതികളാണ്. എന്നാൽ, ജുഡീഷ്യറിയുടെ ഭാഗത്ത് നിന്നും അത്തരമൊരു നടപടി ഉണ്ടായില്ലെന്നും അതിജീവിത പറഞ്ഞിരുന്നു.

Vijayasree Vijayasree :