നിരവധി ആരാധകരുള്ള ഹോളിവുഡ് നടനാണ് ജീൻ ഹാക്ക്മാൻ. ഫെബ്രുവരി 26നാണ് നടനെയും ഭാര്യ ബെറ്റ്സി അരകാവയെയും വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പലരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഹൃദ്രോഗം മൂലമാണ് ജീൻ ഹാക്ക്മാൻറെ മരണമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ബെറ്റ്സിയുടെ മരണം ഹാന്റവൈറസ് പൾമണറി സിൻഡ്രോം എന്ന രോഗത്താലാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. എലികൾ മൂലമുണ്ടാകുന്ന രോഗമാണിതെന്നാണ് പബ്ലിക് ഹെൽത്ത് വെറ്ററിനറി ഡോക്ടർ എറിൻ ഫിപ്സ് പറയുന്നത്. ഹാക്ക്മാന്റെ വീടിന്റെ ചില ഭാഗങ്ങളിൽ എലികളുടെ ശല്യമുണ്ടായതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഭാര്യ മരിച്ചതിന് ശേഷമാണ് ജീൻ മരിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബെറ്റ്സി അരകാവയുടെ മൃതദേഹം കുളിമുറിയിലാണ് കണ്ടെത്തിയത്, മൃതദേഹത്തിന് സമീപം തൈറോയ്ഡ് മരുന്നുകൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. അടുക്കളക്ക് സമീപമുള്ള മുറിയിലാണ് ഹാക്ക്മാൻറെ മൃതദേഹം കണ്ടെത്തിയത്.
വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീടിൻറെ അറ്റകുറ്റപ്പണിയ്ക്കെത്തിയ വ്യക്തിയാണ് ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. രണ്ടുതവണ ഓസ്‌കർ നേടിയ അഭിനേതാവ് ആണ് ജീൻ. 1992ൽ ‘അൺഫോർഗിവൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കാറും, 1972ൽ ‘ദി ഫ്രഞ്ച് കണക്ഷനിലെ’ ഡിറ്റക്റ്റീവ് ജിമ്മി പോപ്പേ ഡോയൽ എന്ന കഥാപാത്രത്തിനുമാണ് ഓസ്കാർ ലഭിച്ചത്.