നടൻ ജീൻ ഹാക്ക്മാനെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

ഹോളിവുഡ് നടനും ഓസ്‌കർ ജേതാവുമായ ജീൻ ഹാക്ക്മാനെ(95)യും ഭാര്യയെയും പിയോനിസ്റ്റുമായ ബെറ്റ്‌സി അരക്കാവയെയും (63) മരിച്ചനിലയിൽ കണ്ടെത്തി. ന്യൂ മെക്സിക്കോയിലെ ഇരുവരുടേയും വസതിയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ വളർത്തുനായയെയും വീട്ടിനുള്ളിൽ ചത്തനിലയിൽ കണ്ടെത്തി.

ദമ്പതികളുടെ മരണ കാരണം പുറന്ന് വന്നിട്ടില്ലെങ്കിലും വളർത്തുനായയേയും ചത്ത നിലയിൽ കണ്ടെത്തിയത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ബുധനാഴ്ച വൈകിട്ടോടെയാണ് മൃതദേഹങ്ങൾ വീടിനുള്ളിൽ കണ്ടെത്തിയത്. ഇരുപത് വർഷത്തിലേറെയായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ജീൻ ഹാക്ക്മാൻ പിയാനിസ്റ്റായ ഭാര്യയ്ക്കൊപ്പം വിശ്രമ ജീവിതം നയിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

1930ൽ കാലിഫോർണിയയിൽ ആണ് ജീൻ ഹാക്ക്മാൻ്റെ ജനനം. 1961ൽ പുറത്തിറങ്ങിയ ‘മാഡ് ഡോഗ് കോൾ’ ആണ് ആദ്യചിത്രം. ഒട്ടേറെ ചിത്രങ്ങളിലും ടിവി സീരിസുകളിലും നാടകങ്ങളിലും അഭിനയിച്ചു. രണ്ടുതവണ ഓസ്‌കർ അവാർഡ് നേടിയ നടനാണ് ജീൻ ഹാക്ക്മാൻ. 1971ലാണ് ജീൻ ഹാക്ക്മാനെ തേടി ആദ്യ ഓസ്കാർ എത്തിയത്. ദി ഫ്രഞ്ച് കണക്ഷൻ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരമാണ് ലഭിച്ചത്.

പിന്നീട് ഇരുപത് വർഷങ്ങൾക്കുശേഷം 1992ൽ മികച്ച സഹ നടനുള്ള ഓസ്‌കർ പുരസ്‌കാരവും ജീൻ ഹാക്ക്മാനെ തേടിയെത്തി. ഓസ്കാറിന് പുറമെ നാല് ഗോൾഡൻ ഗ്ലോബ്, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് പുരസ്‌കാരം എന്നിവയും ജീൻ ഹാക്ക്മാന് ലഭിച്ചിട്ടുണ്ട്. ആ​ദ്യ ഭാര്യയിൽ ജീൻ ഹാക്ക്മാന് മൂന്ന് മക്കളുണ്ട്.

Vijayasree Vijayasree :