നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയ്ക്കെതിരെ വിമർശനവുമായി നടി ഗായത്രി വർഷ. കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയ്ക്കിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന എംഎൽഎ ഉമാ തോമസിനെ കാണാൻ പോലും ദിവ്യ ഉണ്ണി തയ്യാറായില്ലെന്നാണ് ഗായത്രി വർഷ പറയുന്നത്.
സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിൽ സംസാരിക്കവെയാണ് വിമർശനം. സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ പോലും ദിവ്യയ്ക്ക് മനസുണ്ടായില്ല. ആദ്യഘട്ടത്തിൽ മാധ്യമങ്ങൾ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാപ്രവർത്തനങ്ങൾ ഇപ്പോൾ കച്ചവട മാധ്യമങ്ങളായി മാറി.
അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന ഗിന്നസ് പരിപാടി. ഇതിനോട് കേരളീയ സമൂഹവും സോഷ്യൽ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവർത്തനത്തിന്റെ ഇരയായെന്നും ഗായത്രി പറഞ്ഞു. പരിപാടിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു ദിവ്യ ഉണ്ണി. ഇതിലൂടെ നടിയ്ക്ക് കിട്ടിയ പ്രതിഫലം ഉൾപ്പെടെ അന്വേഷിക്കാനിരിക്കെ നടി അമേരിക്കയിലേയ്ക്ക് തിരികെ പോയി.
സംഘാടകരെ പൂർണമായും ചോദ്യം ചെയ്‌ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വർഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്. പരിപാടിയിൽ പങ്കെടുത്ത നൃത്ത അദ്ധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
വിവാഹത്തിന് ശേഷം ദിവ്യ ഉണ്ണി വർഷങ്ങളായി അമേരിക്കയിൽ കുടുംബമായി സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ നവംബറിലാണ് നടി കേരളത്തിലെത്തിയത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം നടിയിലേക്ക് നീളുന്നതിനിടെയാണ് മടങ്ങിപ്പോക്ക്.
മൃദംഗനാദം എന്ന പേരിൽ 12000ത്തോളം നർത്തകരെ ഉൾപ്പെടുത്തി എട്ട് മിനിറ്റ് ദൈർഘ്യമുള്ള ഭരതനാട്യം അവതരിപ്പിച്ചാണ് ദിവ്യ ഉണ്ണിയും സംഘവും ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്. നൃത്തം കൊറിയോഗ്രാഫി ചെയ്ത് മുന്നിൽ നിന്നും ലീഡ് ചെയ്തതും ദിവ്യ തന്നെയായിരുന്നു.
സിനിമാ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളും അവരുടെ വിദ്യാർത്ഥികളും വരെ ഇതിൽ ഉൾപ്പെടുന്നു. ദേവി ചന്ദന, ഉത്തര ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും അവരുടെ ശിഷ്യരും മൃദംഗനാദത്തിൽ പങ്കാളികളായിരുന്നു. ഒരേസമയം 12000 പേരാണ് ഭരതനാട്യം ചെയ്തത്.