ഇനി നല്ല വേഷം വന്നാല്‍ മുഖ്യമന്ത്രിയോട് ആലോചിച്ച് അദ്ദേഹം സമ്മതിക്കുകയാണെങ്കില്‍ മാത്രം ചെയ്യും; ഗണേശ് കുമാര്‍

നിരവധി ആരാധകരുള്ള താരമാണ് ഗണേശ് കുമാര്‍. നടനെന്ന നിലയിലും രാഷ്ട്രീയപ്രവര്‍ത്തകനെന്ന നിലയിലും ശോഭിച്ച് നില്‍ക്കുകയാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഗണേശ് കുമാറിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയിയിലെ പ്രധാന ചര്‍ച്ചാ വിഷയം ഗണേഷ് കുമാറാണ്. നിയുക്തമന്ത്രിയാണ് കെ.ബി ഗണേഷ് കുമാര്‍ ഇപ്പോള്‍.

ഈ വേളയില്‍ മന്ത്രി ആയതിന് ശേഷവും അഭിനയം തുടരുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. തിയേറ്ററില്‍ ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന ‘നേര്’ ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തില്‍ ഗണേഷ് കുമാര്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ അഭിനയിക്കാനുണ്ടായ സാഹചര്യം അടക്കം പറഞ്ഞാണ് ഗണേഷ് പ്രതികരിച്ചിരിക്കുന്നത്.

അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് നേര് സിനിമയിലേക്ക് വിളിക്കുന്നത്. നേര് പോലുള്ള നല്ല ചിത്രങ്ങളില്‍ മാത്രമേ ഇനി താന്‍ അഭിനയിക്കൂ. ദിലീപ് ചിത്രം ബാന്ദ്രയില്‍ അഭിനയിച്ചത് മനസിന് വലിയ വിഷമമായി. സിനിമാഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സമയത്താണ് ജീത്തു ജോസഫിന്റെ വിളി വരുന്നത്. കഥ കേട്ടപ്പോള്‍ തന്നെ നേര് സിനിമയില്‍ അഭിനയിക്കണം എന്ന് മനസില്‍ ഉറപ്പിച്ചു.

എന്നാല്‍ ഒരു വിദേശ യാത്രയുമായി ബന്ധപ്പെട്ട് ഡേറ്റില്‍ പ്രശ്‌നമുണ്ടായിരുന്നു. അതുകൊണ്ട് അഭിനയിക്കാന്‍ എത്താന്‍ സാധിക്കുമോ എന്ന ആശങ്ക സംവിധായകന്‍ ജീത്തുവിനെ അറിയിച്ചു. തുടര്‍ന്ന് വിവരമറിഞ്ഞ മോഹന്‍ലാല്‍ ഒരു കന്നഡ ചിത്രത്തിന്റെ തിയതി മാറ്റി വെച്ച് ചിത്രീകരണം നേരത്തെയാക്കി. ഇനി നല്ല വേഷം വന്നാല്‍ മുഖ്യമന്ത്രിയോട് ആലോചിച്ച് അദ്ദേഹം സമ്മതിക്കുകയാണെങ്കില്‍ മാത്രം ചെയ്യും. മുഖ്യമന്ത്രിയോട് ആലോചിച്ച് അദ്ദേഹം സമ്മതിച്ചാല്‍ മാത്രമെ മന്ത്രിയ്ക്ക് അഭിനയിക്കാന്‍ പറ്റുയുള്ളൂ.

മന്ത്രിക്ക് അഭിനയിക്കാന്‍ പോകണമെങ്കില്‍ മുഖ്യമന്ത്രിയുടെ അനുമതി വേണം. അത് നടക്കട്ടെ എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്. അതേസമയം, കാലാവധി പൂര്‍ത്തിയാക്കിയ ഗതാഗതമന്ത്രി ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പകരം ഇനി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ആയിരിക്കും മന്ത്രിസഭയിലെത്തുക.

ഇടത് മുന്നണിയുടെ ഭാഗമായിരുന്നു കൊണ്ട് തന്നെ സര്‍ക്കാരിന്റെ പല തീരുമാനങ്ങള്‍ക്കെതിരെയും പരസ്യമായി പ്രതികരിച്ചിരുന്നയാളായിരുന്നു ഗണേഷ് കുമാര്‍. ഇനിയും അത് തുടരുമോ എന്ന മാധ്യമങ്ങളോട് ചോദ്യത്തിന് ‘ ഇനി അങ്ങനെ പറയാന്‍ പറ്റില്ലല്ലോ.. ഇനി മൗനം…പറഞ്ഞ കാര്യങ്ങളൊന്നും മാറ്റിപ്പറയില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എകെജി സെന്ററില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.

പൊതുഗതാഗത സംവിധാനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സര്‍ക്കാരിന്റെ അഭിമാനകരമായ നേട്ടമായി മാറ്റാനുള്ള ചില പദ്ധതികള്‍ മനസിലുണ്ട്. എല്ലവരുടെയും സഹകരണമുണ്ടെങ്കില്‍ അത് ചെയ്യാനാകും. വകുപ്പ് ഏതാണെന്ന് ഔദ്യോഗികമായി അറിയിച്ച ശേഷം ഇതിനെ കുറിച്ച് കൂടുതല്‍ പറയാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ആധുനിക യുഗത്തിന് പറ്റിയ പ്ലാനുകള്‍ ആണ് മനസിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തൊഴിലാളികളെ പൂര്‍ണ വിശ്വാസത്തിലെടുത്തുകൊണ്ട് മുന്നോട്ട് പോകാനാണ് ആഗ്രഹം. യുഡിഎഫ് മന്ത്രിസഭയില്‍ ഗതാഗത ആയിരുന്നപ്പോള്‍ തൊഴിലാളി സംഘടനകളെല്ലാം വളരെ സ്‌നേഹത്തോടെയാണ് സഹകരിച്ചിരുന്നത്. ഇനിയും അങ്ങനെ തന്നെയുണ്ടാകും എന്നാണ് പ്രതീക്ഷ. തൊഴിലാളികള്‍ ആവശ്യപ്പെടാത്ത ക്ഷേമപ്രവര്‍ത്തനങ്ങള്‍ അന്ന് നടപ്പാക്കിയിരുന്ന ആളാണ് ഞാന്‍, അവരുമായി ഒരു ഫൈറ്റിന് ഞാനില്ല’ ഗണേഷ് കുമാര്‍ പറഞ്ഞു. എല്ലവരുടെയും പിന്തുണ വേണമെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു ഉപദ്രവിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ‘മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ ഗണേഷ് കുമാറിനെതിരേ കോടതിയില്‍ കേസ് നടക്കുകയാണ്. ആ വിഷയം അന്വേഷിച്ച സിബിഐയുടെ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ വലിയ ഗൂഢാലോചന നടന്നുവെന്ന് പറയുന്നുണ്ട്. ആ ഗൂഢാലോചനയിലെ ഏറ്റവും പ്രധാന പങ്കാളിയാണ് ഗണേഷ് കുമാര്‍. അതുകൊണ്ട് അദ്ദേഹത്തെ മന്ത്രിയാക്കാനുള്ള തീരുമാനത്തില്‍നിന്ന് ഇടതുമുന്നണിയും മുഖ്യമന്ത്രിയും പിന്‍മാറണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്’ സതീശന്‍ പറഞ്ഞു.

ജനങ്ങളുടെ ഹൃദയത്തിലുള്ള ആളാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന് ഏറ്റവും പ്രായംചെന്ന സമയത്താണ് ഒരു ഇല്ലാത്ത കേസില്‍ കുടുക്കി അപമാനിക്കാന്‍ ശ്രമം നടത്തിയത്. ഇതുസംബന്ധിച്ച ഗൂഢാലോചനയിലെ പ്രധാന പങ്കാളിയെ മന്ത്രിയാക്കിക്കൊണ്ട് അധികാരത്തില്‍ വരാന്‍ കഴിഞ്ഞതിന് പിണറായി നന്ദി പ്രകടിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അത് ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും സതീശന്‍ പറഞ്ഞു.

Vijayasree Vijayasree :