സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ഗണേഷ് കുമാർ. സുരേഷ് ഗോപിക്ക് കട്ട് പറയാൻ ഞാൻ സംവിധായകനല്ല. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. എന്നാൽ ജനങ്ങളാണ് കട്ട് പറയേണ്ടത്. കമ്മിഷ്ണർ റിലീസ് ചെയ്തപ്പോൾ കാറിന് പിന്നിൽ എസ്.പിയുടെ തൊപ്പി വെച്ചിരുന്നയാളാണ് സുരേഷ് ഗോപി.
വർഷങ്ങൾക്ക് മുമ്പ് ഭരത് ചന്ദ്രൻ ഐ.പി.എസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പോലീസ് തൊപ്പി കാറിന്റെ പിന്നിൽ സ്ഥിരമായി വെച്ചിരുന്നത്. സാധാരണ ഉന്നത പദവിയിലുള്ള പോലീസുകാർ കാറിൽ യാത്ര ചെയ്യുമ്പോൾ അവരുടെ തൊപ്പി ഊരി സീറ്റിന്റെ പിന്നിൽ വയ്ക്കാറുണ്ട്.
അത്തരത്തിൽ സുരേഷ് ഗോപിയുടെ കാറിൽ കുറേക്കാലം എസ്.പിയുടെ ഐ.പി.എസ് എന്നെഴുതിയ തൊപ്പി വെച്ചിരുന്നു. അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന രീതിയിലായിരുന്നു വെച്ചിരുന്നത്. അത്രയേ അദ്ദേഹത്തെ കുറിച്ച് പറയാനുള്ളുവെന്നുമാണ് ഗണേഷ് കുമാർ വ്യക്തമാക്കിയത്.
എമ്പുരാനെതിരെ നടക്കുന്നത് സംഘപരിവാർ ആക്രമണമാണെന്നും സിനിമയ്‌ക്കെതിരായ ആക്രമണം അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നതാണെന്നും ഗണേഷ് കുമാർ പറഞ്ഞു. ജനാധിപത്യപരമായ വിമർശനമാവാം. എന്നാൽ അത് ഇങ്ങനെ ആകരുത്. സിനിമ ഒരു രാ്ഷ്ട്രീയ മാറ്റവും ഉണ്ടാക്കില്ല.
സിനിമയുടെ പേരിലുള്ള വിവാദം അനാവശ്യമാണ്. സിനിമ കണ്ട് അഭിനയം നന്നായെന്ന് പറയും. എന്ത് പറഞ്ഞാലും വിവാദമാക്കുകയാണ്. ജസ്റ്റ് റിമമ്പർ ദാറ്റ് എന്ന് പറഞ്ഞങ്ങ് പോകും. ഞാൻ ഒരുപാട് രാഷ്ട്രീയ സിനിമകളിൽ അഭിനയിച്ചതാണ്. യു.ഡി.എഫ് വിരുദ്ധ സിനിമകളായിരുന്നു ഏറെയും. എന്നിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നും ഗണേഷ് കുമാർ പറഞ്ഞു.