എങ്ങും ആർത്തനാദങ്ങൾ, പാതി വെന്ത ശരീരങ്ങളിൽ നിന്നും ആയുസ്സ് നീട്ടുവാനുള്ള യാചനകൾ. ഇനിയും മതിയായില്ലേ? ഇത്രയും പോരേ ക്രൂര വിനോദം

കരിപ്പൂര്‍ വിമാന ദുരന്തത്തെകുറിച്ചും നൊമ്പരപ്പെടുത്തുന്ന കുറിപ്പ് പങ്കുവെച്ച് പിന്നണി ഗായകൻ ജി വേണുഗോപാൽ. ഇനിയും മതിയായില്ലേ? ഇത്രയും പോരേ ക്രൂര വിനോദം ? എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ആറു മാസങ്ങളായി ലോകമെങ്ങും നടമാടുന്ന രോഗപീഢ, മരണ, ദുരിതങ്ങൾക്കിടയിൽ മനസ്സ് കുളിർക്കാൻ ഇടയ്ക്കിടയ്ക്കെത്തിയിരുന്നത് കനിവിൻ്റെയും അതിജീവനത്തിൻ്റെയും കഥകൾ മാത്രമായിരുന്നു. ഇപ്പോൾ, തുടർച്ചയായിത് മൂന്നാം വർഷവും കേരളത്തിൻ്റെ വടക്ക്, മദ്ധ്യ പ്രദേശങ്ങൾ പേമാരിയിൽ അടിഞ്ഞൊടുങ്ങുമ്പോൾ, ഭൂമി പിളർന്ന് ഉടലോടെ മനുഷ്യരെ വിഴുങ്ങുമ്പോൾ, “ഇത്രയും പോരാ ” എന്ന ഉഗ്ര ശാസനയോടെ വിധിയുടെ ഖഡ്ഗം ഇരുട്ടത്ത് വെട്ടിത്തിളങ്ങി വീണ്ടും ആഞ്ഞാഞ്ഞ് പതിക്കുന്നു. എങ്ങും ആർത്തനാദങ്ങൾ, പാതി വെന്ത ശരീരങ്ങളിൽ നിന്നും ആയുസ്സ് നീട്ടുവാനുള്ള യാചനകൾ. ഇനിയും മതിയായില്ലേ? ഇത്രയും പോരേ ക്രൂര വിനോദം

കൊട്ടിക്കയറിയ തായമ്പകയുടെ അവസാന കുട്ടപ്പൊരിച്ചിൽ പോലെ, തനിയാവർത്തന മേളയിൽ അതി ദ്രുതഗതിയിലെ വിന്യാസം പോലെ, വിധിയുടെ ഈ മൃഗീയ സിംഫണി ഇവിടെയവസാനിച്ചാലും! ഇനിയൊരു കലാശക്കൊട്ടിന് കാണികൾ അവശേഷിക്കുന്നുണ്ടാകില്ല, വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

Noora T Noora T :