വെള്ളമടിക്കുന്ന ഈ സിനിമകൾക്ക് എങ്ങനെയാണ് അംഗീകാരം കൊടുക്കുന്നത്, എന്ത് സന്ദേശമാണ് ഇതു നൽകുന്നത്?; വിമർശനവുമായി ജി.സുധാകരൻ

പുതിയകാല സിനിമകളെ വിമർശിച്ച് മുൻമന്ത്രി ജി.സുധാകരൻ. സിനിമകൾ മദ്യപാനം ആഘോഷമാക്കുന്നുവെന്നും ഇന്നത്തെ സിനിമകളൊന്നും നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നില്ലെന്നുമാണ് ജി സുധാകരൻ പറയുന്നത്. സിനിമകളൊന്നും നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നില്ല. സിനിമാതാരങ്ങളുടെ, തങ്ങൾ മഹാന്മാരും മഹതികളുമാണെന്ന ഓവർ നാട്യം, അവരെച്ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമായാണ് പെരുമാറുന്നത്.

മൂല്യാധിഷ്ഠിതമായി ഒന്നുമില്ല. എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോടുകൂടിയാണ്. നായകനും കൂട്ടുകാരും കൂടി വെള്ളമടിക്കുന്നു. ഇതൊക്കെ സാധാരണ ജീവിതക്രമമാക്കി മാറ്റിയിരിക്കുകയാണ്. അതുകണ്ട് നമ്മുടെ ചെറുപ്പക്കാർ വെള്ളമടിക്കുമ്പോൾ പൊലീസ് പിടിക്കുന്നു. അപ്പോ സിനിമാനടൻമാരെ പിടിച്ചുകൂടെ?

വെള്ളമടിക്കുന്ന ഈ സിനിമകൾക്ക് എങ്ങനെയാണ് അംഗീകാരം കൊടുക്കുന്നത്. എന്ത് സന്ദേശമാണ് ഇതു നൽകുന്നത്? മദ്യപാനം ആഘോഷമാക്കുകയാണ്. യൂറോപ്യൻ സിനിമയിൽ എവിടെങ്കിലും മദ്യപാനം ആഘോഷമാക്കുന്നത് കണ്ടിട്ടുണ്ടോ? അവര് സ്ഥിരമായി മദ്യപിക്കുന്നവരാണ്.

അവർക്കു തണുപ്പായതുകൊണ്ട് ഇതു കുടിച്ചേ പറ്റൂ. നമ്മൾ പച്ചവെള്ളം കുടിക്കുന്നതുപോലെയാണ് അവർക്കത്. അഭിപ്രായം പറയാൻ പാടില്ല. കൂട്ടായി ഒരു തെറ്റു പറഞ്ഞാലും തെറ്റാണെന്നു പറയാൻ പാടില്ല. ആ തെറ്റു തന്നെ ശരിയായി പൊക്കോണ്ടിരിക്കും. അതിനിശിതമായ സാമൂഹിക വിമർശനത്തിലൂടെയല്ലാതെ ഈ കേരളം നന്നാകാൻ പോകുന്നില്ല. അഗാധമായ ബൗദ്ധികമായ താഴ്ചയിലേക്കാണ് കേരളം പോകുന്നതെന്നും സുധാകരൻ പറഞ്ഞു.

Vijayasree Vijayasree :