ഇന്ന് സൗഹൃദം ആഘോഷിക്കപ്പെടുന്ന ദിനമാണ്. സിനിമയ്ക്കുള്ളിലെ സൗഹൃദവും ചർച്ച ചെയ്യപ്പെടുന്ന ദിനം. സിനിമ ലോകത്തെ ഉറ്റ സുഹൃത്തുക്കളാണ് അനു സിത്താരയും നിമിഷ സജയനും.
ഇപ്പോൾ അനു സിത്താരയും നിമിഷ സജയനും തങ്ങള്‍ കൂട്ടുകാര്‍ ആയതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. സൗഹൃദത്തിന് വര്‍ഷങ്ങളുടെ പരിചയമൊന്നും വേണമെന്നില്ലെന്നാണ് ഇരുവരുടെയും വാക്കുകളില്‍ നിന്നും പ്രേക്ഷകര്‍ക്ക് മനസിലാക്കാന്‍ കഴിയുക.
സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് അനു സിത്താരയും നിമിഷ സജയനും പരിചയപ്പെടുന്നത്. ചിങ്ങിണി എന്നാണ് അനുവിനെ നിമിഷ വിളിക്കുന്നത്. നിമിഷയെ അനു നിമ്മി എന്നും വിളിക്കും. സാധാരണ ആളുകളോട് സംസാരിക്കുമ്പോള്‍ സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ഉള്ള ആളാണ് ഞാന്‍. അങ്ങോട്ട് പോയി സംസാരിക്കാന്‍ ഒക്കെ മടിയാണ്. ഇങ്ങോട്ട് സംസാരിച്ചാല്‍ ഞാനും കൂളായി സംസാരിക്കുമെന്നാണ് അനു സിത്താര പറയുന്നത്.
എന്താണെന്ന് അറിയില്ല, ഒരു കുപ്രസിദ്ധ പയ്യന്റെ ലൊക്കേഷനില്‍ വെച്ച് നിമ്മിയെ കണ്ടപ്പോള്‍ ഞാന്‍ അങ്ങോട്ട് പോയി സംസാരിക്കുകയാണ് ചെയ്തത്. താളില്‍ കൈ ഒക്കെ ഇട്ട് കുറേ കാലമായി പരിചയമുള്ള ഒരാളോട് സംസാരിക്കുന്നത് പോലെയാണ് നിമ്മി എന്നോട് സംസാരിച്ചതെന്നും അനു സിത്താര ഓര്‍മ്മിക്കുന്നു.
കണ്ട ദിവസം തന്നെ ഞങ്ങള്‍ തമ്മില്‍ നല്ല കൂട്ടായി എന്നാണ് നിമിഷ സജയന്‍ പറയുന്നത്. നീ എപ്പോ എത്തി, എന്നൊക്കെ ചോദിച്ച് അന്ന് തുടങ്ങിയ സംസാരമാണ് ഞങ്ങളിപ്പോഴും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ഒരു സുഹൃത്ത് മാത്രമല്ല എനിക്ക് ചിങ്ങിണി. എന്റെ ചേച്ചിയെ പോലെയാണ്. സുഹൃത്തുക്കള്‍ ചിലപ്പോള്‍ നമുക്ക് വിഷമമായാലോ എന്നൊക്കെ ഓര്‍ത്ത് നമ്മുടെ തെറ്റുകളൊന്നും ചൂണ്ടി കാണിക്കാതെ ഇരിക്കുമല്ലോ. പക്ഷേ ചിങ്ങിണി അങ്ങനെയല്ല. എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ നീ ചെയ്തത് തെറ്റാണെന്ന് എന്റെ മുഖത്ത് നോക്കി തന്നെ പറയും. അതാണ് ചിങ്ങിണിയില്‍ എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യങ്ങളിലൊന്ന് എന്നും നിമിഷ വ്യക്തമാക്കി.
നിമ്മിയും അങ്ങനെ തന്നെയാണെന്നാണ് അനുവും പറയുന്നത്. എന്തുണ്ടെങ്കിലും പറയും. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല, എന്ന് തന്നെ പറയും. അത് കൊണ്ട് എനിക്കും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇവളുടെ അടുത്ത് ഞാന്‍ വിമര്‍ശിച്ചാലും അവള്‍ അത് ആ സെന്‍സില്‍ മാത്രമേ എടുക്കൂ. അങ്ങനെ ഒരു സുഹൃത്തിനെയായിരുന്നു എനിക്ക് ആവശ്യം.
അത് മാത്രമല്ല, പുതിയ സിനിമകളൊക്കെ കാണുമ്പോള്‍ നിമ്മി എന്നെ വിളിച്ച് പറയും. നല്ലതാണ് തീര്‍ച്ചയായും കാണണം എന്നൊക്കെ. സിനിമയെ വളറെ ഗൗരവമായി കാണുന്ന ഒരാളാണ് അവള്‍. അഭിനയത്തിനപ്പുറം സിനിമയുടെ മറ്റെല്ലാ വശങ്ങളും ശ്രദ്ധിക്കുകയും അതിനെ കുറിച്ച് പഠിക്കുകയും ഒക്കെ ചെയ്യുന്ന ഒരാള്‍. നാളെ ചിലപ്പോള്‍ ഇവളൊരു സംവിധായിക ഒക്കേ ആയേക്കാം എന്നും അനു പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിമാരുടെ നോമിനേഷനില്‍ അവസാനം വരെ പോരാടിയതും ഈ രണ്ട് കൂട്ടുകാരികളായിരുന്നു. അവസാന റൗണ്ടില്‍ അനു സിത്താരയും നിമിഷയും മുന്നിട്ട് നിന്നെങ്കിലും നിമിഷയെ തേടിയായിരുന്നു ഭാഗ്യമെത്തിയത്. അവാര്‍ഡ് പ്രഖ്യാപന സമയത്ത് ഇരുവരും ഒരേ വീട്ടില്‍ ഒന്നിച്ചിരുന്നായിരുന്നു കണ്ടത്.
അന്ന് മുതല്‍ നടിമാരുടെ സൗഹൃദത്തെ കുറിച്ച് ആരാധകര്‍ക്കും അറിയാം. പ്രഖ്യാപനം വന്നപ്പോള്‍ അത്ഭുതത്തോടെ ഇരിക്കുകയായിരുന്നു നിമിഷ ചെയ്തത്. എന്നാല്‍ സന്തോഷത്തോടെ നിമിഷയെ ചേര്‍ത്ത് നിര്‍ത്തി ഉമ്മ കൊടുത്തായിരുന്നു അനു സിത്താര സന്തോഷം പ്രകടിപ്പിച്ചത്. തനിക്ക് കിട്ടിയില്ലെങ്കിലും നിമിഷയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് സന്തോഷിക്കുന്ന അനു സിത്താരയ്ക്ക് പിന്നെ അഭിനന്ദന പ്രവാഹമായിരുന്നു.
friendship story of nimisha sajayn and anu sithara