മലയാള മിനിസ്‌ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ഇക്കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്. തൃശ്ശൂർ വടക്കുനാഥ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും താലികെട്ട്. പിന്നാലെ വമ്പൻ പാർട്ടിയും ഇരുവരും നടത്തിയിരുന്നു. വിവാഹത്തിന് ഒരാഴ്ച മുന്നേ തന്നെ വിവാഹ ആഘോഷ പരിപാടികൾക്ക് ഇരു കുടുംബവും തുടക്കമിട്ടിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
തങ്ങളുടെ ചെറിയ വിശേഷങ്ങൾ വരെ യൂട്യൂബ് ചാനലിലൂടെ ജി പിയും ഗോപികയും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു ആഘോഷത്തിന്റെ ഫോട്ടോ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ജിപി. ജൂൺ 28 ന് ജി പിയുടെയും ഗോപികയുടെയും വിവാഹം കഴിഞ്ഞിട്ട് ആറ് മാസം തികഞ്ഞിരിക്കുകയാണ്. ഇതിന‍്റെ ആഘോഷചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ജി പിയുടെ സുഹൃത്തുക്കളാണ് ഗോപികയ്ക്കും ജി പിക്കും സർപ്രൈസ് കൊടുത്തത്.
ഇരുവരും കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. എന്നാൽ മുഴുവൻ കേക്ക് ആയിരുന്നില്ല മുറിച്ചത്. പകുതി കേക്ക് ആയിരുന്നു തയ്യാറാക്കിയിരുന്നത്. നിരവധിപേരാണ് ഇവർക്ക് ആശംസയുമായി എത്തുന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഗോപികയ്ക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ജി പിക്കൊപ്പം ചേർന്ന ശേഷം ഗോപിക കൂടുതൽ ആക്ടീവ് ആയെന്നും ആരാധകർ പറയുന്നുണ്ട്.
സോഷ്യൽ മീഡിയയിലും ഗോപിക സജീവമാണ്. ഗോപികയുടെ പിറന്നാൾ ജി പി ഗംഭീരമായിട്ടാണ് ആണ് ആഘോഷിച്ചത്. ജി പിയുടെ പിറന്നാളിന് ഗോപിക പങ്കുവെച്ച കുറിപ്പും വൈറൽ ആയിരുന്നു. എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടപ്പെട്ടുപോകുന്നത് എന്ന് തനിക്ക് തന്നെ അത്ഭുതമായി തോന്നുന്നു എന്നാണ് ഗോപിക കുറിച്ചത്. കണ്ടുമുട്ടിയ അന്ന് മുതൽ നിങ്ങളിൽ ഞാൻ എത്രമാത്രം അലിഞ്ഞുപോയി എന്നത് തന്നെ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഗോപിക പറഞ്ഞിരുന്നു.
ജിപി വന്ന ശേഷം ഗോപികയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. മിനിസ്‌ക്രീനിൽ മാത്രം തിളങ്ങി നിന്നിരുന്ന താരം ബിഗ്‌സ്‌ക്രീനിലേയ്ക്ക് എത്തുകയാണ്. നായികയായി ആണ് താരം അഭിനയിക്കുന്നത് എന്നാണ് വിവരം. തന്റെ ഭാര്യ ഏറെ ഭാഗ്യവതിയാണ് എന്നാണ് ഗോപിക സിനിമയിൽ അഭിനയിക്കാൻ പോകുന്നതിനെക്കുറിച്ച് ജി പി പറഞ്ഞത്. മാളികപ്പുറം എന്ന ചിത്രത്തിന്റെ ടീം ആണ് സുമതി വളവ് എന്ന ചിത്രം ഒരുക്കുന്നത്. അർജുൻ അശോകനാണ് നായകൻ ആയി എത്തുന്നത്. നടൻ സുരേഷ് ഗോപിയാണ് ചിത്രം പ്രഖ്യാപിച്ചത്.
നടൻ ആണെങ്കിലും അവതാരകൻ എന്ന നിലയിലാണ് ജിപിയെ പ്രേക്ഷകർ അടുത്തറിയുന്നത്. എംജി ശശി സംവിധാനം ചെയ്ത ‘അടയങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജിപി മലയാളം പ്രേക്ഷകർക്കിടയിൽ പ്രശസ്തി നേടിയത്. തുടർന്ന ്‌നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ‘ഡാഡി കൂൾ,’ ‘ഐജി,’ ‘വർഷം’, ‘പ്രേതം 2’ എന്നിവ ജി പിയുടെ ശ്രദ്ധേയമായ ചില ചിത്രങ്ങളാണ്.
അതേസമയം, ഗോപികയാകട്ടെ ബാലതാരമായി ആണ് അഭിനയത്തിലേയ്ക്ക് എത്തുന്നത്. ‘ശിവം’, ‘ബാലേട്ടൻ’ തുടങ്ങിയ സിനിമകളിൽ ബാലതാരമായാണ് ഗോപിക തന്റെ കരിയർ ആരംഭിച്ചത്. ‘ബാലേട്ടൻ’ എന്ന ചിത്രത്തിൽ മോഹൻലാൽ കഥാപാത്രത്തിന്റെ മൂത്ത മകളുടെ വേഷമാണ് ഗോപിക അവതരിപ്പിച്ചത്.
അതേസിനിമയിൽ തന്നെ ഗോപികയുടെ അനുജത്തി കീർത്തന ഇളയ മകളായും അഭിനയിച്ചിരുന്നു. സാന്ത്വനം എന്ന സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെയാണ് ഗോപിക ശ്രദ്ധേയയായത്. അഭിനയ ജീവിതത്തോടൊപ്പം പഠനവും തുടർന്ന താരം ഒരു ആയുർവേദ ഡോക്ടർ കൂടിയാണ്.