‘ജോക്കര്‍: ഫോളി എ ഡ്യൂക്‌സ്’ പൂര്‍ത്തിയായി; ആകാംക്ഷയോടെ പ്രേക്ഷകര്‍

ഡിസി കഥാപാത്രത്തിന്റെ ഏറ്റവും രസകരമായ ചിത്രീകരണങ്ങളിലൊന്നാണ് ടോഡ് ഫിലിപ്‌സിന്റെ ‘ജോക്കര്‍’. ലോക പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗം ‘ജോക്കര്‍: ഫോളി എ ഡ്യൂക്‌സ്’ ചിത്രീകരണം ആരംഭിച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആണ്. 2024 ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തുന്ന ജോക്കര്‍2ന്റെ ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു.

വക്വിന്‍ ഫീനിക്‌സ് തന്നെ ആര്‍തറായി രണ്ടാം ഭാഗത്തിലും എത്തുമ്പോള്‍ പുതിയ ചിത്രത്തില്‍ ഹാര്‍ലി ക്വിന്‍ ആയി അഭിനയിക്കുന്നത് ലേഡി ഗാഗയാണ്. ഡിസി കോമിക്ക്‌സ് പ്രകാരം ജോക്കറുമായി പ്രണയത്തിലാകുന്ന കഥാപാത്രമാണ് ഹാര്‍ലി ക്വിന്‍. അര്‍ഖാം അസൈലത്തിലെ ജോക്കറിന്റെ സൈക്കാര്‍ട്ടിസ്റ്റായ ക്വിന്‍ അയാളുമായി പ്രണയത്തിലാവുകയും കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകുകയും ചെയ്യുന്നു.

ടോഡ് ഫിലിപ്‌സിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ‘ജോക്കര്‍’ ആദ്യ ഭാഗം മികച്ച വിജയം കൈവരിച്ചിരുന്നു. ഗോഥം സിറ്റിയിലുള്ള ആര്‍തര്‍ ഫ്‌ലെക്ക് എന്ന സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ എങ്ങനെ ജോക്കര്‍ എന്ന സൂപ്പര്‍വില്ലനായി മാറുന്നു എന്നാണ് സിനിമ പറയുന്നത്. 70 മില്യണ്‍ ഡോളര്‍ ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രത്തിന് 1.072 ബില്യണ്‍ ഡോളര്‍ കളക്ഷന്‍ ലഭിച്ചു.

2019ലെ ഏറ്റവും അധികം കളക്ഷന്‍ നേടിയ സിനിമകളില്‍ ആറാം സ്ഥാനമായിരുന്നു ജോക്കറിന്. സിനിമയിലെ പ്രകടനത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരവും ഫീനിക്‌സ് സ്വന്തമാക്കി. ജാക്വിന്‍ ഫീനിക്‌സിന് പുറമെ റോബര്‍ട്ട് ഡിനീറോ, സാസി ബീറ്റ്‌സ്, ബില്‍ കാമ്പ്, ബ്രെറ്റ് കുല്ലെന്‍, ജോഷ് പൈസ് തുടങ്ങിയവരാണ് ഒന്നാം ഭാഗത്തില്‍ ഉണ്ടായിരുന്നത്.

Vijayasree Vijayasree :