ഏറെ പ്രതീക്ഷയോടെ ആരംഭിച്ച് തകർന്നടിഞ്ഞു പോയ മലയാള സിനിമ നിർമ്മാണ കമ്പനികൾ…

ഏറെ പ്രതീക്ഷയോടെ ആരംഭിച്ച് തകർന്നടിഞ്ഞു പോയ മലയാള സിനിമ നിർമ്മാണ കമ്പനികൾ

സിനിമയെ വെല്ലുന്ന കഥകളാണ് പലപ്പോഴും സിനിമയുടെ പിന്നണിയിൽ സംഭവിക്കാറുള്ളത്. ഇത്തരം പിന്നാമ്പുറ കഥകൾ നമ്മളിൽ പലരും അറിയാറില്ലെന്ന് മാത്രം. പാരവയ്പ്പും തമ്മിലടിയും ഗുണ്ടായിസവുമൊക്കെയായി ഒരു കൊമേർഷ്യൽ സിനിമയുടെ ചേരുവകളെല്ലാം ചേർന്നതാണ് സിനിമയുടെ പിന്നാമ്പുറ കഥകളും

സിനിമാലോകത്തെ കുതികാൽ വെട്ടിനെക്കുറിച്ചും അടിയൊഴുക്കുകളെക്കുറിച്ചും മനസ്സിലാക്കണമെങ്കിൽ വളരെ പ്രതീക്ഷയോടെ ആരംഭിച്ച് പിന്നീട് തകർന്നടിഞ്ഞു പോയ നിർമ്മാണ കമ്പനികളുടെ ചരിത്രം അറിഞ്ഞാൽ മാത്രം മതിയാകും.

ഉദയ പിക്ച്ചേർസ്

മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം ചേർത്ത വെക്കേണ്ട ഒന്നാണ് ഉദയ എന്ന പേരും. ഇങ്ങനെയൊരു നിർമ്മാതാവ് ഇല്ലായിരുന്നുവെങ്കിൽ മലയാള സിനിമയുടെ വളർച്ച ഇത്രയും ഉണ്ടാകില്ലായിരുന്നു എന്ന് തന്നെ പറയാം. നടൻ കുഞ്ചാക്കോ ബോബന്റെ മുത്തശ്ശനായിരുന്ന കുഞ്ചാക്കോ 1942 ലാണ് ഉദയ പിക്ച്ചേർസ് സ്ഥാപിക്കുന്നത്. പിന്നീട 1947 ൽ ഉദയ സ്റ്റുഡിയോസ് ആലപ്പുഴയിൽ ആരംഭിക്കുകയും ചെയ്‌തു. മലയാളത്തിൽ ശ്രദ്ധേയമായ ഒരുപിടി സിനിമകളെ നിർമ്മിക്കുകയും, മലയാള സിനിമയുടെ വളർച്ചയിൽ വലിയ പങ്കുവഹിക്കുകയും ചെയ്‌ത ഉദയ കുഞ്ചാക്കോയുടെ മരണ ശേഷം വലിയ ചലനങ്ങൾ സൃഷ്ടിച്ചിട്ടില്ല.

കാസിനോ പ്രൊഡക്ഷൻസ്

നല്ല സിനിമകൾ മാത്രം നിർമ്മിക്കുക എന്ന ലക്ഷ്യം വെച്ച് കൊണ്ട് മമ്മൂട്ടി, മോഹൻലാൽ, ഐ വി ശശി, സീമ, കൊച്ചുമോൻ എന്നിവർ ചേർന്ന് തുടങ്ങിയ നിർമ്മാണക്കമ്പനിയായിരുന്നു കാസിനോ പ്രൊഡക്ഷൻസ്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ചാറ്റേർഡ് അക്കൗണ്ടുമാരുടെ ബുദ്ധിശൂന്യമായ ഇടപെടലാണ് ഈ കമ്പനിയുടെ തകർച്ചയ്ക്ക് പിന്നിൽ. അതിന്റെ ഫലമോ അടിയൊഴുക്കുകൾ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ് തുടങ്ങിയ നല്ല ചിത്രങ്ങൾ സമ്മാനിച്ച ഒരു കമ്പനി നാശത്തിന്റെ പടുകുഴിയിലേക്ക് പതിച്ചു.

ബോധിചിത്ര ഫിലിംസ്

ശ്രദ്ധേയമായ ഓരോ സിനിമകൾ മാത്രം സമ്മാനിച്ചുകൊണ്ട് തുടക്കവും ഒടുക്കവും ഒരുമിച്ച് ആഘോഷിച്ച ചില നിർമ്മാണക്കമ്പനികളും ഉണ്ട്. അതിൽ ഒന്നാണ് നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമ നിർമ്മിച്ച ബോധിചിത്ര ഫിലിംസ്. ഫാസിലും നവോദയ അപ്പച്ചനും ചേർന്ന് തുടങ്ങിയ ബോധിചിത്ര ഫിലിംസ് പിരിച്ചുവിട്ടപ്പോൾ പകരമായി സ്വർഗ്ഗചിത്ര എന്ന കമ്പനി ആരംഭിച്ചു. പിന്നീട്, സിദ്ദിഖ് ലാലിന്റെയും ഫാസിലിന്റെയും പല ഹിറ്റ് ചിത്രങ്ങളും ഒരുക്കിയത് സ്വർഗ്ഗചിത്ര ആയിരുന്നു

പ്രക്കാട്ട് ഫിലിംസ്

യാത്ര എന്ന സിനിമ നിർമ്മിച്ച പ്രക്കാട്ട് ഫിലിംസും ഒരു സിനിമയോടെ തുടക്കവും ഒടുക്കവും ഒരുമിച്ച് ആഘോഷിച്ച നിർമ്മാണ കമ്പനിയായിരുന്നു. യാത്ര ഒരു സൂപ്പർ ഹിറ്റായെന്ന മാത്രമല്ല ഒരുപാട് അവാർഡുകളും നേടിയെടുത്തിരുന്നു. എന്നാൽ ആ ഒരൊറ്റ സിനിമയോടെ പ്രക്കാട്ട് ഫിലിംസ് എന്ന നിർമ്മാണ കമ്പനി വേരറ്റു പോകുകയായിരുന്നു.

സെവൻ ആർട്സ്

മലയാള സിനിമയ്ക്ക് മറക്കാനാകാത്ത ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച നിർമാണ കമ്പനിയാണ് സെവൻ ആർട്സ്. ഉടമകൾ തമ്മിലുള്ള അഭിപ്രായഭിന്നതയാണ് സെവൻ ആർട്സിന്റെ തകർച്ചയ്ക്ക് വഴിവച്ചത്. സദയം, അപ്പു, കാതോട് കാതോരം തുടങ്ങി മലയാളികൾ എന്നെന്നും ഓർക്കുന്ന സിനിമകൾ നമുക്ക് സമ്മാനിച്ച ആ നിർമ്മാണ കമ്പനിയും തകർന്നു പോകുകയായിരുന്നു.

പ്രണവം

ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം തുടങ്ങിയ സൂപ്പർഹിറ്റുകൾ സമ്മാനിച്ച പ്രണവം കാലാപാനി, വാനപ്രസ്ഥം തുടങ്ങിയ സിനിമകളിലൂടെ വൻ സാമ്പത്തിക ബാധ്യത നേരിടേണ്ടി വന്നു. അവാർഡ് മാത്രം ലക്ഷ്യം വച്ചു നിർമ്മിച്ച വാനപ്രസ്ഥം വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലാണ് കമ്പനിയെ കൊണ്ടെത്തിച്ചത്. മോഹൻലാലിൻറെ ജീവിതാഭിലാഷമാണ് പ്രണവത്തിന്റെ പുനരുജ്ജീവനം. എന്നാൽ ഇൻഡസ്ട്രിയിലെ തന്നെ ഉള്ള ചിലർ ഇതിനു വിലങ്ങുതടി ആണെന്നാണ് സംസാരം.

ലിബർട്ടി പ്രൊഡക്‌ഷൻസ്

ഇടയ്ക്കു വച്ച് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നിർത്തിവയ്‌ക്കേണ്ടി വരുന്ന സിനിമകൾ ഏറ്റെടുത്ത് നിർമ്മിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ചിലരും ഉണ്ട്. അങ്ങനെയുള്ള ഒരു നിർമ്മാണ കമ്പനിയാണ് ലിബർട്ടി പ്രൊഡക്‌ഷൻസ്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങിങ്ങിന്റെ ഇടയിൽത്തന്നെയാണ് നായർ സാബ് എന്ന സിനിമയും നിർമ്മിക്കാൻ ഷിർദിസായി ക്രിയേഷൻസ് തീരുമാനിക്കുന്നത്. എന്നാൽ ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നായർ സാബ് ലിബർട്ടി ബഷീർ വാങ്ങുകയായിരുന്നു. ലിബർട്ടി പ്രോഡക്‌ഷൻസിന്റെ ബാനറിൽ വന്ന മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു ഇൻസ്‌പെക്ടർ ബൽറാം. അങ്ങനെ മറ്റുള്ളവരുടെ വീഴ്ചയിൽനിന്നും നേട്ടങ്ങളുണ്ടാക്കുന്നവരുടെ കഥയും മലയാള സിനിമയിൽ കുറവല്ല.

ഭാവചിത്ര

പെരുന്തച്ചൻ എന്ന ഒരു സിനിമ മാത്രം നിർമ്മിച്ചു പിന്നീട് മലയാള സിനിമ നിർമ്മാണ രംഗത്തേക്ക് വരാതിരുന്ന നിർമ്മാണ കമ്പനിയാണ് ഭാവചിത്ര. തിലകൻ, പ്രശാന്ത്, മോനിഷ തുടങ്ങിയവരെ പ്രധാനതാരങ്ങളാക്കി അജയൻ സംവിധാനം ചെയ്‌ത പെരുന്തച്ചൻ ആ വർഷത്തെ അവാർഡുകളെല്ലാം തന്നെ കരസ്ഥമാക്കിയിരുന്നു. മികച്ച നടൻ, മികച്ച സിനിമ, മികച്ച പുതുമുഖ സംവിധായകൻ, മികച്ച തിരക്കഥ എന്നെ സംസ്ഥാന അവാർഡുകളും, മികച്ച ഛായാഗ്രാഹകനുള്ള നാഷണൽ അവാർഡ്, ഫിലിം ഫെയർ അവാർഡ് തുടങ്ങി പെരുന്തച്ചന് കിട്ടിയ വാർഡുകൾ നിരവധിയായിരുന്നു. ആദ്യ സിനിമ ഇത്ര വലിയ ഒരു വിജയമായിരുന്നിട്ടും ഭാവചിത്ര പിന്നീട് സിനിമകൾ ഒന്നും തന്നെ നിർമ്മിച്ചില്ല.

ജൂബിലി പ്രൊഡക്ഷൻസ്

1983ൽ ‘ആ രാത്രി’ എന്ന ചിത്രം നിർമ്മിച്ചാണ് മലയാള സിനിമയിലേക്ക് ജൂബിലി പ്രൊഡക്ഷൻ കടന്ന് വരുന്നത്. ഉടമ കൂടിയായ ജോയ് തോമസ് രചിച്ച കഥ സംവിധാനം ചെയ്‌തത്‌ ജോഷിയായിരുന്നു. സംവിധായകൻ ജോഷിയുടെ മിക്ക ഹിറ്റുകളൂം പിറന്നത് ജൂബിലിയുടെ കൂടെയാണ്. നിറക്കൂട്ട്, ന്യൂ ഡൽഹി, മനു അങ്കിൾ, മറുപുറം തുടങ്ങി ഹിറ്റ് സിനിമകൾ നിർമ്മിച്ച ജൂബിലി 1992ൽ പുറത്തിറങ്ങിയ മൈ ഡിയർ മുത്തച്ഛൻ എന്ന സിനിമയോടെ മലയാള സിനിമയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.

ഷോഗൺ ഫിലിംസ്

കിലുക്കം, മിന്നാരം, അയ്യർ ദി ഗ്രേറ്റ്, നയം വ്യക്തമാക്കുന്നു, മായാ മയൂരം, സ്പടികം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് തുടങ്ങി ഒരു പിടി നല്ല മലയാള സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച നിർമ്മാണ കമ്പനി ആണ് ഷോഗൺ ഗുഡ്നൈറ്റ് മോഹൻ എന്ന പേര് പറഞ്ഞാലാകും ‘ഷോഗൺ ഫിലിംസ്’ എന്നതിനേക്കാൾ കുറച്ചു കൂടി ആളുകൾ മനസ്സിലാക്കുന്നത്. സീടൻ എന്ന തമിഴ് ചിത്രം 2011ൽ നിർമ്മിച്ചശേഷം പൂർണമായും നിർമാണത്തിൽ നിന്ന് അവർ പിന്മാറുകയായിരുന്നു.

ഫ്രൈഡേ ഫിലിം ഹൗസ്

പാർട്ട്ണേഴ്‌സ് തമ്മിലുമുള്ള അടിയും വഴക്കും കാരണം പാതി വഴിയിൽ പ്രവർത്തനം നിന്നുപോയവയും കുറവല്ല. വിജയ ബാബുവും സാന്ദ്രയും ചേർന്ന് നിർമ്മിച്ച ഫ്രൈഡേ ഫിലിം ഹൗസ് ഇത്തരത്തിൽ പ്രതിസന്ധിയിൽ അകപ്പെട്ട ഒരു നിർമ്മാണ കമ്പനി ആയിരുന്നു. യുവനിരയ്ക്ക് ഒരുപാട് അവസരങ്ങൾ ഒരുക്കി നൽകിയിരുന്ന ഈ കമ്പനി പിന്നീട് വിജയ് ബാബു ഒറ്റയ്ക്ക് നയിക്കുകയും ആട് 2 പോലുള്ള ബ്ലോക്ക്ബസ്റ്റർ സിനിമകൾ പിറവിയെടുക്കുകയും ചെയ്‌തു.

H 2 O മീഡിയ & പ്രൊഡക്ഷൻ

മമ്മൂട്ടിയും വി.എ ശ്രീകുമാർ മേനോനും ചേർന്ന് രൂപംകൊടുത്ത H 2 O മീഡിയ & പ്രൊഡക്ഷൻ എന്ന കമ്പനിക്കും സംഭവിച്ചത് ഫ്രൈഡേ ഫിലിംസിനു സംഭവിച്ച അതെ കാര്യങ്ങൾ തന്നെ ആയിരുന്നു. പാർട്ട്ണേഴ്‌സ് തമ്മിലുള്ള പ്രശ്‌നങ്ങൾ കമ്പനിയുടെ തകർച്ചയിലേക്ക് നയിച്ചു. പിന്നീടൊരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ടായതുമില്ല. മമ്മൂട്ടി പിന്നീട് സ്വന്തം നിർമ്മാണ കമ്പനി തുടങ്ങുകയായിരുന്നു.

റെഡ് കാർപ്പറ്റ് മൂവീസ്

അൻവർ എന്ന സൂപ്പർ ഹിറ്റ് സിനിമ നിർമ്മിച്ച റെഡ് കാർപ്പറ്റ് എന്ന സിനിമ നിർമ്മാണ കമ്പനിയും പിന്നീട് മലയാളത്തിൽ സജീവമായില്ല. ഒരൊറ്റ സിനിമയോടെ ചില പ്രശ്നങ്ങളിൽ അകപ്പെട്ട അവർ നിർമ്മാണ രംഗത്തേക്കും വിതരണ രംഗത്തേക്കും കടക്കാതെ ഇരിക്കുകയായിരുന്നു.

ഇങ്ങനെ പരസ്പരം ചതിച്ചും കുതുകാൽ വെട്ടിയും കളിച്ചും കളി പഠിപ്പിച്ചും ഒരുകൂട്ടം ആളുകൾ വന്നും പോയുമിരിക്കുന്ന സിനിമാലോകം ഇന്നും പലരുടെയും പ്രത്യേകിച്ച് ഗൾഫ് മലയാളികളുടെ സ്വപ്നമേഖലയാണ്. ബിഗ് ബജറ്റ് ചിത്രങ്ങളുടെ ലോകമായി മലയാള സിനിമകൾ മാറുമ്പോൾ നാം ഓർക്കേണ്ട ഒരു കാര്യം ഉയരം കൂടുന്തോറും വീഴ്ചയുടെ ആഘാതവും വലുതായിരിക്കും എന്നതാണ്. ഒരു മേശയ്ക്കു ചുറ്റും ഇരുന്നു സംസാരിച്ചു തീർക്കാവുന്ന വിഷയങ്ങൾ ഈഗോയുടെയും മറ്റും പേരിൽ നിർമ്മാതാക്കളെ വലിയ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കുമൊക്കെ എത്തിക്കുന്ന പ്രവണത അവസാനിപ്പിച്ച് നല്ല സിനിമകൾ എന്ന ലക്ഷ്യത്തോടെ എല്ലാവരും മുന്നോട്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Flop Malayalam movie production houses

Abhishek G S :