ലിയോ പ്രദര്‍ശനം നടന്ന തിയേറ്ററില്‍ തീപിടുത്തം

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ലിയോ സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ തീപിടുത്തം. ചെര്‍പ്പുളശ്ശേരിയിലെ ദേവീ മൂവീസിലാണ് തീപിടുത്തമുണ്ടായത്. സിനിമ പ്രദര്‍ശനം നടക്കുമ്പോള്‍ തിയേറ്ററിനുള്ളില്‍ 15 പേരാണ് ഉണ്ടായിരുന്നത്. തിയേറ്ററില്‍ പുക പടര്‍ന്നതും ആളുകള്‍ പുറത്തേയ്ക്ക് ഇറങ്ങി ഓടി.

പ്രൊജക്ടര്‍ ക്യാബിന്റെ അടുത്തു നിന്നാണ് തീപടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്നയുടനെ വിവരം അറിഞ്ഞ് ഫയര്‍ഫോഴ്‌സ് യൂനിറ്റ് സ്ഥലത്തെത്തി. ഉടന്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

തിയേറ്ററില്‍ പുക ഉയര്‍ന്നതോടെ ഫയര്‍ എക്‌സിറ്റിങ് ഗ്യൂഷര്‍ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കാന്‍ തിയറ്ററിലെ ജീവനക്കാര്‍ ശ്രമിച്ചു. ഫയര്‍ഫോഴ്‌സെത്തി തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയശേഷം വിശദമായി പരിശോധിച്ചശേഷമാണ് മടങ്ങിയത്.

സംഭവത്തെതുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ പരിശോധനക്കുശേഷമെ തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.

അതേ സമയം റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് ലിയോ, ലോകേഷ് കനകരാജും വിജയ്‌യും ഒന്നിച്ച ചിത്രമായ ലിയോ പ്രതീക്ഷകള്‍ക്കപ്പുറത്തെ വിജയമാണ് നേടിയിരിക്കുന്നത്. ഗള്‍ഫിലും ദളപതി വിജയ്‌യുടെ ലിയോയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ്.

ദളപതി വിജയ് നായകനായി എത്തിയ ചിത്രമായ ലിയോ ലോകമെമ്പാടും വന്‍ സ്വീകാര്യതയാണ് നേടുന്നത്. തമിഴകത്ത് നിന്ന് മാത്രമായി 200 കോടി രൂപയിലധികം വിജയ്!യുടെ ലിയോ നേടുകയും റെക്കോര്‍ഡായി മാറുകയും ചെയ്തിരുന്നു.

എന്തായാലും തമിഴകത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രമായിരിക്കുകയാണ് ലിയോ. ഏതൊക്കെ റെക്കോര്‍ഡുകളാണ് വിജയ് നായകനായ ചിത്രം ലിയോ മറികടക്കുക എന്ന വ്യക്തമാകാന്‍ ഇനിയും കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കണം.

Vijayasree Vijayasree :