ധനുഷിന്റെ സിനിമാ സെറ്റിൽ തീപിടുത്തം; സെറ്റ് പൂർണമായും കത്തി നശിച്ചു

ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി ആണ്ടിപ്പെട്ടി ​ഗ്രാമത്തിലാണ് സംഭവമെന്നാണ് പുറത്ത് വരുന്ന വിവരം. ആർക്കും പരിക്കേറ്റിട്ടില്ല.

സെറ്റ് പൂർണമായും കത്തിനശിച്ചു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആണ്ടിപ്പെട്ടിയിലെ ഷെഡ്യൂൾ പൂർത്തിയാക്കി മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പുറത്തുവന്ന തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ചെറിയ തീപിടിത്തം ശക്തമായ കാറ്റിൽ സെറ്റാകെ പടർന്നുപിടിക്കുകയായിരുന്നു. തേനിയിലെ തന്നെ മറ്റൊരു സ്ഥലത്തേക്ക് ഷൂട്ട് ആരംഭിച്ചെങ്കിലും ആണ്ടിപ്പെട്ടിയിൽ നിർമിച്ച സെറ്റ് അണിയറപ്രവർത്തകർ പൊളിച്ചുമാറ്റിയിരുന്നില്ല. അപകടസമയത്ത് സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല.

ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇഡ്ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തിലെ നായകൻ. നിത്യ മേനോൻ, സത്യരാജ്, അരുൺ വിജയ് എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്യുന്നു. ഒക്ടോബറിലാണ് ഇഡ്ലി കടൈ തിയേറ്ററുകളിലെത്തുന്നത്.

തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ഇഡ്ലി കടൈ. പാ പാണ്ടി, രായൻ, നിലാവ്ക്ക് എൻ മേൽ എന്നടി കോപം എന്നീ ചിത്രങ്ങളാണ് നേരത്തെ ധനുഷ് സംവിധാനം ചെയ്തത്.

Vijayasree Vijayasree :