ഇവന് വേണ്ടി ഇത്രയും പണം ചെലവഴിക്കാന്‍ ആര് പറഞ്ഞു…? വിജയ് ദേവരക്കൊണ്ടയ്‌ക്കെതിരെ ഫിലിം മേക്കര്‍

ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് വിജയ് ദേവരക്കൊണ്ട. വളരെപ്പെട്ടെന്നാണ് തെന്നിന്ത്യ മുഴുവന്‍ താരം ആരാധകരെ സ്വന്തമാക്കിയത്. അര്‍ജുന്‍ റെഡി എന്ന സിനിമയിലൂടെ ആണ് വിജയ് ദേവരകൊണ്ടയുടെ കരിയര്‍ മാറി മറിഞ്ഞത്. എന്നാല്‍ അര്‍ജുന്‍ റെഡി ഉണ്ടാക്കിയ വിജയം പിന്നീട് നടന് ആവര്‍ത്തിക്കാനായില്ല.

ഡിയര്‍ കംറേഡ്, വേള്‍ഡ് ഫേയ്മസ് ലൗവര്‍ തുടങ്ങിയ സിനിമകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ഇതിന് ശേഷം ഏറെ ഹൈപ്പുകളോടെ റിലീസ് ചെയ്ത സിനിമ ആയിരുന്നു ലൈഗര്‍. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമ ആയിരുന്നു ഇത്. പാന്‍ ഇന്ത്യന്‍ തലത്തില്‍ റിലീസ് ചെയ്ത സിനിമ പക്ഷെ വന്‍ പരാജയം ആണ് ഏറ്റുവാങ്ങിയത്.

കനത്ത പരാജയം മൂലം പ്രതിഫലമായി വാങ്ങിയ തുകയില്‍ നിന്നും ആറ് കോടി നടന്‍ തിരിച്ചു കൊടുത്തെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലൈഗര്‍ റീലീസ് ചെയ്ത് കഴിഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും സിനിമയുടെ പരാജയം സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ തുടരുകയാണ്. പരാജയം കനത്ത നഷ്ടമുണ്ടാക്കിയതിനാല്‍ നിര്‍മാതാക്കള്‍ നഷ്ട പരിഹാരം തരണമെന്നാണ് വിതരണക്കാര്‍ ആവശ്യപ്പെടുന്നത്.

ഇതിനായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ സമരം നടത്തുകയാണ് വിതരണക്കാര്‍. സമരക്കാര്‍ക്കെതിരെ ചിത്രത്തിന്റെ സംവിധായകനും കോ പ്രൊഡ്യൂസറുമായ പൂരി ജഗന്നാഥ് രംഗത്ത് വന്നിട്ടുണ്ട്. തെലുങ്ക് സിനിമാ ലോകത്ത് വലിയ വിവാദമായിരിക്കുകയാണ് വിഷയം. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് പ്രമുഖ തെലുങ്ക് ഫിലിം മേക്കറായ താമരറെഡി ഭരദ്വാജ്. വിജയ് ദേവരകൊണ്ടയുടെ സിനിമ എന്തിനാണ് ഇത്ര വില കൊടുത്ത് വാങ്ങിയതെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്.

‘വിജയ് ദേവരകൊണ്ടയ്ക്ക് മേല്‍ ഇത്രയും പണം ചെലവഴിക്കാന്‍ ആര് പറഞ്ഞു. അവന്റെ മാര്‍ക്കറ്റും മുന്‍ സിനിമകളും എങ്ങനെയാണ് പെര്‍ഫോം ചെയ്തതെന്നും ഇവര്‍ക്കറിയില്ലേ. ഒരു സിനിമയ്ക്ക് അധികം പണം ചെലവഴിച്ചിട്ട് പരാജയപ്പെടുമ്പോള്‍ നഷ്ടപരിഹാരം ചോദിക്കാന്‍ പറ്റില്ല. അത് ശരിയായ രീതി അല്ല. ശരിയായ കണക്കുകൂട്ടലില്‍ വിതരണക്കാര്‍ സിനിമ വാങ്ങണം. ആരും അവരോട് സിനിമ വാങ്ങാന്‍ ആവശ്യപ്പെടുന്നില്ല. പൂരി ജഗന്നാഥ് ഇവരുടെ വീട്ടില്‍ പോയി സിനിമ വാങ്ങാന്‍ അപേക്ഷിച്ചോ’ താമരറെഡി ഭരദ്വാജ് ചോദിച്ചു.

Vijayasree Vijayasree :