റാം പോതിനെനി നായകനായി എത്തിയ പുരി ജഗന്നാഥിൻറെ വരാനിരിക്കുന്ന ചിത്രമാണ് ഡബിൾ ഐസ്‌മാർട്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ചിത്രത്തിലെ മാർ മുൻത ചോഡ് ചിന്ത എന്ന ഗാനം പുറത്തെത്തിയത്. എ്നനാൽ ഈ ഗാനം വലിയ വി വാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് പ്രസിഡൻറുമായ കെ ചന്ദ്രശേഖർ റാവുവിൻറെ ഒരു വാചകം പാട്ടിൽ ഉപയോഗിച്ചുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ഭാരതീയ രാഷ്ട്ര സമിതി മുതിർന്ന നേതാവ് രജിത റെഡ്ഡി സംവിധായകനും അണിയറപ്രവർത്തകർക്കുമെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
സിനിമയിലെ ഐറ്റം സോംഗിൽ ‘അശ്ലീല’ പ്രയോഗമെന്ന രീതിയിൽ മുൻ മുഖ്യമന്ത്രി പറഞ്ഞ വാചകം ഉപയോഗിച്ചുവെന്നാണ് പരാതി. ഇത് മുൻ മുഖ്യമന്ത്രിയോടുള്ള അനാദരവാണ് എന്നും അദ്ദേഹത്തെ അപമാനിക്കലാണെന്നുമാണ് പറയുന്നത്. മാത്രമല്ല, ഇതേ കുറിച്ച് പോലീസ് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
ജൂലൈ 16 ന് ആണ് മാർ മുൻത ചോഡ് ചിന്ത എന്ന ഐറ്റം ഗാനം പുറത്തെത്തിയത്. ബോളിവുഡ് നടി കാവ്യ ഥപ്പറാണ് റാം പോതിനെനിക്കൊപ്പം ഈ ഗാനത്തിൽ ഡാൻസ് ചെയ്യുന്നത്. ഇതിനോടകം തന്നെ ഈ ഗാനം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രം ഉടൻ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ടീം.
സഞ്ജയ് ദത്ത് ശക്തമായൊരു കഥാപാത്രത്തെ ‘ഡബിൾ ഐസ്‌മാർട്ട്’ൽ അവതരിപ്പിക്കുന്നുണ്ട്. കിടിലൻ സ്റ്റൈലിഷ് മേക്കോവർ റാം പൊതിനേനിയും ചിത്രത്തിനായി നടത്തിയിട്ടുണ്ട്.
ഡബിൾ ആക്ഷൻ, ഡബിൾ മാസ്സ്, ഡബിൾ വിനോദം എന്നിവയാണ് ഈ ചിത്രത്തിലൂടെ ടീം ഉറപ്പുനൽകുന്നത്.
2019 ജൂലൈ 18-ന് റിലീസ് ചെയ്ത ‘ഐസ്‌മാർട്ട് ശങ്കർ’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ‘ഡബിൾ ഐസ്‌മാർട്ട്’. റാം പോത്തിനേനിയും പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന ഈ സിനിമക്കായ് വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ‘ഐസ്‌മാർട്ട് ശങ്കർ’ ഉൾപ്പെടെ നിരവധി സിനിമകളിൽ പുരി ജഗന്നാഥിന് വേണ്ടി സംഗീതം ഒരുക്കിയ മണി ശർമ്മയാണ് ‘ഡബിൾ ഐസ്‌മാർട്ട്’ന്റെയും സംഗീതസംവിധായകൻ.