സിനിമ മേഖലയിലെ തൊഴിലാളികള്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ ഇന്ന് കൊച്ചിയില്‍ ഒത്തുകൂടും. തൊഴിലാളി സംഗമം പ്രമാണിച്ച് മലയാള ചലച്ചിത്ര, സീരിയല്‍, വെബ് സീരീസ് ചിത്രീകരണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചു.
സംഗമത്തില്‍ ഫെഫ്ക അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് നടക്കും. ഫെഫ്കയിലെ 21 യൂണിയനുകളില്‍ നിന്നായി 5000ത്തിലേറെ സാങ്കേതിക പ്രവര്‍ത്തകരാണ് പങ്കെടുക്കുക. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 10 മണിയ്ക്കാണ് പരിപാടി.
മോഹന്‍ലാല്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ്, ജനാര്‍ദനന്‍, സിദ്ദിഖ്, ഉര്‍വശി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളും ചടങ്ങിലെത്തും. ഇന്ത്യന്‍ സിനിമ മേഖലയില്‍ ഇതാദ്യമായാണ് ചലച്ചിത്ര മേഖലയിലെ ഒരു തൊഴിലാളി സംഘടന ഇന്‍ഷുറന്‍സ് കമ്പനികളെ ആശ്രയിക്കാതെ സ്വന്തമായി രൂപീകരിച്ച വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ച് അംഗങ്ങളുടെ ചികിത്സാ ചെലവ് വഹിക്കുന്നതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഒരംഗത്തിന് പ്രതിവര്‍ഷം മുന്ന് ലക്ഷം രൂപ വരെയുള്ള ആശുപത്രി ചെലവാണ് വഹിക്കുക. ഇതില്‍ ഭൂരിപക്ഷം അംഗങ്ങളുടെ വിഹിതം അതത് അംഗ സംഘടനയാണ് വഹിച്ചത്. എപ്രില്‍ ഒന്ന് മുതലാണ് പദ്ധതി പ്രാബല്യത്തില്‍ വരിക. ഇതോടൊപ്പം കുടുംബങ്ങള്‍ അടുത്തില്ലാത്ത ഘട്ടത്തില്‍ ആശുപത്രി ചികിത്സ വേണ്ടിവരുന്ന അംഗങ്ങളെ സഹായിക്കാന്‍ ബൈസ്റ്റാന്‍ഡറെ ഫെഫ്ക നിയോഗിക്കും.