2018 ലെ മികച്ച ഇന്ത്യൻ ചിത്രമായി ഈമയൗ വിനെ തിരഞ്ഞെടുത്തു !

2018ലെ മികച്ച ഇന്ത്യന്‍ ചിത്രത്തിനുള്ള ഇന്ത്യന്‍ ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ (എഫ്‌സിസിഐ) പുരസ്‌കാരം കരസ്ഥമാക്കി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗ. രാജ്യത്തെ പ്രധാനപ്പെട്ട 23 നിരൂപകരുടെ വോട്ടിങ്ങിലൂടെയാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ചിത്രമായി ‘ഈമയൗ’ തെരഞ്ഞെടുത്തത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളോട് മത്സരിച്ചാണ് മലയാളത്തിന്റെ ഈമയൗ പുരസ്‌കാരം സ്വന്തമാക്കിയത്. രാഹി അനില്‍ ബാര്‍വെയുടെ ‘തുംബാദ്’, റിമാ ദാസിന്റെ ‘ബുള്‍ബുള്‍ കാന്‍ സിങ്ങ്’, ആദിത്യ വിക്രം സെന്‍ഗുപ്തയുടെ ‘ജോനകി’ എന്നിവയെ അവസാന റൗണ്ടില്‍ പരാജയപ്പെടുത്തി. ‘ഭയാനകം’, ‘മാന്റോ’, ‘പരിയേറും പെരുമാള്‍’, ‘സുഡാനി ഫ്രം നൈജീരിയ’, ‘വട ചെന്നൈ’ തുടങ്ങിയ ചിത്രങ്ങള്‍ ആദ്യ റൗണ്ടിലെത്തിയിരുന്നു.

മുമ്പ് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ചിത്രം രണ്ട് പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. ലിജോ ജോസ് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ചെമ്പന്‍ വിനോദ് ജോസ് മികച്ച നടനുള്ള പുരസ്‌കാരവും നേടി. ഐഎഫ്എഫ്കെയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും ചിത്രം നേടിയിരുന്നു.

സമുദ്ര തീരനഗരമായ കൊച്ചിയിലൂടെ കടന്നുപോയ പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് അധിനിവേശങ്ങള്‍ ശേഷിപ്പിച്ച സാംസ്‌കാരികമായ അടിമണ്ണില്‍ നിന്നു ഊറിക്കൂടിയതാണ് ‘ഈ.മ.യൗ.’വിന്റെ പ്രമേയപരിസരം. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍.

പിഎഫ് മാത്യൂസിന്റെ ചാവുനിലം എന്ന നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ രചിച്ച സ്ക്രിപ്റ്റ് ആണ് ഈ മ യൗ. 18 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

fcci best award 2018 award got ee ma yau

HariPriya PB :