ലാലേട്ടൻ കാണിക്കുന്ന സ്നേഹത്തിന്റെ കഥകൾ ധാരാളം കേട്ടിട്ടുണ്ടെങ്കിലും അതിന്റെ അർത്ഥവും വ്യാപ്‌തിയും മനസ്സിലായത് നേരിൽ കണ്ടപ്പോഴാണ് !! ആരാധകന്റെ കുറിപ്പ് വൈറലാകുന്നു…..

ലാലേട്ടൻ കാണിക്കുന്ന സ്നേഹത്തിന്റെ കഥകൾ ധാരാളം കേട്ടിട്ടുണ്ടെങ്കിലും അതിന്റെ അർത്ഥവും വ്യാപ്‌തിയും മനസ്സിലായത് നേരിൽ കണ്ടപ്പോഴാണ് !! ആരാധകന്റെ കുറിപ്പ് വൈറലാകുന്നു…..

സ്വന്തം ആരാധകരെ അനിയന്മാരെ പോലെ കാണുന്ന സൂപ്പർതാരങ്ങൾ വളരെ കുറവാണ്. ആരാധകരെ ചേർത്ത് പിടിക്കുന്ന, അവരെ കൂടെ കൂട്ടുന്ന ആരാധകരുടെ സ്വന്തം ‘ഏട്ടൻ’ ആണ് മോഹൻലാൽ. കേരളത്തിലെ മോഹൻലാൽ ആരാധകരായ ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർത്ഥികളുടെയും കൂട്ടായ്മയാണ് ‘നിർണ്ണയം’. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് നടന്ന ചടങ്ങില്‍ ലാലേട്ടനും എത്തിയിരുന്നു. ആ സന്ദര്‍ഭത്തില്‍ ലാലേട്ടനെ കാണാന്‍ കഴിഞ്ഞതും, ഒപ്പം ചേര്‍ന്ന് നിന്ന് ഫോട്ടോ എടുക്കാന്‍ സാധിച്ചതും ഒരത്ഭുതമായി തോന്നിയ സന്ദീപ്‌ ദാസ് എന്ന ആരാധകന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരിക്കുന്നത്. ലാലേട്ടൻ ആരാധകരോട് കാണിക്കുന്ന സ്‌നേഹത്തെ കുറിച്ചുള്ള കുറിപ്പ് നമുക്കൊന്ന് വായിക്കാം…

സന്ദീപിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

കേരളത്തിലെ മോഹൻലാൽ ആരാധകരായ ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർത്ഥികളുടെയും കൂട്ടായ്മയാണ് ‘നിർണ്ണയം’.ഞാൻ അതിൻ്റെ ഭാഗമല്ലെങ്കിലും എൻ്റെ ധാരാളം സുഹൃത്തുക്കൾ ആ കൂട്ടായ്മയിലുണ്ട്.കഴിഞ്ഞദിവസം നിർണ്ണയത്തിൻ്റെ ജീവനാഡിയായ ഡോ.ദീപക് എന്നെ ഫോണിൽ വിളിച്ച് പറഞ്ഞു-

”സന്ദീപേ.നിർണ്ണയത്തിൻ്റെ ഒരു ചടങ്ങ് തിരുവനന്തപുരത്ത് വെച്ച് നടക്കുന്നുണ്ട്.ലാലേട്ടൻ പങ്കെടുക്കും.വരുന്നുണ്ടോ…? ”

”വരും” എന്ന മറുപടി കൊടുക്കാൻ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.മോഹൻലാലിനെ കാണാനുള്ള അവസരം ഞാനെങ്ങനെ പാഴാക്കും!? കുഞ്ഞുനാൾ മുതൽ ആരാധിക്കുന്ന മനുഷ്യനാണ്.എന്നെ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ചിട്ടുള്ള അഭിനേതാവാണ് ! അടുത്ത ട്രെയിനിൽ തലസ്ഥാനനഗരിയിലേക്ക് വെച്ചുപിടിച്ചു.ആത്മമിത്രവും ഡോക്ടറുമായ ബെബെറ്റോയും ഒപ്പം ഉണ്ടായിരുന്നു.

താജ് ഹോട്ടലിൻ്റെ റൂമിൽ ഞങ്ങൾ-ഏകദേശം മുപ്പതോളം പേർ-അദ്ദേഹത്തെ കാത്തിരുന്നു.എല്ലാവരും ആകാംക്ഷാഭരിതരായിരുന്നു.എൻ്റെ ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു.ജീവിതാഭിലാഷമല്ലേ പൂവണിയാൻ പോകുന്നത് ! എങ്ങനെ ലാലേട്ടനെ അഭിമുഖീകരിക്കും എന്ന കാര്യത്തിൽ ചെറുതല്ലാത്ത പരിഭ്രമം ഉണ്ടായിരുന്നു.

പെട്ടന്നാണ് അദ്ദേഹം ഞങ്ങൾക്കിടയിലേക്ക് കടന്നുവന്നത്.ഏതാണ്ട് നാലു ദശകങ്ങളായി മലയാളസിനിമ അടക്കിഭരിക്കുന്ന അതേ മനുഷ്യൻ.പക്ഷേ അതിൻ്റെ സൂചനകളൊന്നും ലാലേട്ടൻ്റെ ശരീരഭാഷയിൽ കണ്ടില്ല.സാധാരണക്കാരിൽ സാധാരണക്കാരനായ ഒരുവനെപ്പോലെയായിരുന്നു പെരുമാറ്റം.ഇതോടെ ഞങ്ങളുടെ പേടിയെല്ലാം പമ്പകടന്നു.

ഞങ്ങൾ ഒാരോരുത്തരെയായി അടുത്തുവിളിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു.ഫോട്ടോ ക്ലിയറാവുന്നില്ലേ,ലൈറ്റ് ആവശ്യത്തിന് ഇല്ലേ എന്നൊക്കെ ലാലേട്ടൻ കൂടെക്കൂടെ അന്വേഷിക്കുന്നുണ്ടായിരുന്നു.ഫോട്ടോ എടുക്കേണ്ടത് പുള്ളിയുടെ ആവശ്യമാണ് എന്നത് പോലെ !

എൻ്റെ ഊഴം വന്നപ്പോൾ ഞാൻ ധൈര്യമായി അടുത്തുചെന്നു.നേരിൽക്കാണുന്നത് ആദ്യമായിട്ടാണെങ്കിലും ആ മനുഷ്യൻ എൻ്റെ സ്വന്തമാണെന്ന ധാരണ എൻ്റെയുള്ളിൽ എപ്പോഴോ വേരുറച്ചുപോയിരുന്നു.അതുകൊണ്ട് ഞാൻ ലാലേട്ടനെ ചേർത്തുപിടിച്ചു.അദ്ദേഹം എന്നെയും.ഫോട്ടോ എടുത്തതിനുശേഷം പുറത്ത് തട്ടിയാണ് വിട്ടത്.ഇതുപോലുള്ള സ്നേഹം നിറഞ്ഞ സമീപനം ഞങ്ങളെല്ലാവരും അനുഭവിച്ചു.ലാലേട്ടൻ ആരാധകരോട് കാണിക്കുന്ന സ്നേഹത്തിൻ്റെ കഥകൾ ധാരാളം കേട്ടിട്ടുണ്ടെങ്കിലും അതിൻ്റെ അർത്ഥവും വ്യാപ്തിയും മനസ്സിലായത് നേരിൽക്കണ്ടപ്പോഴാണ്.

തുടർന്ന് കേക്ക് മുറിച്ചുകൊണ്ട് ചെറിയ ഒരാഘോഷം. ഷൂട്ടിങ്ങുള്ളതുകൊണ്ട് ലാലേട്ടന് വേഗം പോകേണ്ടതുണ്ടായിരുന്നു.ഞങ്ങളോട് സോറി പറഞ്ഞിട്ടാണ് അദ്ദേഹം പോയത്.ഞാൻ അത്ഭുതപ്പെട്ടുപോയി.ഒരു സൂപ്പർസ്റ്റാറിന് ഇത്രയും വിനയമോ!?

തുറന്നുപറയാമല്ലോ.ഞാൻ ഒരു വലിയ മോഹൻലാൽ ആരാധകനാണ്.ലാലിനെ കുറ്റം പറഞ്ഞ് പബ്ലിസിറ്റി നേടുക എന്നതാണ് ഫെയ്സ്ബുക്കിലെ ഇപ്പോഴത്തെ ട്രെൻ്റ്.അതിനൊപ്പം സഞ്ചരിക്കാൻ ഏതായാലും താത്പര്യമില്ല.അത്യാവശ്യം വായനക്കാരും ഫോളോവേഴ്സുമുള്ള ഫെയ്സ്ബുക്ക് പ്രൊഫൈലുകൾ ശ്രദ്ധിച്ചാൽ അറിയാം.അവരെല്ലാം മോഹൻലാൽ വിരുദ്ധത മുഖമുദ്രയാക്കിയവരായിരിക്കും.അർഹിക്കുന്ന അവസരങ്ങളിൽ വിമർശിക്കുന്നതിൽ തെറ്റൊന്നുമില്ല.പക്ഷേ ലാൽ എന്തു ചെയ്താലും കുറ്റം കണ്ടെത്തുക എന്നതാണ് പുതിയ രീതി.സൂപ്പർതാരങ്ങളെ പുകഴ്ത്തിയാൽ ബുദ്ധിജീവിപ്പട്ടം കൈമോശം വരുമെന്നാണ് പല സ്വയം പ്രഖ്യാപിത ഫെയ്സ്ബുക്ക് സെലിബ്രിറ്റികളുടെയും ധാരണ !

ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ നൽകിയ തുക കുറഞ്ഞുപോയി എന്നാണ് ചിലരുടെ പരാതി ! ആരെല്ലാം കൊടുത്തു എന്ന് അന്വേഷിക്കുന്നത് മനസ്സിലാക്കാം.പക്ഷേ ആരൊക്കെ എത്ര തുക കൊടുത്തു എന്ന് ചിക്കിച്ചികഞ്ഞ് അന്വേഷിക്കുന്നതും താരതമ്യം ചെയ്യുന്നതും തികഞ്ഞ അല്പത്തരമാണെന്ന് പറയാതെ വയ്യ.തുക എത്രയായാലും അത് പബ്ലിസിറ്റിയ്ക്ക് വേണ്ടി കൊടുക്കുന്നതാണെന്ന് വിലപിക്കാനും ഇവിടെ ആളുകളുണ്ടാവും.

കുറച്ചുദിവസങ്ങൾക്കുമുമ്പ് നടന്ന സംസ്ഥാന അവാർഡ് ദാനച്ചടങ്ങിൽ മോഹൻലാൽ പങ്കെടുത്തത് വൻ വിവാദമായിരുന്നു.അദ്ദേഹത്തെ ക്ഷണിച്ചത് സർക്കാരായിരുന്നു.അവാർഡ് ജേതാക്കൾക്ക് ലാലിൻ്റെ സാന്നിദ്ധ്യത്തെക്കുറിച്ച് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.പുറത്തുള്ള ചില ആളുകൾക്കായിരുന്നു പ്രതിഷേധം മുഴുവൻ ! പുരസ്കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങൊക്കെയാവുമ്പോൾ ആ മേഖലയിലെ ഏറ്റവും പ്രഗല്ഭനെത്തന്നെയല്ലേ ക്ഷണിക്കേണ്ടത്? എല്ലായിടത്തും നടക്കുന്നത് അതുതന്നെയല്ലേ?

ആരോ എഴുതിക്കൊടുത്ത ഡയലോഗുകൾ സിനിമയിൽ ഉച്ചരിച്ചതിൻ്റെ പേരിൽ മോഹൻലാലിൽ ജാതിവെറി വരെ ആരോപിച്ചവരാണ് ഇവിടത്തെ ചില നിരൂപകർ.ലാൽ എവിടെ എന്ത് പറയണം,എങ്ങനെ പെരുമാറണം എന്നെല്ലാം ആഹ്വാനം ചെയ്യുന്ന പോസ്റ്റുകൾ എഫ്.ബിയിൽ കാണുന്നുണ്ട്.അതിനെല്ലാം വമ്പിച്ച സ്വീകാര്യതയും ലഭിക്കുന്നുണ്ട്.അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന ‘പുരോഗമനവാദികളാണ് ‘ ഇത് ചെയ്യുന്നത് എന്നതാണ് വിരോധാഭാസം !

അഭിനയിക്കാൻ വേണ്ടി ജനിച്ച വ്യക്തിയാണ് മോഹൻലാൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ഒരു നല്ല നടനാകാൻ ജീവിതാനുഭവങ്ങൾ വേണമെന്ന് പറയാറുണ്ട്.ഇരുപതാം വയസ്സിൽ സിനിമയിൽ എത്തിയ ലാലേട്ടന് അത്രയധികം ജീവിതാനുഭവങ്ങളുടെ പിന്തുണയുണ്ടെന്ന് തോന്നുന്നില്ല.പക്ഷേ ആ കുറവ് അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളിൽ നിഴലിച്ചുകണ്ടിട്ടില്ല !!

മറ്റു നടൻമാർ കഥാപാത്രമായി മാറുന്നതിനുവേണ്ടി മാസങ്ങളും വർഷങ്ങളും കഷ്ടപ്പെടുമ്പോൾ ലാൽ ലൊക്കേഷനിൽ സ്വിച്ചിട്ടത് പോലെ പരകായപ്രവേശം നടത്തുന്നു.’കർണ്ണഭാരം’ എന്ന നാടകമൊക്കെ അവതരിപ്പിച്ചത് നോക്കുക.സംസ്കൃതത്തിൽ വലിയ പ്രാവീണ്യമില്ലാത്ത പുള്ളി ഒരു ചങ്കൂറ്റത്തിൻ്റെ പുറത്ത് അത് ചെയ്യുകയായിരുന്നു.എം.ജി.ആർ ആയി മാറാൻ അദ്ദേഹത്തിന് ഹോംവർക്ക് ചെയ്യേണ്ടിവന്നില്ല.എല്ലാം സ്വാഭാവികമായി വന്നുചേരുകയാണ് !

ആ മഹാനടനെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.ശ്രദ്ധ നേടാൻ വേണ്ടി അദ്ദേഹത്തെ തള്ളിപ്പറയാൻ ഞാൻ ഒരുക്കമല്ല.ഫെയ്സ്ബുക്കിലെ ബുദ്ധിജീവി സമൂഹത്തിൻ്റെ തലോടലുകൾ ലഭിക്കാൻ എൻ്റെ ഇഷ്ടങ്ങൾ മറച്ചുവെയ്ക്കാനും ഞാൻ തയ്യാറല്ല.പിന്നെ ആരോഗ്യകരമായ വിമർശനങ്ങൾ ഞാനും നടത്തിയേക്കും.അത് ആദ്യം അംഗീകരിച്ചുതരുന്ന വ്യക്തി മോഹൻലാലാകും എന്നാണ് ഇന്നത്തെ കൂടിക്കാഴ്ച്ചയിൽ നിന്ന് മനസ്സിലായത്.

ഡോ ദീപക്കിനും നിർണ്ണയത്തിലെ മറ്റു സുഹൃത്തുക്കൾക്കും ഒത്തിരി നന്ദി.അടിസ്ഥാനപരമായി ഒരു ഒൗട്ട്സൈഡറായ എന്നെ ചേർത്തുനിർത്തിയതിന്…

കുറച്ച് ലൈക്കിനും ഷെയറിനും വേണ്ടി മാത്രം മോഹൻലാലിനെ കല്ലെറിയുന്നവരോട് ഒന്നേ പറയാനുള്ളൂ.നിങ്ങൾ അദ്ദേഹത്തെ സ്നേഹിക്കണ്ട.അതിനിവിടെ ഞങ്ങളുണ്ട്….

Fan about Laettan’s love to his fans

Abhishek G S :