കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിന് വേണ്ടി രഹസ്യ വിചാരണ നടക്കുന്ന കോടതിയിലെ നടപടിക്രമങ്ങള്‍ ഉള്‍പ്പടെ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി പ്രോസിക്യൂഷന്‍. ദിലീപ് അനുകൂലികളുടേയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടേയും ഭാഗത്ത് നിന്നാണ് ഇത്തരമൊരു സമീപനം ഉണ്ടാവുന്നത്. ഇതിന് പിന്നില്‍ വ്യക്തമായ പദ്ധതികള്‍ ഉണ്ടാവാമെങ്കിലും ഇത്തരം പ്രചരണങ്ങളുടെ പിന്നാലെ പോവേണ്ടതില്ലെന്നാണ് പ്രമുഖ അഭിഭാഷകയായ ടിബി മിനി വ്യക്തമാക്കുന്നത്.
ഇവിടെ ഒരുപാട് ഓണ്‍ലൈന്‍ ചാനലുകളുണ്ട്. അവര്‍ക്ക് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കൊടുത്ത് കാഴ്ചക്കാരെയുണ്ടാക്കുകയെന്ന താല്‍പര്യമാണ് ഉള്ളത്. ഇതിനെ അങ്ങനെ കണ്ടാല്‍ മതിയെന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഇതില്‍ കുറെയൊക്കെ പെയിഡുമായിരിക്കാം. പുറത്ത് ഇങ്ങനെയൊക്കെയാണെങ്കിലും കോടതിക്ക് അകത്ത് കഴിഞ്ഞ തവണത്തേത്തില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണ് നടക്കുന്നതെന്നാണ് തനിക്ക് തോന്നുന്നതെന്നും ടിബി മിനി പറയുന്നു.
ഇതുവരെ ആരും കുറുമാറിയതായി വിവരമില്ല. ആ കോടതിയില്‍ പോകുന്ന ഒരു വ്യക്തിയല്ല ഞാന്‍. എങ്കിലും അതിജീവിതയുടെ അഭിഭാഷകന്‍ അവിടെയുണ്ട്. പ്രോസിക്യൂഷന്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. എന്നാല്‍ വരുന്ന വാര്‍ത്തകളെ നമ്മള്‍ അത്ര പ്രാധാന്യത്തോടെ കാണേണ്ടതില്ലെന്നാണ് ഞാന്‍ കരുതുന്നത്.
അവര്‍ക്ക് ഈ കേസ് അട്ടിമറിക്കാനോ തെളിവുകള്‍ ഇല്ലായെന്ന് വരുത്തി തീര്‍ക്കാനോയുള്ള പദ്ധതികള്‍ ഉണ്ടാവും. എന്നാല്‍ സാക്ഷികള്‍ 164 സ്‌റ്റേറ്റ്‌മെന്റ് പ്രകാരം കൂറുമാറാതെ നില്‍ക്കുന്നു എന്നുള്ളത് തന്നെയാണ് പ്രോസിക്യൂഷന്‍ ശരിയായ രീതിയില്‍ കേസ് നടത്തുന്നു എന്നുള്ളതിന്റെ ഉദാഹരണം. ബാക്കിയുള്ളതെല്ലാം നിയമപരമായി ഇതിന്റെ അവസാനം തീരുമാനിക്കേണ്ടി വിഷയങ്ങളാണെന്നും അഭിഭാഷക വ്യക്തമാക്കുന്നു.
വിചാരണ കോടതിയില്‍ ഒരു വിധി വന്നാലും അത് അന്തിമ വിധിയല്ലെന്ന് ഏവര്‍ക്കും അറിയാം. നിരവധി മേല്‍ക്കോടതികളുണ്ട്. പ്രതിക്കായാലും വാദിക്കായാലും അപ്പീല്‍ പോവാനുള്ള സാധ്യതകളുണ്ട്. സത്യത്തില്‍ ഇത്തരം പ്രചരണങ്ങളൊന്നും ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ വിളിച്ച് പറഞ്ഞപ്പോഴാണ് ഇക്കാര്യം ശ്രദ്ധിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്നതിന്റെ വര്‍ക്കിലാണ് നമ്മള്‍. ആ സമയത്ത് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയം നമുക്കില്ല. പിന്നെ ഇതൊന്നും കാര്യമാക്കേണ്ടില്ലെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ഈ കേസില്‍ ഞാന്‍ ഹാജരായ സമയത്ത് ഗര്‍ജ്ജിക്കുന്ന സിംഹം എന്നായിരുന്നു ഒരു ഓണ്‍ലൈന്‍ കൊടുത്തത്. അത്തരമൊരു ക്യാപ്ഷനായി ഇതിനേയും കണ്ടാല്‍ മതി.
ഈ കേസില്‍ നിന്നും കൈകഴുകാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ട്. ആദ്യഘട്ടത്തില്‍ വാര്‍ത്തകള്‍ മാത്രമായിരുന്നില്ല, വളരെ കൃത്യമായി കാര്യങ്ങള്‍ ചെയ്തിട്ടായിരുന്നു അവര്‍ വാര്‍ത്തകള്‍ കൊടുത്തിരുന്നത്. അതിന് തന്നെ അവര്‍ വീണ്ടും ശ്രമിക്കുന്നുണ്ടാവും. അതൊന്നും ഇല്ലായെന്നുള്ള അര്‍ത്ഥത്തിലല്ല ഞാന്‍ പറയുന്നത്. അവര്‍ അവരുടെ ശ്രമങ്ങള്‍ തുടരട്ടെ.
മഞ്ജു വാര്യറെ കുറിച്ച് ചില ചാനലുകള്‍ തെറ്റായ കാര്യങ്ങള്‍ പറയുന്നത് കൃത്യമായും പെയിഡ് തന്നെയാണ്. എതിര്‍വശത്ത് നില്‍ക്കുന്നത് മഞ്ജു വാര്യര്‍ ആയതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നത് ആരാണെന്നൊക്കെ നമുക്ക് അറിയാം. കോടതിയിലെ കാര്യങ്ങള്‍ അങ്ങനെയൊന്നും ആവണമെന്നില്ല. കുറേ ചാനലുകള്‍ ഇതിന് വേണ്ടി മാത്രമായി പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുണ്ട്. പെയിഡ് ആയിട്ടും അല്ലാതെ സ്വന്തം വരുമാനം മുന്‍നിര്‍ത്തിയും ചില ചാനലുകള്‍ ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ടിബി മിനി കുട്ടിച്ചേര്‍ക്കുന്നു.
കോടതി നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതോടെയാണ് കള്ളപ്രചരണം സജീവമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അടച്ചിട്ട കോടതിയിലെ നടപടികള്‍ പരസ്യമാക്കുന്ന തരത്തിലാണ് ഇത്തരണം പ്രചരണം. രഹസ്യമായി വാദം നടക്കുന്ന കോടതിയിലെ വാദങ്ങളാണ് പരസ്യമാക്കുന്നത്. ഇത്തരത്തില്‍ കോടതി നടപടികള്‍ പ്രചരിപ്പിക്കുന്നതിന് എതിരെ പ്രോസിക്യൂഷന്‍ ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്.
കേസിലെ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി നടക്കുന്ന ഈ കള്ളപ്രചരണങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രോസിക്യൂഷന്‍. സോഷ്യല്‍മീഡിയയിലൂടെ പലതരത്തലാണ് ദിലീപിന് വേണ്ടിയുള്ള പ്രചണം. ഞങ്ങള്‍ പറയുന്ന കാര്യങ്ങളാണ് സത്യമെന്ന തരത്തിലാണ് മറുവിഭാഗം തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ദിലീപ് ഒരു സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയടക്കം ശക്തമായ പ്രചരണമായിരുന്നു നടന്നത്. ബലാത്സംഗ ക്വട്ടേഷന്‍ കേസില്‍ പ്രതിയായ ഒരു വ്യക്തിയെ സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന് എത്തിച്ചത് ശരിയായില്ലെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ നേരെ മറുവശത്ത് ദിലീപിനേയും സ്‌കൂള്‍ മാനേജ്‌മെന്റിനേയും പിന്തുണച്ചും ആളുകളെത്തി.
ഒരു കുറ്റങ്ങളും ന്യായീകരിക്കപ്പെടേണ്ടതല്ല. പക്ഷേ അത് കുറ്റവാളി ആണെന്ന് ഉറപ്പിച്ചിട്ടാവണം എന്നാണ് ദിലീപ് അനുകൂലിയായ ഒരാള്‍ ഈ സംഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയത്. ‘ഫെയിസ്ബുക്കില്‍ പലയിടത്തും സ്‌കൂള്‍ വാര്‍ഷിക ഉദ്ഘാടനത്തിന് വന്നവരെ കണ്ടപ്പോഴുണ്ടായ ഞെട്ടല്‍ രേഖപ്പെടുത്തിയതായി കണ്ടു.
ശരിക്കും ഭാവി തലമുറയുടെ നന്‍മക്ക് വേണ്ടി അവര്‍ക്ക് കൃത്യമായ വഴികാട്ടികളായ എല്ലാം തികഞ്ഞ (പീഡകരില്ല, അഴിമതിക്കാരില്ല, വേട്ടക്കാരില്ല, കൊലപാതകികളോ കള്ളന്‍മാരോ ഇല്ല, അങ്ങിനെ ഒരു കിനാശ്ശേരിയിലാണല്ലോ ജീവിക്കുന്നത് എന്നതാണ് ഏക ആശ്വാസം..) ഭരണകര്‍ത്താക്കള്‍ക്ക് കീഴെ ആണല്ലോ നമ്മുടെ ഒക്കെ ജീവിതം എന്നോര്‍ത്തപ്പോ ഒരു കുളിരു’ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.