താന്‍ കുട്ടികള്‍ക്ക് ഒപ്പം, എല്ലാം ഉടനെ തീര്‍പ്പാക്കി കുട്ടികള്‍ക്ക് അവരുടെ പഠനം തുടരാന്‍ സാധിക്കട്ടെ; ഫഹദ് ഫാസില്‍

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫഹദ് ഫാസില്‍. താന്‍ കുട്ടികള്‍ക്ക് ഒപ്പമാണ്. എല്ലാം ഉടനെ തീര്‍പ്പാക്കി കുട്ടികള്‍ക്ക് അവരുടെ പഠനം തുടരാന്‍ സാധിക്കട്ടെ എന്നും ഫഹദ് പറഞ്ഞു. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് താരത്തിന്റെ പ്രതികരണം.

കടുത്ത ജാതിവിവേചനത്തിനെതിരെയുളള വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് ഞായറാഴ്ച കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡയറക്ടര്‍ രാജിവെച്ചിരുന്നു. ജാതി വിവേചനം, മെറിറ്റ് അട്ടിമറി തുടങ്ങി നിരവധി ആരോപണങ്ങള്‍ ശങ്കര്‍ മോഹനെതിരെ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിനിമാ മേഖലയിലെ മറ്റ് പല പ്രമുഖരും രംഗത്തെത്തിയിരുന്നു.

കാലാവധി അവസാനിച്ചത് കൊണ്ടാണ് സ്ഥാനം ഒഴിഞ്ഞതെന്നായിരുന്നു ശങ്കര്‍ മോഹന്റെ പ്രതികരണം. സര്‍ക്കാര്‍ തലത്തില്‍ ആരും രാജി ആവശ്യപ്പെട്ടില്ലെന്നും ശങ്കര്‍ മോഹന്‍ പ്രതികരിച്ചിരുന്നു. ശങ്കര്‍ മോഹന്‍ രാജി വച്ചത് കൊണ്ട് സമരം അവസാനിക്കില്ലെന്നും തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ആവശ്യമെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

ശങ്കര്‍ മോഹന്റെ രാജി സ്വീകരിച്ച സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പഠനസംബന്ധിയായ മറ്റു വിഷയങ്ങള്‍ പരിഗണിക്കുമെന്ന് അറിയിച്ചു. ഈ സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ച് പഠനപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്നും സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. ഡയറക്ടര്‍ ശങ്കര്‍ മോഹനെ നീക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഡിസംബര്‍ 5നാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്.

Vijayasree Vijayasree :