മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ സോഷ്യൽ മീഡിയയിൽ സജീവമാണ്. ബാംഗ്ലൂർ ഡേയ്സിന്റെ വൻവിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. സിനിമാലോകവും ആരാധകരും ഒരുപോലെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്.
ബാംഗ്ലൂർ ഡെയ്സിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും അടുക്കുന്നത്. വിവാഹ ശേഷം സിനിമകളുടെ എണ്ണം നസ്രിയ കുറച്ചു. ഇടയ്ക്ക് മാത്രമേ നടി സിനിമ ചെയ്യാറുള്ളൂ. വീട്ടിൽ ഞങ്ങൾ വർക്കിനെക്കുറിച്ച് സംസാരിക്കാറില്ല. ഫഹദിന്റെ ഡെഡിക്കേഷനും ഹാർഡ് വർക്കും അതിശയിപ്പിക്കുന്നതാണ്. വിവാഹ ശേഷം താൻ ഇടവേളയെടുത്തു. കുറച്ച് കഴിഞ്ഞ് സ്ക്രിപ്റ്റുകളൊന്നും കേൾക്കുന്നില്ലേ, എന്താണിത്ര മടിയെന്ന് ഫഹദ് ചോദിച്ചിട്ടുണ്ടെന്നും നസ്രിയ ഒരിക്കൽ പറയുകയുണ്ടായി.
മെത്തേഡ് ആക്ടറായ ഫഹദ് നസ്രിയയുടെ സ്വാഭാവിക അഭിനയത്തിന്റെ ആരാധകനാണ്. നസ്രിയ വളരെ ചെറിയ പ്രായം മുതൽ സിനിമ ചെയ്യുന്ന ആളാണ്. ക്യാമറ കോൺഷ്യസ് അല്ല. അവൾ ഒരുപാട് ഹോം വർക്ക് ചെയ്യുന്ന കാര്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ച് ഇരുന്ന് സംസാരിക്കുകയല്ല. വെറുതെ എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കുമ്പോൾ സിനിമയെക്കുറിച്ച് പറയും. ഇങ്ങനെ ചെയ്യട്ടേ എന്ന് ചോദിക്കും. അവൾ തയ്യാറെടുക്കുമെന്നും ഫഹദ് പറഞ്ഞു.
തന്റെ സ്വഭാവ രീതികളെ നസ്രിയ മനസിലാക്കുന്നതിനെക്കുറിച്ച് ഒരിക്കൽ ഫഹദ് ചൂണ്ടിക്കാണിക്കുകയുണ്ടായി. എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാൻ എന്റെ ഉത്തരം കൃത്യം പോയന്റിലായിരിക്കില്ല. എവിടെയൊക്കെയോ പോകും. ഉത്തരം എവിടെയെങ്കിലുമുണ്ടാകും. ഉത്തരം കണ്ടെത്തുന്നത് കേൾക്കുന്നയാളാണ്. അത് കൊണ്ടാണ് ഞാൻ അധികം സംസാരിക്കാത്തത്. അവൾക്ക് എപ്പോഴും അതിൽ ആശങ്കയുണ്ട്. എന്തെങ്കിലും ചോദിക്കുമ്പോൾ ഉത്തരത്തിനടുത്തെത്തും. ചിലപ്പോൾ ഉത്തരമേ ഉണ്ടാകില്ല. എന്നെ ഞാനായി സ്വീകരിക്കുന്നു. അതിൽ താൻ ഭാഗ്യവാനാണെന്നുമാണ് ഫഹദ് പറഞ്ഞത്.
രണ്ടുപേർക്കും ഒന്നിച്ച് വരാനുള്ള കഥ ഇതുവരെ കിട്ടിയിട്ടില്ല എന്നാണ് നസ്രിയ പറഞ്ഞത്. ട്രാൻസിന് മുൻപ് സിനിമ ആലോചിച്ചെങ്കിലും നടന്നില്ല. ഞാനും ഷാനുവും ഒന്നിച്ചു വരുമ്പോൾ അത് ഗംഭീരമാവണം. ഭാര്യയും ഭർത്താവും കഥാപാത്രങ്ങളായ ഒരുപാട് കഥകൾ വരുന്നുണ്ട്. പക്ഷേ എന്തെങ്കിലും അത്ഭുതപ്പെടുത്തുന്ന ഒരു ഘടകം വേണ്ടേ?
ഒരുമിച്ച് ഒരു സിനിമ എന്നത് ചലഞ്ചിങ് ആണ്. രണ്ടുപേരും വീട്ടിൽ നിന്ന് വന്ന് അഭിനയിച്ചത് പോലൊരു തോന്നൽ ഉണ്ടാവാൻ പാടില്ല. ഈ കടമ്പകളൊക്കെ കടന്നാലേ ഒരുമിച്ചുള്ള സിനിമ സംഭവിക്കാൻ സാധ്യതയുള്ളൂ,’ എന്നാണ് നസ്രിയ പറയുന്നത്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണിതെന്നാണ് നസ്രിയയുടെ പിതാവ് വിവാഹസമയത്ത് പറഞ്ഞത്.