ട്രെയിൻ യാത്രക്കിടെ സൗമ്യ എന്ന പെൺകുട്ടി ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടിട്ട് ഒൻപതു വർഷങ്ങൾ പിന്നുകയാണ്. എറണാകുളത്തു നിന്നും ഷൊർണൂർക്ക് പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. ഗോവിന്ദസ്വാമി എന്നയാൾ സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിനു വിധേയയാക്കിയെന്നും വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായി സൗമ്യ കൊല്ലപ്പെട്ടുവെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തൽ. മലയാളികളേ ഒന്നടങ്കം ഞെട്ടിച്ച സംഭവം ആയിരുന്നു അത് . ഇന്നും ആ മുറിവ് കേരള മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുകയാണ്. സമാനമായ അനുഭവത്തിൽ നിന്നും കഷ്‌ടിച്ച് രക്ഷപെട്ട മാധ്യമ പ്രവർത്തകയുടെ കുറിപ്പ് ആണ് ഇപ്പോൾ ചർച്ചയാകുന്നത് . ഫേസ്ബുക്ക് കുറിപ്പിലൂടെ രാത്രിയും പകലുമൊന്നും സ്ത്രീകൾക്ക് സുരക്ഷിതമല്ല എന്ന് പറയുകയാണ് ജിതി രാജ് .
ജിതി രാജിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ;
പാതിരാത്രി മാത്രമല്ല പട്ടാപ്പകലും സ്ത്രീകള്‍ പേടിക്കണം അത് ട്രെയിനിലായാലും നടു റോഡിലായാലും. ഗോവിന്ദച്ചാമിമാരെക്കുറിച്ച് നമ്മള്‍ പറയാറുണ്ട്. എന്നാല്‍ കണ്ണിന് മുന്നില്‍ വന്ന് പെടുമ്പോഴാണ് നിസ്സാഹായത എത്രമാത്രമാണെന്ന് തിരിച്ചറിയുക. ബുധനാഴ്ച(16-10-2019) ഇരിഞ്ഞാലക്കുടയ്ക്ക് ട്രെയിന്‍ കയറിയതാണ്. തിരുവനന്തപുരം – ഖൊരഗ്പൂര്‍ രപ്തി സാഗറില്‍ സ്ലീപ്പര്‍ ടിക്കറ്റെടുത്തായിരുന്നു യാത്ര. കംപാര്‍ട്ട്മെന്‍റില്‍ അധികമാരുമില്ല. രാവിലെ ആറ് മണിക്ക് വണ്ടി തിരുവനന്തപുരത്തുനിന്ന് എടുത്തു. . കൊല്ലമെത്തുംവരെ ഒന്നുമയങ്ങി. കൊല്ലത്തുനിന്ന് ഭക്ഷണം വാങ്ങിച്ച് കഴിച്ചപ്പോഴാണ് ഒരു കാപ്പി കുടിക്കാമെന്ന് തോന്നിയത്. മുന്നിലൂടെ പോയ പാന്‍ട്രിക്കാരനില്‍ നിന്ന് ഒരു ചായ വാങ്ങി കുടിച്ചു. ആ യാത്ര മുഴുവന്‍ നശിപ്പിക്കാനുള്ളതാകും ആ ചായയെന്ന് ഞാന്‍ കരുതിയിരുന്നില്ല.
ചായ വാങ്ങിയപ്പോള്‍ ചിരിച്ചുകൊണ്ട് അയാള്‍ ഹിന്ദിയില്‍ എന്തൊക്കെയോ പറഞ്ഞു. ആഹാ എന്തൊരു നല്ല മനുഷ്യന്‍ ഇങ്ങനെ ചിരിച്ചൊക്കെ സംസാരിക്കുന്നവരുമുണ്ടല്ലേ പാന്‍ട്രിയില്‍ എന്ന് വെറുതെ ഒന്ന് മനസ്സില്‍ പറഞ്ഞുപോയി. അരമണിക്കൂര്‍ കഴിഞ്ഞില്ല, ആളുടെ മട്ടുമാറി… എന്‍റെ മുന്നിലൂടെ കടന്നുപോകുമ്പോഴെല്ലാം അയാള്‍ ചായ വേണോ എന്ന് ചോദിക്കും ഞാന്‍ വേണ്ടെന്ന് പറയും. അത് അങ്ങനെ തുടര്‍ന്നുകൊണ്ടിരുന്നു. ഇടയ്ക്ക് എന്‍റെ സീറ്റിന് മുന്നില്‍ വന്ന് കുറച്ചുനേരം നിക്കും. ഇത് ശ്രദ്ധിക്കാതെ ഞാന്‍ പുസ്തകം വായന തുടര്‍ന്നു. ശല്യം തീര്‍ന്നെന്ന് തന്നെ കരുതി. അങ്ങനെ എനിക്കിറനങ്ങാനുള്ള സ്റ്റേഷനെത്താനായപ്പോള്‍ ബാഗെടുത്ത് ഡോറിനടുത്തേക്ക് നടന്നു. (സമയം രാവിലെ 11 മണിയാണ്) കണ്ണാടിയില്‍ നോക്കി മുടിയൊതുക്കി തിരിഞ്ഞതും തൊട്ടടുത്ത് അയാള്‍.
ചായ പാത്രം താഴെ വച്ച് അയാള്‍ എന്‍റെ അടുത്തേക്ക് വരുന്നു. എന്താണ് അടുത്ത നിമിഷം സംഭവിക്കുന്നതെന്നറിയാതെ ഞാന്‍ ബഹളം വച്ചു. എത്ര ബഹളം വച്ചാലും കേള്‍ക്കാന്‍ അടുത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ഞാന്‍ പിറകിലേക്ക് പോയി ഡോറിനോട് ചേര്‍ന്ന് കമ്പിയില്‍ പിടിച്ച് ഒരുവിധം നിന്നു. ഒന്നുകൂടി അയാള്‍ അടുത്തേക്ക് വന്നിരുന്നെങ്കില്‍ ഞാന്‍ താഴെ ട്രാക്കിലേക്ക് വീണേനെ… സര്‍വ്വശക്തിയുമെടുത്ത് ശബ്ദമുണ്ടാക്കി ഞാനയാളെ തള്ളിമാറ്റി. അപ്പോഴേക്കും അവിടേക്ക് എവിടെനിന്നോ ആരോ വന്നു. എനിക്കറിയാവുന്ന തെറികളെല്ലാം ആ നിമിഷം ഞാനയാളെ വിളിച്ചു. അറിയാതെ കൈ തട്ടിയതാണെന്നും പറഞ്ഞ് അയാള്‍ പോയി…
ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ എല്ലാം തീര്‍ന്നേനെ എന്ന് ഓര്‍ത്തപ്പോള്‍ അമര്‍ഷവും നിസ്സഹായതയും ഇരച്ചുകയറുകയായിരുന്നു. ട്രെയിന്‍ ഇറങ്ങി യാത്ര തുടര്‍ന്നു. പരാതി നല്‍കണമെന്നോ എന്തെങ്കിലും ചെയ്യണമെന്നോ അപ്പോള്‍ തോന്നിയില്ല. എന്നാല്‍,
തിരിച്ച് തിരുവനന്തപുരത്തെത്തി ഇന്ത്യന്‍ റെയില്‍വെയ്ക്ക് പരാതി നല്‍കി. ഒട്ടും പ്രതീക്ഷിക്കാതെ ഒരു മണിക്കൂറിനുള്ളില്‍ അധികൃതര്‍ തിരിച്ചുവിളിച്ചു. അയാളുടെ മുഖം എനിക്ക് വ്യക്തമായി ഓര്‍മ്മയുണ്ടായിരുന്നു. ഒരിക്കലും മറക്കുകയുമില്ല. അത് ഞാന്‍ അവരോട് പറഞ്ഞതും അവരെനിക്ക് പാന്‍ട്രിയിലെ മുഴുവന്‍ ജോലിക്കാരുടെയും ഫോട്ടോ അയച്ചുതന്നു. അതില്‍ അയാളുമുണ്ടായിരുന്നു. തിരിച്ചറിഞ്ഞ ഫോട്ടോ ഞാന്‍ അവര്‍ക്ക് അയച്ചുകൊടുത്തു. ഇനി അയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തന്നെയാണ് വിശ്വാസം…
ഏത് നിമിഷവും എന്തെങ്കിലും അപകടമുണ്ടാകുമെന്ന് ഉറപ്പിച്ച് തന്നെയാണ് കുറേ കാലമായി ഈ നാട്ടില്‍ കഴിയുന്നത്. എന്നിട്ടും കയ്യില്‍ സുരക്ഷയ്ക്കായി ഞാന്‍ ഒന്നും കരുതിയിരുന്നില്ല. കരുതിയാല്‍ തന്നെ ആ നിമിഷം അത് പുറത്തെടുക്കാന്‍ പറ്റുന്നതായിരുന്നില്ല എന്‍റെ അപ്പോഴത്തെ അവസ്ഥ. പക്ഷേ പെപ്പര്‍ സ്പ്രേയോ കുരുമുളക് പൊടിയോ എന്ത് പണ്ടാരമായാലും വേണ്ടില്ല, അടുത്തുവരുന്നവനെ ഒരു നിമിഷത്തേക്കെങ്കിലും മാറ്റിനിര്‍ത്തി ഓടിയെങ്കിലും രക്ഷപ്പെടാനുള്ളത് കയ്യില്‍ കരുതിയല്ലാതെ ഇനി ഒരു വഴിക്കിറങ്ങില്ല…
ഒരു നേരവും നമ്മള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല, ഒരിടവും നമുക്ക് ധൈര്യമായി ഇറങ്ങാന്‍ പറ്റുന്നതല്ല, രാത്രിമാത്രമല്ല, പകലും ഭയക്കണം ഗോവിന്ദച്ചാമിമാരെ….
facebook post about misbehavior of pantry employee