സിനിമയുടെ ദൈർഘ്യക്കൂടുതൽ മൂലം എഡിറ്റ് ചെയ്യപ്പെട്ടു പോയ കഥാപാത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ദിവ്യ ഉഷ ഗോപിനാഥ്. രാജീവ് രവി ചിത്രം തുറമുഖത്തിലാണ് ദിവ്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചില സീനുകൾ നീക്കം ചെയ്യപ്പെട്ടത്. സിനിമയിൽ ഒരു മലപ്പുറംകാരിയുടെ വേഷമാണ് ദിവ്യ ചെയ്തത്. എഡിറ്റ് ചെയ്യപ്പെട്ടു പോയ രംഗത്തിന്റെ ചിത്രങ്ങളും ദിവ്യ സമൂഹമാധ്യമത്തിൽ പങ്കു വച്ചിട്ടുണ്ട്.
ദിവ്യയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
”ഒരഭിനേതാവിന് സിനിമയ്ക്കു മുന്‍പും പിന്‍പും ചെയ്ത കഥാപാത്രത്തില്‍ നിന്ന് പഠിക്കാന്‍ ഉണ്ടെന്നാണ് എന്റെ മനസ്സിലാക്കല്‍. സിനിമ റിലീസ് ആയതിനുശേഷം പ്രേക്ഷകരുടെ വീക്ഷണങ്ങളില്‍ നിന്നും, അഭിപ്രായങ്ങളില്‍ നിന്നും ഒരു അഭിനേതാവിന് ചെയ്ത കഥാപാത്രത്തെ കുറിച്ചുള്ള പ്രേക്ഷക വീക്ഷണം മുന്‍നിര്‍ത്തിയുള്ള ഒരു പഠനം സാധ്യമാകും. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ട് തുറമുഖം എന്ന സിനിമയില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്ന വിധം എന്റെ സീനുകള്‍ വന്നിട്ടില്ലെങ്കിലും. തുറമുഖം എന്ന സിനിമയുടെ പ്രോസസ്സിലൂടെ കടന്നുപോയ ഒരു അഭിനേത്രിക്ക് പഠിക്കാന്‍ ഒരുപാടുണ്ടായിരുന്നു. ഒരു അഭിനേതാവിന്റെ ജീവിതത്തില്‍ ഒരുപാടുനാള്‍ എടുത്ത് മനസ്സിലാക്കാന്‍ പറ്റുന്ന പല അനുഭവവും തുറമുഖം ഒരു പെര്‍ഫോമര്‍ എന്ന നിലക്ക് എനിക്ക് കിട്ടിയ ഒരു ഭാഗ്യമാണ്, അത്രയും വലിയ ക്യാന്‍വാസില്‍, ഓരോ ആക്ടര്‍സിനും പ്രാധാന്യമുള്ള കഥാരംഗങ്ങളും, കഥാപാത്ര സൃഷ്ടിയുമാണ് തുറമുഖത്തിലേത്.
സിനിമ ഇറങ്ങി ഇത്രയും ദിവസം കടന്നപ്പോള്‍ ഒരുപാട് പേര്‍ മെസ്സേജ് അയച്ചു. എന്താണ് ഇത്രയും ചെറിയൊരു ക്യാരക്ടര്‍, വെറുതെ അങ്ങോട്ട് ഇങ്ങോട്ടും നടക്കുന്ന സീനുകള്‍ മാത്രം ചെയ്യതത് എന്ന്. മലപ്പുറംകാരി അതിനും അപ്പുറമായിരുന്നു എനിക്ക്. ഈ സിനിമയുടെ പ്രോസസാണ് എനിക്ക് അതിന് തരാനുള്ള മറുപടി. ഒരുപാട് പേര്‍ ആഗ്രഹിക്കുന്ന ഒരു സ്‌പേസില്‍, രാജീവേട്ടന്റെ ഫ്രെയിമില്‍, പത്തിരുന്നുറോളം ആളുകളുള്ള സെറ്റില്‍, ഗോപന്‍ മാഷ് എഴുതി തയാറാക്കിയ മലപ്പുറംകാരിയെ ഞാന്‍ ഒരുപാട് ആസ്വദിച്ചു പെര്‍ഫോം ചെയ്ത്. സിനിമ ഇറങ്ങുമ്പോള്‍ എല്ലാവരും അത് കാണാന്‍ ഞാന്‍ കൊതിച്ചു, പക്ഷേ സിനിമയിലെ ദൈര്‍ഘ്യ പ്രശ്‌നങ്ങള്‍ കൊണ്ട് അതില്‍ കുറച്ച് ഭാഗങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല.
തുറമുഖത്തിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സീന്‍ ഇതോടൊപ്പം ഞാന്‍ ചേര്‍ക്കുന്നു. ഫൊട്ടോഗ്രഫിയും ഒരു വിഷ്വല്‍ മാധ്യമമാണല്ലോ. തീര്‍ച്ചയായിട്ടും കഥാപാത്രത്തെ കുറിച്ച് നിങ്ങള്‍ അഭിപ്രായം പറയുന്നത് കേള്‍ക്കാന്‍ പറ്റാത്തതിന്റെ എല്ലാ നിരാശയുമുണ്ട് എനിക്ക്. പക്ഷേ ചെറുതാണെങ്കിലും, വലുതാണെങ്കിലും തുറമുഖം എന്ന ചരിത്ര സിനിമയുടെ ഭാഗമായതില്‍ എനിക്കൊരുപാട് സന്തോഷം,അഭിമാനവും ഉണ്ട്. തുറമുഖം ഒരു ചരിത്രമാണ്, ഒരു നാടിന്റെ കഥ, ആ നാട്ടിലെ ആളുകളുടെ ജീവന്റെ കഥ. ഓരോ പ്രേക്ഷകര്‍ക്കും തിയേറ്ററില്‍ കാണാന്‍ കഴിയുക അഭിനേതാക്കള്‍ അല്ല ജീവിതമാണ്. ജീവിതം എപ്പോഴും സ്ലോ പേസിലായിരിക്കും. അതങ്ങനെ തന്നെ ആസ്വദിക്കണം. തുറമുഖത്തെ എല്ലാവരെയും സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കുന്നു. മലപ്പുറംകാരിയുടെ മനസ്സിന്റെ താളം തെറ്റിത്തുടങ്ങിയ ആ നിമിഷങ്ങള്‍ ഫോട്ടോയിലൂടെ പകര്‍ത്തിയ ജോജി ഏട്ടന് ഒരുപാട് സ്‌നേഹം.