ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീ വഴിയാധാരമാവില്ലെന്ന വലിയ സന്ദേശമാണ് ആയിഷ, ആയിഷ കാണണം, നമ്മുടെ കുട്ടികളെ കാണിക്കണം… അവരിലെ കനൽ ഊതിക്കത്തിക്കണം; കെ ടി ജലീല്‍

മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം ആയിഷ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. നിലമ്പൂർ ആയിഷയുടെ ജീവിത കഥയുമായി സാമ്യം പുലര്‍ത്തുന്ന ചിത്രമാണ് ആയിഷ. നിലമ്പൂര്‍ ആയിഷയുടെ ആദ്യകാല ജീവിതമല്ല സിനിമ പറയുന്നതെങ്കിലും അതിന്‌റെ സൂചനകള്‍ അര്‍ഹിക്കുന്ന പ്രധാന്യത്തോടെ തന്നെ സ്ക്രീനിൽ എത്തിച്ച് കയ്യടിനേടാൻ സംവിധായകൻ ആമീര്‍ പള്ളിക്കലിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ആയിഷ കണ്ടതിന് ശേഷം അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് എംഎല്‍എ കൂടിയായ കെ ടി ജലീല്‍. ഫേസ്ബുക്ക് പേജിലൂടെയാണ് ആയിഷ കാണണമെന്നും സിനിമ നല്‍കുന്ന സന്ദേശമെന്താണെന്നും എംഎല്‍എ പങ്കുവെച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ആയിഷ”, കാണണം. നഷ്ടമാവില്ല
”എന്ന് നിൻ്റെ സ്വന്തം മൊയ്തീൻ” എന്ന ചലചിത്രത്തിന് ശേഷം ജീവിതഗന്ധിയായ മറ്റൊരു സിനിമ കൂടി മലയാളിയുടെ മനസ്സിനെ കീഴടക്കുകയാണ്. “ആയിഷ”റേറ്റിംഗിൽ മികച്ച കലാസൃഷ്ടിയായത് അതിലെ വിയർപ്പിൻ്റെ ഉപ്പുരസം കൊണ്ടാണ്. മൊയ്തീനും കാഞ്ചനമാലയും തമ്മിലുള്ള പത്തരമാറ്റ് തങ്കത്തെ വെല്ലുന്ന പ്രണയത്തെ അധികരിച്ചാണ് “എന്ന് നിൻ്റെ സ്വന്തം മൊയ്തീൻ” നിർമ്മിച്ചത്. ജീവിത പ്രയാസങ്ങൾക്കൊടുവിൽ പച്ചപ്പ് കാണാൻ പ്രവാസം സ്വീകരിച്ച ഒരു കലാകാരിയുടെ കണ്ണീരിൻ്റെ നനവിനെ ആസ്പദിച്ചാണ് “ആയിഷ” നിർമ്മിച്ചിരിക്കുന്നത്. രണ്ടിലും നായികാ കഥാപാത്രങ്ങൾ ഉയർന്ന് നിൽക്കുന്നത് പെൺ ത്യാഗത്തിൻ്റെ കരുത്തു കൊണ്ടാണ്.

ആയിഷ”യിൽ നായകനേയില്ല. ഒരുപക്ഷെ ഇത്തരമൊരു സിനിമ ഇന്ത്യയിൽ അപൂർവ്വമാകും. സിനിമയും നാടകവും സംഗീതവുമെല്ലാം മത നിഷിദ്ധമാണെന്ന് മുദ്രയടിച്ച് വിലക്കേർപ്പെടുത്തിയിരുന്ന കാലം. സ്ത്രീ ജീവിതം അടുക്കളയിൽ കരിഞ്ഞ് തീരേണ്ടതാണെന്ന് വിശ്വസിച്ച പുരുഷ മേൽക്കോയ്മയുടെ ശപിക്കപ്പെട്ട യുഗം. പതിമൂന്നാം വയസ്സിൽ വിവാഹിതയായി പക്വതയെത്തും മുമ്പേ അമ്മമാരായവരുടെ എണ്ണം നാട്ടിൽ നിർലോഭം നിലനിന്ന നാളുകൾ. അന്ന് ജീവിച്ച കലാഹൃദയമുള്ള ഒരു വനിതയുടെ ജീവിതത്തിലെ ഉയർച്ചതാഴ്‌ച്ചകളുടെ കഥ പറയുകയാണ് “ആയിഷ”.


കലാരംഗത്തായാലും ജീവിതത്തിലായാലും പ്രതിബദ്ധത പ്രധാനമാണ്. ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾ കേവലമൊരു ജോലിയായിക്കണ്ട് മുന്നോട്ടു പോകുന്നവരാണ് മഹാഭൂരിഭാഗവും. ഓരോ മനുഷ്യനും ഓരോ ജീവിത ധർമ്മമുണ്ട്. ആ ധർമ്മം നിർവ്വഹിക്കുമ്പോഴാണ് ഒരാൾ ജീവിത വിജയിയാകുന്നത്. മലയാളക്കരയുടെ കീർത്തി അങ്ങകലെ മണലാരണ്യത്തിൽ നട്ടുനനച്ച് വളർത്തിയ ധീരയായ ഒരു ഏറനാടൻ വീട്ടമ്മയുടെ പേരാണ് “ആയിഷ”.

കേരളവും അറേബ്യയും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധം സുവിദിതമാണ്. മാമലനാടിൻ്റെ സാമ്പത്തിക ഐശ്വര്യത്തിൻ്റെ അടിത്തറ പാകിയത് ഗൾഫിലേക്കുള്ള മലയാളിയുടെ കുടിയേറ്റമാണ്. ഇന്ന് ഏതാണ്ട് 30 ലക്ഷത്തിലധികം ആളുകളാണ് മദ്ധ്യപൗരസ്ത്യ നാടുകളിൽ മാത്രം ജോലി ചെയ്യുന്നത്. കേരളത്തെ പട്ടിണിയിൽ നിന്ന് കരകയറ്റിയതും മോടിയുള്ള വീടുകളിൽ പാർക്കാൻ പ്രാപ്തരാക്കിയതും മേത്തരം വസ്ത്രങ്ങൾ അണിയാൻ ശേഷിയുള്ളവരാക്കിയതും ഗൾഫ് പണമാണ്. ചോര നീരാക്കി മരുഭൂമിയിൽ പണിയെടുത്തതിൻ്റെ കൂലി ചെക്കായും ഡ്രാഫ്റ്റായും കേരം തിങ്ങിയ നാട്ടിലേക്ക് ഒഴുകി വന്നതോടെ മലയാളക്കര സാമൂഹ്യ-സാമ്പത്തിക പുരോഗതിയുടെ വിസ്മയം തീർത്തു.
കഷ്ടപ്പാട് തീർക്കാൻ തൻ്റെ ജീവൻ്റെ ജീവനായ കലാജീവിതം ഉപേക്ഷിച്ച് പെട്രോളിൻ്റെയും ഈന്തപ്പഴത്തിൻ്റെയും മണ്ണിലേക്ക് ചേക്കേറിയ മലയാളിയുടെ ജീവിതത്തിൻ്റെ നൊമ്പരവും ആഹ്ളാദവും നിറഞ്ഞ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ആമിർ പള്ളിക്കലും സക്കറിയയും “ആയിഷ”യെ പ്രേക്ഷകരുടെ കാഴ്ചപ്പുറത്ത് എത്തിച്ചിരിക്കുന്നത്.

അഭിനേതാക്കളിൽ പലരുടെയും മുഖം അപരിചിതമാണ്. മഞ്ജുവാര്യർ “ആയിഷ”യെ ജീവസ്സുറ്റതാക്കി. ലോകോത്തര ഇറാൻ സിനിമകളെപ്പോലെ വിവിധ ഭാഷകളുടെ വിനിമയ സാദ്ധ്യതയുടെ വിളനിലമാക്കി “ആയിഷ”യെ മാറ്റിയ എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. ഭാഷകളുടെ വൈവിധ്യം കൊണ്ട് പുതുചരിതം തീർത്ത “ആയിഷ”, അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെടും.
പൊന്ന് വിളയുന്ന നാട്ടിൽ പണിയെടുത്ത പല ഖദ്ദാമമാരുടെയും (വീട്ടു ജോലിക്കാർ) കഥ കേട്ടവരാണ് മലയാളികൾ. അതിൽ പലതും അതിശയോക്തി നിറഞ്ഞതും സിനിമക്കായി ചേരുവകൾ കലർത്തിയതുമായിരുന്നു. എന്നാൽ ‘ഖദ്ദാമ’യുടെ പച്ചയായ ജീവിതം പറയുന്ന “ആയിഷ”, മേമ്പൊടികളുടെ അകമ്പടിയില്ലാത്ത കലാസൃഷ്ടിയാണ്. മലയാള നാടക വേദിയെ ഒരുകാലത്ത് പ്രകമ്പനം കൊള്ളിച്ച നിലമ്പൂർ ആയിഷയെന്ന ആയിഷാത്തയുടെ വേദനകളും സന്തോഷവും ഒപ്പിയെടുത്ത കാണാൻ ചേലൊത്ത കലാസൃഷ്ടിയാണ് “ആയിഷ”. അറബി, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് സംഭാഷണങ്ങളുടെ എഴുതിക്കാണിക്കുന്ന മലയാളം സബ് ടൈറ്റിൽ കുറച്ചുകൂടി വലുതാക്കി അൽപ സമയവും കൂടി നിർത്തിയിരുന്നെങ്കിൽ അസ്വാദകർക്ക് കൂടുതൽ പ്രയോജനപ്പെട്ടേനെ.

”ആയിഷ”കാണണം. നമ്മുടെ കുട്ടികളെ കാണിക്കണം. അവരിലെ “കനൽ” ഊതിക്കത്തിക്കണം. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീ വഴിയാധാരമാവില്ലെന്ന വലിയ സന്ദേശമാണ് “ആയിഷ”. സ്വന്തം കാലിൽ നിൽക്കാൻ നമ്മുടെ പെൺകുട്ടികളെ “ആയിഷ”പ്രചോദിപ്പിക്കും. തീർച്ച

Noora T Noora T :