പ്രശസ്ത ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് (73) അന്തരിച്ചു. എറണാകുളം പുത്തൻകുരിശ് സ്വദേശിയായ അദ്ദേഹം 1985-ൽ റിലീസ് ചെയ്ത ‘എന്റെ നന്ദിനിക്കുട്ടി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അദ്ദേഹം. ഇന്ന് വൈകിട്ട് വീട്ടിലെ ചടങ്ങുകൾക്ക് ശേഷം പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലാണ് സംസ്കാരം.
ഭാര്യ വെണ്ണിക്കുളം തുർക്കടയിൽ വത്സ. മകൻ അരുൺ കണ്ണേത്ത് (ദുബൈ), മരുമകൾ നീതു. എറണാകുളം പുത്തൻകുരിശ് മാളിയേക്കൽ കണ്ണേത്ത് ഇട്ടൻ കുരിയന്റേയും വിത്തമ്മയുടേയും മകനായാണ് ജനനം.
എഴുപതുകളിൽ തിരുവനന്തപുരം മെറിലാന്റ് സ്റ്റുഡിയോയിൽ നിർമ്മാതാവും സംവിധായകനുമായ പി സുബ്രഹ്‍മണ്യത്തിന്റെ കീഴിലാണ് വത്സൻ സിനിമാ ജീവിതം ആരംഭിച്ചത്.
എം. കൃഷ്ണൻ നായർ, ശശികുമാർ, എ. ഭീംസിംഗ്, പി.എൻ. സുന്ദരം, തോപ്പിൽ ഭാസി, ലിസ ബേബി തുടങ്ങിയ സംവിധായകരുടെ കീഴിൽ അമ്പതോളം സിനിമകളിൽ സഹ സംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.