ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ 17 ഭാഗങ്ങൾ വെട്ടിമാറ്റിയതിന് ശേഷമുള്ള എഡിറ്റഡ് വേർഷൻ ആണ് തിയേറ്ററുകളിലെത്തിയത്.
കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിലും എത്തിയിരുന്നു. ഇപ്പോഴും വിവാദവും വിമർശനവും തുടരുകയാണ്. ഈ വേളയിൽ സിനിമയെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഛായാഗ്രാഹകൻ പിസി ശ്രീറാം. എക്സിലൂടെയായിരുന്നു ശ്രീറാമിന്റെ പ്രതികരണം. ട്വീറ്റ് വൈറലായതോടെ ശ്രീറാമിനെതിരെയും വലിയ രീതിയിൽ വിമർശനം വന്നു.
പിന്നാലെ അദ്ദേഹം ട്വീറ്റ് പിൻവലിക്കുകയും ചെയ്തു. എമ്പുരാൻ സിനിമ ഒടിടിയിൽ കോമഡിയായി മാറുന്നു എന്നായിരുന്നു ശ്രീറാം ട്വീറ്റ് ചെയ്തത്. EMPURAAN എന്നതിന് പകരം EUPURAN എന്നാണ് പി സി ശ്രീറാം കുറിച്ചിരിക്കുന്നത്. ഇതും ചർച്ചയായി മാറിയിരിക്കുകയാണ്. തെറ്റിപ്പോയതാണോ അതോ സിനിമയുടെ സെൻസറിങ്ങിനെ കുറിച്ചുള്ള വിമർശനമാണോ എന്നും പലരും ചോദിക്കുന്നുണ്ട്.
വിവാദങ്ങൾക്ക് പിന്നാലെ സെൻസർ ബോർഡിന്റെ നിർദേശപ്രകാരം റീ എഡിറ്റ് ചെയ്തതിന് ശേഷമാണ് വീണ്ടും തിയേറ്ററുകളിൽ എത്തിയത്. സ്ത്രീകൾക്കെതിരായ അതിക്രമ സീനുകൾ മുഴുവനായും ഒഴിവാക്കിയിരുന്നു. വില്ലന്റെ പേര് ബൽദേവ് എന്നാക്കി. എൻഐഎ പരാമർശമുള്ള ഭാഗം മ്യൂട്ട് ചെയ്തു. നന്ദി കാർഡിൽ നിന്ന് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പേരും എടുത്തു കളഞ്ഞിരുന്നു.
അതേസമയം, റിലീസ് ദിനം മുതൽ ചരിത്രം സൃഷ്ടിക്കുകയായിരുന്നു എമ്പുരാൻ. ഏറ്റവും വലിയ ഓപണിംഗിൽ നിന്ന് തുടങ്ങി ഏറ്റവും വേഗത്തിൽ 100, 200 കോടി ക്ലബ്ബുകളിൽ ഇടംപിടിച്ച മലയാള ചിത്രമായി എമ്പുരാൻ മാറി. മാർച്ച് 27ന് തിയേറ്ററുകളിലെത്തിയ സിനിമ 325 കോടി കളക്ഷൻ നേടിയ ശേഷമാണ് ഒടിടിയലെത്തിയിരിക്കുന്നത്.
ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ആണ് എത്തിയത്.
2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഖുറേഷി അബ്രാം അഥവാ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ എത്തുമ്പോൾ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ തുടങ്ങിയവർ വേഷമിടുന്നു.