റെക്കോർഡ് ചെയ്യരുത് എന്ന് ഞാൻ പറഞ്ഞപ്പോൾ ഇവർ പറഞ്ഞത്, ‘ഞാൻ പ്രമുഖ നടൻ ഒന്നുമല്ല ഫോൺ റെക്കോർഡ് ചെയ്യാൻ, നല്ല ആൾക്കാരാണ്’ എന്ന്, എന്നിട്ട് പിറ്റേ ദിവസം ഞാൻ അനുഭവിച്ച കാര്യങ്ങളൊക്കെ വൃത്തികെട്ട രീതിയിൽ മീഡിയയിൽ പറഞ്ഞു; എലിസബത്ത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ അമ്മാവന്റെ മകളെന്നാണ് കോകിലയെ കുറിച്ച് ബാല പറഞ്ഞിരുന്നത്. എലിസബത്തുമായുള്ള വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല.

എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്.

എലിസബത്ത് പല വെളിപ്പെടുത്തലുമായി രംഗത്തെത്തി തുടങ്ങിയതോടെയാണ് മലയാളികളിൽ ഒരു വിഭാഗം അമൃത പറഞ്ഞതും സത്യസന്ധമായ കാര്യങ്ങളായിരുന്നുവെന്ന് വിശ്വസിച്ച് തുടങ്ങിയത്. എലിസബത്തിനെ ബന്ധപ്പെടാൻ താനും സഹോദരിയും ശ്രമിച്ചിരുന്നുവെന്നും എന്നാൽ ചിലരുടെ ഇടപെടൽ മൂലം അതിനുള്ള സാഹചര്യം ഇല്ലാതായി എന്നും അഭിരാമി സുരേഷ് സമൂഹമാധ്യമങ്ങളിൽ കമന്റ് ചെയ്തതിന് പിന്നാലെയാണ് എലിസബത്ത് ഉദയന്റെ മറുപടി.

താൻ മാനസികമായി തകർന്നിരുന്നു സമയത്ത് ബാലയ്ക്കെതിരെ കേസ് കൊടുക്കണമെന്നു പറഞ്ഞ് നടന്റെ മുൻഭാര്യ തന്നെ സമീപിച്ചിരുന്നെന്നും താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയെന്നും എലിസബത്ത് പറയുന്നു. പുറത്ത് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് താൻ കേസ് കൊടുക്കാൻ തയാറാകാത്തതുകൊണ്ട് അവർ വെളിപ്പെടുത്തിയത്. മാനസികമായി മോശം അവസ്ഥയിലിരുന്ന തന്നെ പിന്നിൽ നിന്ന് കുത്തിയ അവരെ ഇനിയും വിശ്വസിക്കാൻ കഴിയില്ലെന്ന് എലിസബത്ത് പറയുന്നു.

നവംബറിൽ ഞാൻ സുഖമില്ലാതെ ഇരിക്കുന്ന സമയത്ത് ചില ആൾക്കാർ വിളിച്ചു, ഇയാൾക്കെതിരെ കേസ് കൊടുക്കണം എന്ന് പറഞ്ഞു. ഞാൻ ഡിപ്രഷനിൽ ഇരിക്കുന്ന സമയത്താണ്, ഐസിയുവിൽ കിടക്കുന്ന സമയത്ത് തുടർച്ചയായി കോൾ ചെയ്തുകൊണ്ടിരുന്നു. ഗുജറാത്തിൽ ആശുപത്രിയിൽ ബൈസ്റ്റാൻഡർ പോലും ഇല്ലാതെ കിടക്കുന്ന സമയത്ത് ഇവർ വിളിയോട് വിളിയാണ്, പോയി കേസ് കൊടുക്ക്, കേസ് കൊടുക്ക് എന്നാണ് പറയുന്നത്.

എനിക്ക് പേടിയാണ്, ഞാൻ ഓൾ റെഡി സ്ട്രെസ്സിലാണ്, എനിക്ക് ഈ സ്ട്രെസ്സും കൂടി എടുക്കാൻ വയ്യ’’ എന്നു പറഞ്ഞു. അതിനു ശേഷമാണ് എന്റെ മാതാപിതാക്കൾ ഒക്കെ എത്തിയത്. അവർ വരുന്നതിനു മുമ്പ് നമുക്ക് ഇതിൽ തീരുമാനം ഉണ്ടാക്കണം എന്നൊക്കെയാണ് പറഞ്ഞത്. അന്ന് ഞാൻ അവരുടെ കരച്ചിൽ കണ്ട് എന്റെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളൊക്കെ അവരോട് പങ്കുവച്ചിരുന്നു. ഇതൊന്നും റെക്കോർഡ് ചെയ്യരുത്, ഇത് ആരുമായും ഷെയർ ചെയ്യാൻ ഇഷ്ടമില്ല, എന്നൊക്കെ പറഞ്ഞതാണ്.

ആളുകളുടെ മുമ്പിൽ ഇട്ട് എന്നെ അന്ന് ഇങ്ങനെ ചെയ്തു അങ്ങനെ ചെയ്തു എന്നൊക്കെ പറയാൻ എനിക്ക് ഭയമായിരുന്നു. ആൾക്കാർ ഇതൊക്കെ അറിയുന്നതിൽ എനിക്ക് നാണക്കേട് ഉണ്ടായിരുന്നു. പക്ഷേ പിറ്റേ ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ആയി കിടക്കുന്ന ദിവസം തന്നെ ഞാൻ കേസിന് വരില്ല എന്ന് അറിഞ്ഞപ്പോൾ എന്റെ കോൾ റെക്കോർഡ് അടക്കമുള്ള കാര്യങ്ങൾ അവർ ഒരു മീഡിയ വഴി പറഞ്ഞു. ഇത് സത്യമാണോ എന്ന് അറിയണമെങ്കിൽ എന്റെ ഓഡിയോ റെക്കോർഡിങ് മെസ്സഞ്ചർ വഴി അയച്ചു കൊടുക്കാം എന്നും അവർ പറഞ്ഞു.

ഇവരെയൊക്കെ ആണോ ഞാൻ വിശ്വസിക്കേണ്ടത്? സുഖമില്ലാതെ ആശുപത്രിയിൽ ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് പിന്നിൽ നിന്ന് കുത്തിയ ആളുകളെ ആണോ ഞാൻ വിശ്വസിക്കേണ്ടത്? ഫോൺ റെക്കോർഡ് ചെയ്യരുത് എന്ന് ഞാൻ പറഞ്ഞപ്പോൾ ഇവർ പറഞ്ഞത്, ‘ഞാൻ പ്രമുഖ നടൻ ഒന്നുമല്ല ഫോൺ റെക്കോർഡ് ചെയ്യാൻ, നല്ല ആൾക്കാരാണ്’ എന്നാണ്. എന്നിട്ടാണ് പിറ്റേ ദിവസം അതെല്ലാം മീഡിയയിൽ പറഞ്ഞത്. ഞാൻ അനുഭവിച്ച കാര്യങ്ങളൊക്കെ വൃത്തികെട്ട രീതിയിൽ മീഡിയയിൽ പറഞ്ഞു.

ഞാൻ ആ സമയത്ത് മാനസികമായി തീരെ മോശം അവസ്ഥയിൽ ഇരിക്കുകയായിരുന്നു. ഇതിൽ ഇപ്പോൾ ഞാൻ ആരെയാണ് കുറ്റക്കാരായി കാണേണ്ടത്, ഈ രണ്ടുപേരും തമ്മിൽ എനിക്കിപ്പോൾ വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ല. എനിക്ക് ഇവരെ ഓർത്ത് ഭയങ്കര വിഷമവും കുറ്റബോധവും ഒക്കെ തോന്നിയിട്ടുണ്ട് മുമ്പ്. ഇത്ര ചെറുപ്പകാലത്ത് ഇതൊക്കെ അനുഭവിച്ചില്ലേ എന്നുള്ള ഒരു വിഷമം ഒക്കെ ഉണ്ടായിരുന്നു. ഇപ്പൊ എന്നെ സപ്പോർട്ട് ചെയ്യുന്ന യൂട്യൂബ് ചാനലുകളും എന്നെ സപ്പോർട്ട് ചെയ്യുമെന്ന പറഞ്ഞിരുന്ന ആൾക്കാരൊക്കെ വായ മൂടുമെന്നു നന്നായിട്ട് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇതൊക്കെ പറയുന്നത്.

കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ഇത്രക്കും മനുഷ്യ പറ്റില്ലാത്ത ആൾക്കാരുടെ കൂടെയൊക്കെ ഞാൻ എങ്ങനെയാണ് കൂടുന്നത്. എനിക്ക് പാർട്ടിക്കാരുടെയോ വലിയ ആളുകളുടെയോ പിന്തുണ ഇല്ല ഞാൻ ഒറ്റക്കാണ് പോരാടുന്നത്. ഫെയ്സ്‌ബുക്കിൽ എന്നെ സപ്പോർട്ട് ചെയ്യുന്ന കുറെ സാധാരണക്കാരുണ്ട്, എനിക്ക് അത്തരം ആളുകൾ മതി. അല്ലാതെ വലിയ കാശിന്റെയോ സെലിബ്രിറ്റി സ്റ്റാറ്റസിന്റെയോ സപ്പോർട്ട് ഒന്നും വേണ്ട. സപ്പോർട്ട് ചെയ്യേണ്ട ആൾക്കാരാണെങ്കിൽ ഇതിനു മുമ്പേ സപ്പോർട്ട് ചെയ്യേണ്ടതായിരുന്നു, ഈ പറഞ്ഞപ്പോൊക്കെ.

ഞങ്ങൾ സഹായിക്കാൻ പോയി എന്നിട്ട് സഹായം സ്വീകരിച്ചില്ല എന്നൊക്കെ പറയുമ്പോൾ ഇങ്ങനെ പിന്നിൽ നിന്ന് കുത്തിയിട്ടാണോ സഹായിക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഇതൊക്കെ ഏറ്റു പിടിച്ച് കുറെ ആളുകൾ ചോദിക്കുന്നു എന്താണ് അവരുടെ കൂടെ പോയി കേസ് കൊടുക്കാത്തതെന്ന്. കുറച്ചു കഴിഞ്ഞാൽ എന്റെ പിന്നിൽ ഇവർ കുത്തുമോ എന്ന് എങ്ങനെ അറിയും. ഞാൻ ഞാൻ ഒരു പ്രാവശ്യം ഇത് അനുഭവിച്ചതാണ്. എന്റെ ഏറ്റവും മോശമായ അവസ്ഥയിൽ ഞാൻ ഒരിക്കലും പുറത്ത് പറയാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ എന്റെ സമ്മതം കൂടാതെ പുറത്തുവിട്ടതാണ്.

എനിക്ക് ചെയ്യാൻപറ്റുന്നതിന്റെ പരമാവധി ചെയ്യും. എനിക്ക് ചാവാനും പേടിയില്ല, പൊലീസ് സ്‌റ്റേഷനിൽ കിടക്കാനും പേടിയില്ല. വിശ്വസിക്കുന്നവർ വിശ്വസിച്ചാൽ മതി, സപ്പോർട്ട് ചെയ്യുന്ന ആൾക്കാർ സപ്പോർട്ട് ചെയ്താൽ മതി. ഞാൻ വിചാരിച്ച ഒറ്റകാര്യം എന്നെ പോലെ അറിയാതെ വന്ന് മറ്റൊരാളും വലയിൽ ചെന്ന് കുടുങ്ങരുത് എന്നാണ്. അതുകൊണ്ടാണ് വിഡിയോ ചെയ്യുന്നത്, അതിനു റിസ്ക്ക് ഉണ്ട്, കേസ് വരും എന്നൊക്കെ അറിഞ്ഞു തന്നെയാണ് ചെയ്യുന്നത്. നാളെ വന്നിട്ട് വീട്ടിൽ കയറി വെട്ടുമെന്നൊക്കെ അറിയാം.

കാരണം ഇതൊക്കെ ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. ഇപ്പോഴും ഇയാളുടെ ഒപ്പം നടക്കുന്ന ആളുകൾക്ക് എന്തുമാത്രം ബന്ധം ഉണ്ടെന്നു എനിക്ക് നന്നായി അറിയാം. സപ്പോർട്ട് ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ. സപ്പോർട്ട് ചെയ്യുന്നു എന്നുള്ള രീതിയിൽ ഇങ്ങനെ ഉപദ്രവിക്കാതിരുന്നാൽ സമാധാനം ഉണ്ട്. സത്യസന്ധമായി ആയി പിന്തുണക്കുന്ന ചിലരുണ്ട് അവർ മതി എനിക്ക്, അല്ലാതെ സെലിബ്രിറ്റി ആയിട്ടുള്ള ആരും വേണ്ട.

നല്ല ആളുകളുടെ പിന്തുണ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. അതിനിടയിൽ കിടന്നു ആരും കളിക്കരുത്. വിഷമവും പേടിയും സംശയവും ഉള്ള ആൾക്കാർ ഇതിനൊന്നും നിൽക്കണ്ട. ഇനി ഇങ്ങനൊരു ഉണ്ടാവരുത് എന്നാണ് എന്റെ ആഗ്രഹം അതുകൊണ്ടാണ് ഞാൻ ഇതൊക്കെ പറയുന്നത്. ഇതൊക്കെ പറയണെങ്കിൽ നല്ല ബുദ്ധിമുട്ടാ, അനുഭവിച്ച ആൾക്കാർക്കെ പറയാൻ പറ്റുകയുള്ളൂ. ഞാൻ ഒറ്റക്ക് നിന്നാണ് ഫൈറ്റ് ചെയ്യുന്നത്, എനിക്ക് ആരുടേയും സപ്പോർട്ട് വേണ്ട, എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി എന്നുമാണ് എലിസബത്ത് പറഞ്ഞത്.

അതേസമയം, സ്വന്തം ജീവന് ഭീഷണി ഉണ്ടെന്നും തന്നെ മനഃപൂർവം അപായപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുവെന്നും എലിസബത്ത് പറഞ്ഞിരുന്നു. ഇന്ന് ഞാൻ കാറിൽ വരുന്ന സമയത്ത് ഒരാൾ ഒരു വണ്ടി കൊണ്ടുവന്നു ഞങ്ങളുടെ വണ്ടിയിൽ ഇടിപ്പിച്ചു. ഇത് എന്നെ പേടിപ്പിക്കാൻ ആരെങ്കിലും ചെയ്തതാണോ എന്നൊന്നും അറിയില്ല. ഒരു തവണ ഇടിച്ചാൽ അറിയാതെ ചെയ്തതാണെന്ന് കരുതാം. ഇത് രണ്ടുമൂന്നു തവണ വന്നു ഇടിച്ചു.

ഒരു തവണ ഇടിച്ചപ്പോൾ വണ്ടി നിർത്തി, ചോദിച്ചുകൊണ്ടിരുന്നപ്പോൾ വീണ്ടും ഇടിച്ചു, അത് കഴിഞ്ഞു മൂന്നാം തവണയും ഇടിച്ചു. ഇടിച്ചത് ക്ലോസ് റേഞ്ചിൽ ആയതുകൊണ്ടും അതൊരു ചെറിയ വണ്ടിയായതു കാരണവും ഞങ്ങളുടെ വണ്ടിക്ക് കാര്യമായ കുഴപ്പമൊന്നും സംഭവിച്ചില്ല. അയാളുടെ ബമ്പർ വന്നു ഞങ്ങളുടെ ടയറിനു മുകളിൽ ആണ് ഇടിച്ചത്. ഒന്നുകിൽ അയാൾ ബോധമില്ലാതെ ആണ് വണ്ടി ഓടിക്കുന്നത് അല്ലെങ്കിൽ അതൊരു ഭീഷണി തന്നെയാണ്.

എന്തായാലും ഇങ്ങനെ ഒക്കെ സംഭവങ്ങൾ നടക്കുന്നുണ്ട് എന്ന് നിങ്ങളെ അറിയിക്കാൻ ആണ് ഞാൻ പറഞ്ഞത്.‌ അത് ഒരു ഭീഷണി ആണോ അതോ ഇത്രയും വണ്ടി ഓടിക്കാൻ അറിയാത്ത ആളാണോ വണ്ടി ഓടിക്കുന്നത് എന്ന് അറിയില്ല. മൂന്നു തവണ സിംപിൾ ആയി വെറുതെ കൊണ്ട് വേറൊരു വണ്ടിയിൽ ഇടിക്കേണ്ട കാര്യമില്ല. എന്തായാലും എനിക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല ഞാൻ ഇതുവരെ സുരക്ഷിതയാണ്. കുറച്ചു ദിവസമായി കടുത്ത മാനസിക വിഷമത്തിൽ ആയത് കാരണം ആണ് വിഡിയോ ചെയ്യാതിരുന്നത്.

ഞാൻ വിഡിയോ ചെയ്യുന്നത് എനിക്ക് നീതി കിട്ടും എന്ന് കരുതി അല്ല. മറിച്ച് ഞാൻ ചത്താലും ഇതൊക്കെ എല്ലാവരും അറിയണം എന്നുള്ളതുകൊണ്ടാണ്. എന്റെ വിഡിയോയ്ക്ക് സപ്പോർട്ട് ചെയ്തു വിഡിയോ ഇട്ട പലർക്കും ഭീഷണി വരികയും പലർക്കും കോപ്പിറൈറ്റ് സ്ട്രൈക്ക് കിട്ടുകയും ചെയ്തു എന്നറിഞ്ഞു, അതിൽ വലിയ വിഷമമുണ്ട്. അയാളുടെ ഗസ്റ്റ് ഹൗസിന്റെ കാര്യം പറഞ്ഞു പലരും വിളിക്കുന്നുണ്ട്.

അവർക്ക് ഗസ്റ്റ് ഹൗസിൽ നടന്ന പല കാര്യങ്ങളും അറിയാം എന്നൊക്കെ പറഞ്ഞുകൊണ്ട് ഈ ഫോൺ നമ്പറിൽ വിളിക്കൂ എന്ന് പറയുന്നുണ്ട്. എനിക്ക് ഒരു നമ്പറിലും വിളിക്കേണ്ട കാര്യമില്ല, എനിക്ക് പറയാനുള്ളത് പറഞ്ഞു, മറ്റുള്ളവർ എന്നെപ്പോലെ ഇതിൽ പെടരുത് എന്ന് അറിയിക്കാനാണ് ഞാൻ ഇതൊക്കെ വിളിച്ചു പറയുന്നതെന്നും എലിസബത്ത് പങ്കുവെച്ച പുതിയ വീഡിയോയിൽ പറയുന്നു.

Vijayasree Vijayasree :