കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ അമ്മാവന്റെ മകളെന്നാണ് കോകിലയെ കുറിച്ച് ബാല പറഞ്ഞിരുന്നത്. എലിസബത്തുമായുള്ള വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല.
എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്.
സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് തുടങ്ങിയതോടെയായിരുന്നു എലിസബത്തിന് ജനപിന്തുണ കൂടിയത്. സോഷ്യൽമീഡിയയിലൂടെയായിരുന്നു അവർ ജീവിത വിശേഷങ്ങൾ പങ്കുവെച്ചിരുന്നത്. കുറച്ചുകാലം വ്ളോഗോ, പോസ്റ്റോ വന്നില്ലെങ്കിൽ അന്വേഷിക്കണമെന്ന് അവർ പറഞ്ഞിരുന്നു. പ്രാക്ടീസും പിജി പഠനവുമൊക്കെയായി തിരക്കിലാണ്. അതിനിടയിലാണ് വ്ളോഗുകൾ ചെയ്യുന്നത്. കുഴപ്പമില്ല എന്ന് അറിയിക്കാൻ വേണ്ടിയാണ് റീലുകൾ ചെയ്തിരുന്നത്.
ഡ്യൂട്ടിക്ക് പോവുന്ന സമയത്ത് കാലൊന്ന് ട്വിസ്റ്റായിരുന്നു. റോഡിലായിരുന്നു വീണത്. നേരത്തെ ലിഗമെന്റിന് പ്രശ്നമുണ്ടായിരുന്നു. എനിക്ക് വട്ടാണെന്ന് തെളിയിക്കാനായി ചിലരൊക്കെ എന്റെ നടത്തത്തെക്കുറിച്ചും പറഞ്ഞിരുന്നു. അവളുടെ നടത്തം കണ്ടാലറിയില്ലേ വട്ടാണെന്ന് എന്നായിരുന്നു പറഞ്ഞത്. എനിക്ക് ലിഗമെന്റിന് പ്രശ്നമുണ്ടായിരുന്നു. അന്ന് സർജറിയൊക്കെ പറഞ്ഞിരുന്നു. അത് ചെയ്തിരുന്നില്ല. കറക്റ്റ് സെറ്റാക്കാത്തത് കൊണ്ടാണ് നടപ്പില് പ്രശ്നം വന്നത്. അത് മാനസിക പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് വരുത്തി തീർക്കുകയായിരുന്നു. അത് വിശ്വസിക്കാനും കുറേപേരുണ്ടായിരുന്നു. ഇതൊക്കെ അടുത്തിടെയാണ് ഞാൻ അറിഞ്ഞത്.
അവളുടെ ഭക്ഷണം കഴിപ്പ് കണ്ടില്ലേ, എത്ര ഭക്ഷണമാണ് കഴിക്കുന്നത്. ഞാൻ കഴിച്ചതിന്റെ കണക്ക് വരെ പറഞ്ഞിരുന്നു. കല്യാണത്തിന് മുൻപ് എന്നെ കണ്ടാൽ പട്ടിണിക്കോലം പോലെയായിരുന്നു. കല്യാണം കഴിഞ്ഞപ്പോഴാണ് മനുഷ്യക്കോലമായത് എന്ന കമന്റ് കണ്ടിരുന്നു. കഴിച്ച ഫുഡിന്റെ കണക്ക് വരെ കേൾക്കേണ്ടി വരുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണ്.
സ്ട്രസ് കൂടുമ്പോൾ തടി കൂടും. ഭക്ഷണവും കൂടുതൽ കഴിക്കാൻ തോന്നും. ഉറക്കം ശരിയായില്ലെങ്കിലും തടി കൂടും. മൂന്നാല് വർഷം മുൻപ് 70, 71 കിലോ ആയിരുന്നു ഞാൻ. കറക്റ്റ് ബിഎം ഐ ആയിരുന്നു അന്ന്. എന്റെ വീട്ടിൽ ഭക്ഷണത്തിനൊന്നും കുറവില്ലായിരുന്നു. കാര്യങ്ങളെല്ലാം കൃത്യമായി തന്നെ നടത്തിയിരുന്നു. നീ വാരിത്തന്നില്ലെങ്കിൽ ഞാൻ കഴിക്കില്ലെന്ന് എന്നോട് പറയും. ഞാൻ ചെന്നില്ലെങ്കിൽ ഫുൾ അവൾ കഴിച്ച് തീർക്കും, എനിക്ക് ഭക്ഷണം കിട്ടില്ലെന്ന് അതിന്റെ ബാക്കിൽ പറയും. അത്രയും ആർത്തിയാണ് എന്ന സംസാരമൊക്കെയുണ്ടായിരുന്നു എന്നെല്ലാമാണ് എലിസബത്ത് ഉദയൻ പറയുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം എലിസബത്ത് പങ്കുവെച്ച വീഡിയോയും വൈറലായിരുന്നു. പല ചതികളും നടക്കുന്നുണ്ടെന്നും തന്റെ വായ മൂടിക്കെട്ടാനും പിന്തുണയ്ക്കുന്നവരെ നിശബ്ദമാക്കാനും പലരും ശ്രമിക്കുന്നുണ്ടെന്നും എലിസബത്ത് പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു. രു തയാറെടുപ്പും ഇല്ലാതെ ഭയപ്പെട്ട് ചെയ്യുന്ന വിഡിയോ ആണെന്നും ഒരു പുതപ്പിനു മറവിൽ മുഖം കാണിക്കാതെ വിഡിയോ ചെയ്യേണ്ടി വരുന്നതിൽ വിഷമമുണ്ടെന്നും പറഞ്ഞായിരുന്നു എലിസബത്ത് വീഡിയോ തുടങ്ങിയത് തന്നെ.
തുടർച്ചയായി വിഡിയോ ചെയ്യണം, പഴയപോലെ നോർമൽ വിഡിയോ ചെയ്യണം എന്നൊക്കെ ആഗ്രഹമുണ്ട്, പക്ഷേ കഴിയുന്നില്ല. പിന്നെ കുറെ കാര്യങ്ങൾ നടക്കുന്നുണ്ട്, കുറേ ചതികൾ നടക്കുണ്ട്, എനിക്കൊന്നും പറയാൻ പറ്റുന്നില്ല. എനിക്ക് വേണ്ടി ആത്മാർഥമായി പ്രാർഥിക്കുന്നവരെയും കമന്റ് ഇടുന്നവരെയും കാണുന്നുണ്ട്. അവരോടെല്ലാം നന്ദിയുണ്ട്. പല ആൾക്കാരും പലതും മറന്നുകഴിഞ്ഞു. പക്ഷേ എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളെല്ലാം എന്നെ ബാധിക്കുന്ന കാര്യങ്ങൾ തന്നെയാണ്.
ശരിക്കും എനിക്ക് പേടിയാണ് തോന്നുന്നത്, എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല. ചോദ്യങ്ങൾ ചോദിക്കുമ്പോൾ അല്ലെങ്കിൽ ഉത്തരം മുട്ടുമ്പോൾ വായടപ്പിക്കുന്ന പരിപാടികൾ അല്ലെങ്കിൽ, ചോദ്യം ചോദിച്ചാൽ നമ്മൾ ഇനി ഉണ്ടാകില്ല എന്നുള്ള പല കാര്യങ്ങളും നടക്കുന്നുണ്ട്. എനിക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയില്ല. ഞാൻ ഇതുവരെ സുരക്ഷിതയെന്നെ പറയാൻ പറ്റൂ.
ഇതൊക്കെ എല്ലാവരും അറിഞ്ഞുകൊണ്ട് നടക്കുന്ന കാര്യങ്ങളാണെന്ന് തോന്നുന്നു. അതുകൊണ്ട് എന്റെ വായ പൊത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. എനിക്ക് പിന്തുണയുമായി ആരെങ്കിലും വരുകയാണെങ്കിൽ അവരുടെയും വായ പൊത്തും. ഇനി എന്താണ് ചെയ്യേണ്ടെതെന്ന് അറിയാത്ത ഒരു അവസ്ഥയാണ്, നിങ്ങൾ പറഞ്ഞ സംഭവങ്ങളൊക്കെ ഞാൻ ചെയ്തിട്ടുണ്ട്.
പക്ഷേ അതിനെപറ്റിയൊന്നും കൂടുതൽ തുറന്നു പറയാൻ പറ്റില്ല. നമ്മൾ കൂടുതൽ ഇതിലേക്ക് ഇറങ്ങി പോകുംതോറും കൂടുതൽ പേടിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. പക്ഷേ അതിനൊന്നും തെളിവുകൾ എന്റെ കയ്യിൽ ഇല്ല. എനിക്ക് സംഭവിച്ച കാര്യങ്ങൾ എനിക്ക് പറയാം, പക്ഷേ ബാക്കിയുള്ള ആൾക്കാർ അനുഭവിച്ച കാര്യങ്ങൾ അവരല്ലേ പറയേണ്ടത്. അതുപോലെതന്നെ വേറെ പല സംഭവങ്ങളുംകുറച്ചു ദിവസങ്ങളായി കേൾക്കുന്നു.
ആത്മാർഥമായി എന്നെ സ്നേഹിക്കുന്ന ആൾക്കാരും എനിക്ക് വേണ്ടി പ്രാർഥിക്കുന്നവരും എന്നെ മറക്കരുത്. ഞാൻ ഫൈറ്റ് ചെയ്യുന്നുണ്ട്, നിങ്ങളുടെ പ്രാർഥന ഒപ്പം ഉണ്ടാകും എന്ന് വിചാരിക്കുന്നു. ഞാൻ ഇപ്പോൾ ചെയ്യുന്നതിനേക്കാൾ കൂടുതൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് എനിക്കറിയില്ല. മാനസികമായി തയാറെടുത്ത് ചെയ്യുന്ന വിഡിയോ അല്ല ഇത്, എനിക്ക് ഇതിൽ എന്തൊക്കെ പറയാൻ പറ്റും എന്നറിയില്ല. ഒരു ഭയത്തിൽ ചെയ്യുന്ന വിഡിയോ ആണ് എന്ന് വേണമെങ്കിൽ പറയാം.
എനിക്ക് ചുറ്റും കുറെ സംഭവങ്ങൾ നടക്കുന്നുണ്ട്. ഒന്നും തുറന്നു പറയാൻ കഴിയാത്ത നിയന്ത്രണങ്ങൾ ഉണ്ട്. നിങ്ങളോട് ഇത് പറയുമ്പോൾ നിങ്ങൾക്ക് എന്നെ സഹായിക്കാൻ പറ്റുമോ എന്ന് എനിക്കറിയില്ല. പറയാൻ കുറെ കാര്യങ്ങളുണ്ട് ഒന്നും പറയാൻ പറ്റുന്നില്ല. എല്ലാം ഇങ്ങനെ ഒരു പുതപ്പിന്റെ മറവിൽ പറയുമ്പോൾ എനിക്കും വിഷമമുണ്ട്. എല്ലാം കൂടി ഒറ്റയടിക്ക് പറഞ്ഞ് എന്തെങ്കിലും ആവട്ടെ എന്ന് വിചാരിച്ചിട്ട് പറയാനും പറ്റുന്നില്ല. ഇത്രകാലം ഞാൻപറഞ്ഞത് കേട്ടതിനൊക്കെ നന്ദിയുണ്ട്, പ്രാർഥിച്ചതിന് നന്ദിയുണ്ട്. എല്ലാവർക്കും നന്ദി എന്നുമായിരുന്നു എലിസബത്ത് പറഞ്ഞിരുന്നത്.
2021 ലാണ് ഡോക്ടറായ എലിസബത്ത് ഉദയനും ബാലയും വിവാഹിതരാവുന്നത്. നടനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് ഇഷ്ടത്തിലായ എലിസബത്ത് വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയായിരുന്നു. ശേഷം ഇരുവരും രഹസ്യമായി താമസം ആരംഭിച്ചു. അതിന് ശേഷം ഇരുവരുടെയും ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് താൻ വീണ്ടും വിവാഹിതനായെന്ന കാര്യം ബാല പുറംലോകത്തോട് പറയുന്നത്.
പിന്നാലെ എലിസബത്തിനൊപ്പമുള്ള വിവാഹറിസപ്ഷനും സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരും യൂട്യൂബ് ചാനലുകളുമൊക്കെ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പരസ്യമായി എലിസബത്തിന്റെ നെറ്റിയിൽ കുങ്കുമം ചാർത്തുകയും കാർ സമ്മാനമായി കൊടുക്കുകയുമൊക്കെ ചെയ്തു. എന്നാലിപ്പോൾ എലിസബത്ത് തന്റെ ഭാര്യയല്ലെന്നാണ് ബാല ആരോപിക്കുന്നത്.
ആരോപണങ്ങൾ തെറ്റാണെന്നും തന്റെ സമാധാന ജീവിതം തകർക്കാനാണ് ശ്രമമെന്നും ബാല വാദിച്ചു. താൻ റേപ്പ് ചെയ്യുമെന്ന് പോലും പറഞ്ഞു. അമ്മയുടെ പ്രായത്തിലുള്ളവരോട് എനിക്ക് ലെെംഗിക താൽപര്യമുണ്ടെന്ന് പറഞ്ഞു. ഇങ്ങനെ ഒരു ഡോക്ടർ സംസാരിക്കുമോ എന്നായിരുന്നു ബാലയുടെ ചോദ്യം. വെബ് സീരീസ് പോലെ എപ്പിസോഡ് ആയിട്ടല്ലേ വരുന്നത്. മനസ് നൊന്ത് ഒരു കാര്യം ചോദിക്കട്ടെ. ഞാൻ റേപ്പ് ചെയ്യുന്ന ആളാണോ. ഒരു സ്ത്രീയെ ഒരാൾ ഒന്നര വർഷം റേപ്പ് ചെയ്ത് കൊണ്ടിരിക്കുമോയെന്നും ബാല ചോദിച്ചു. വളരെ മോശം ആരോപണമാണ് എലിസബത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പറഞ്ഞ് കോകില സോഷ്യൽ മീഡിയയിൽ പലരും അധിക്ഷേപിക്കുന്നെന്നും പറഞ്ഞു.
ബാലയ്ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും 2008-2009 കാലയളവിൽ നടന്റെ ജീവിതത്തിൽ ഒരു സ്ത്രീയുണ്ടായിരുന്നുവെന്നും ഇരുവരും വിവാഹം ചെയ്തിരുന്നുവെന്നുമാണ് എലിസബത്ത് പറയുന്നത്. വേറെയും നിരവധി സ്ത്രീ കഥാപാത്രങ്ങൾ ബാലയുടെ ജീവിതത്തിലുണ്ടെന്നും വൈഫായി എവിടെയും പരിചയപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട് പലരും പുറത്തേക്ക് വരുന്നില്ലെന്നും എലിസബത്ത് പറയുന്നു. 2008-2009 കാലയളവിൽ ഇയാളുടെ ജീവിതത്തിൽ ഒരാളുണ്ടായിരുന്നു. ആ ആളുമായി ഇപ്പോഴും കോൺടാക്ടുണ്ട്. യുഎസ്എ പ്രോഗ്രാം എന്ന പേരിലാണ് നമ്പർ സേവ് ചെയ്ത് ഇയാൾ വെച്ചിരുന്നത്. അതുകൊണ്ട് തന്നെ എന്റെ മുമ്പിൽ വെച്ച് കോളുകൾ എടുക്കുമായിരുന്നില്ല.
പിന്നീട് ഒരു ദിവസം കള്ള് കുടിച്ച് ബോധമില്ലാതെയായ സമയത്താണ് ഇങ്ങനൊരാളായിരുന്നുവെന്ന് പറഞ്ഞത്. അപ്പോഴും ഇവർ കല്യാണം കഴിച്ചിരുന്നുവെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഇഷ്ടത്തിലായിരുന്നു പക്ഷെ വേറൊരു കാശുള്ള യുഎസ്എക്കാരൻ വന്നപ്പോൾ ചതിച്ചിട്ട് പോയി എന്നാണ് എന്നോട് പറഞ്ഞത്. പഠിപ്പില്ലെന്ന് പറഞ്ഞുവെന്ന് പറഞ്ഞും ഭയങ്കര കരച്ചിലായിരുന്നു അന്ന്. എനിക്കും അന്ന് വിഷമം തോന്നിയിരുന്നു. ആ പെണ്ണിനെ കുറിച്ചും പല കുറ്റങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്.
ഞാൻ അവിടെ നിന്ന് വരും വരെ ഇടയ്ക്ക് ആ പെണ്ണിന്റെ കോൾ കാണാമായിരുന്നു. അതുകൊണ്ട് തന്നെ അവർ എപ്പോഴെങ്കിലും പ്രതികരിക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല. ഇതിനിടയിൽ വേറെയും നിരവധി സ്ത്രീ കഥാപാത്രങ്ങളുണ്ട്. വൈഫായി എവിടെയും പരിചയപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട് പുറത്തേക്ക് വരുന്നില്ലെന്ന് മാത്രം. എല്ലാവരും പേടിച്ച് മിണ്ടാതിരിക്കും. ഞാനും മിണ്ടാതെയിരിക്കുകയായിരുന്നു. ഞാനല്ല ആരെയും ഉപദ്രവിക്കാൻ തുടങ്ങിയത്. നീതി കിട്ടിയാലും കിട്ടിയില്ലെങ്കിലും എനിക്ക് പ്രശ്നമില്ല. ഞാൻ പ്രതീക്ഷിക്കുന്നില്ലെന്നും എലിസബത്തും വ്യക്തമാക്കിയിരുന്നു.