എലിസബത്തിന് കിട്ടുന്നത് പോലൊരു സപ്പോർട്ട് ഞങ്ങൾക്കൊരിക്കലും കിട്ടിയിട്ടില്ല, ചേച്ചിയുടെ ഹണിമൂൺ എന്നൊക്കെ പറയുന്നത് ഭയങ്കര ഡാർക്ക് ആയിട്ടുള്ള അവസ്ഥയാണ്; അഭിരാമി സുരേഷ്

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്. നടിയായും മോഡലായും ഗായികയായുമെല്ലാം അഭിരാമി തിളങ്ങിയിട്ടുണ്ട്. എന്നാൽ അമൃതയ്‌ക്കൊപ്പം ബിഗ് ബോസിൽ എത്തിയതോടെയാണ് കൂടുതൽ പേർക്ക് സുപരിചിതയാകുന്നത്.

ഇരുവരും ഒന്നിച്ചു നടത്തിയിരുന്ന യൂട്യൂബ് ചാനലും ബാൻഡുമൊക്കെ ആരാധകർക്കിടയിൽ ഹിറ്റായിരുന്നു. ചേച്ചിയെ ഒരുപാട് സ്‌നേഹിക്കുന്ന അനിയത്തിയാണ് അഭിരാമി സുരേഷ്. സഹോദരി എന്നതിനൊപ്പം അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഇരുവരും. അമൃതയെ എല്ലാ കാര്യങ്ങളിലും പിന്തുണയ്ക്കുന്ന ആളാണ് അഭിരാമി. ചേച്ചിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രംഗത്തെത്താറുള്ളത് അഭിരാമിയാണ്.

ബലയുടെ മുൻ ഭാര്യ എലിസബത്ത് പല വെളിപ്പെടുത്തലുമായി രംഗത്തെത്തി തുടങ്ങിയതോടെയാണ് മലയാളികളിൽ ഒരു വിഭാഗം അമൃത പറഞ്ഞതും സത്യസന്ധമായ കാര്യങ്ങളായിരുന്നുവെന്ന് വിശ്വസിച്ച് തുടങ്ങിയത്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും വിവാദങ്ങളെ കുറിച്ചുമൊക്കെ പുതിയ ക്യൂ ആൻഡ് ഏ യിലൂടെ സംസാരിക്കുകയാണ് അഭിരാമി. വിവാഹം കഴിക്കുന്നില്ലേ? എല്ലാവരും ഒരുപോലെ ആയിരിക്കില്ലെന്നാണ് ഒരു ആരാധിക അഭിരാമിയോട് ചോദിച്ചത്. ‘തീർച്ചയായിട്ടും കല്യാണം കഴിക്കണം. ഞാൻ ചെറുതായിരുന്ന സമയത്ത്, വളരെ ചെറുപ്പമല്ല, കല്യാണത്തെ കുറിച്ചൊക്കെ പറയുകയും സാരി ഉടുത്തൊക്കെ നോക്കാൻ ഇഷ്ടപ്പെടുന്ന സമയത്ത് എനിക്കും ഭയങ്കര താൽപര്യമായിരുന്നു. പക്ഷേ എന്റെ ചേച്ചിയുടെ ജീവിതത്തിലുണ്ടായ സംഭവങ്ങൾ കണ്ടതോടെ എനിക്ക് കല്യാണമെന്ന് കേൾക്കുന്നത് പേടിയായി.

പിന്നെ എനിക്ക് റിലേഷൻഷിപ്പിലാണെങ്കിലും പേഴ്‌സണലി ഉണ്ടായത് വളരെ മോശം അനുഭവങ്ങളാണ്. വ്യക്തിപരമായി എനിക്ക് ഉണ്ടായതും ഞാൻ ചുറ്റിനും കണ്ടിട്ടുള്ളതും വളരെ പേടിപ്പെടുത്തുന്നതാണ്. അതിൽ നിന്നും പുറത്ത് വരാൻ എനിക്കിനിയും സമയം വേണം. പെൺകുട്ടികൾ ആണെങ്കിലും ആൺകുട്ടികൾ ആണെങ്കിലും എല്ലാവരും അവരുടെ സാമ്പത്തിക ഭദ്രതയൊക്കെ ഉറപ്പിച്ചതിന് ശേഷം മാത്രം വിവാഹിതരാവണമെന്നാണ് എനിക്ക് പറയാനുള്ളത്.

പണ്ടൊക്കെ ഞാൻ ചിന്തിച്ചിരുന്നത് 22, 23 വയസിലെങ്കിലും വിവാഹം കഴിക്കുമെന്നാണ്. പക്ഷേ എനിക്കിപ്പോൾ 28 വയസായി. ഇപ്പോഴും വിവാഹിതയല്ല. ചുറ്റിമുള്ള പലരുടെയും ജീവിതം കാണുമ്പോൾ വിവാഹത്തിന് മുൻപേ ലൈഫ് സെറ്റിൽഡാവണമെന്ന് തോന്നുന്നു. നാളെ ആ റിലേഷൻഷിപ്പ് ബ്രേക്ക് ആയാൽ നമ്മുടെ കാര്യങ്ങൾ നോക്കി മുന്നോട്ട് പോകാനുള്ള മെച്യൂരിറ്റിയിലേക്ക് എത്തണം. വിവാഹം ജീവിതത്തെ തന്നെ തിരുത്തി കളഞ്ഞേക്കും.

എന്റെ അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അവർക്കിടയിലും വഴക്കൊക്കെ ഉണ്ടാവുമായിരുന്നു. അതിന് മുകളിലുള്ള സ്‌നേഹം പഴയ ജനറേഷനിലുള്ള ആളുകളിലേ ഞാൻ കണ്ടിട്ടുള്ളു. എന്റെയും ചേച്ചിയുടെയും മാറ്റി നിർത്തിയാലും എനിക്ക് നേരിട്ട് കാണുമ്പോൾ ആഴമുള്ളതായി തോന്നുന്നില്ല. എനിക്ക് പക്ഷേ കുറച്ച് ആഴത്തിലുള്ള സ്‌നേഹമാണ് വേണ്ടത്. എന്നെ കാണുമ്പോൾ തന്നെ ലുക്ക് നോക്കിയിട്ട്, അഭിരാമി ഇങ്ങനെയാണ് എന്നാണ് ആളുകളുടെ ധാരണ. ഇതിനെ മറികടന്ന് എന്നെ പിന്തുണയ്ക്കുന്ന ആളായിരിക്കണം.

ഒരു സപ്പോർട്ടിങ് സിസ്റ്റമാണ് ഞാൻ ആഗ്രഹിക്കുന്നത്. തിരിച്ചും ഞാൻ അങ്ങനെയായിരിക്കും. ആ സംഭവത്തിലേക്ക് എത്താൻ പറ്റുന്നൊരു സിറ്റുവേഷനിലല്ല ഞാനിപ്പോഴുള്ളത്. ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. കല്യാണമൊക്കെ ഞാൻ കുറച്ചൂടി സമാധാനത്തിലിരിക്കുമ്പോൾ വേണം ചെയ്യാൻ. സമ്മർദ്ദത്തിലിരിക്കുമ്പോൾ ചെയ്യാൻ പറ്റുന്നതല്ല കല്യാണം. എന്തായാലും ചെറുതിലേ വിവാഹം കഴിക്കണമെന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്ന ആള് തന്നെയാണ് ഞാൻ. ഇപ്പോഴും അതിന് മാറ്റമില്ല.

ഞാനായിട്ട് കൊണ്ട് വരുന്ന എന്റെ പാർട്‌നർ എന്ന് പറയുന്ന ആൾ എനിക്ക് ഭയങ്കര സംഭവമായിരിക്കും. പക്ഷേ എന്തേലും ഒരു പ്രശ്‌നം വന്നാൽ ഞാനതിൽ കടിച്ച് തൂങ്ങി നിൽക്കില്ല. അത് കാരണം എന്നെ തെറ്റായി ചിത്രീകരിച്ചാലും കുഴപ്പമില്ല. പിന്നെ കുടുംബത്തിൽ ഇത്രയും പ്രശ്‌നം നടക്കുന്നതിനാൽ എന്റെ കല്യാണം എങ്ങനെയാണെന്ന് എല്ലാവരും നോക്കി നിൽക്കുന്ന കാര്യമായിരിക്കും. അതിന് വേണ്ടി എനിക്കാകെ ചെയ്യാനുള്ള സൊലുഷൻ എന്ന് പറയുന്നത് സ്വന്തം കാലിൽ നിൽക്കുക എന്നതാണ്. കരിയറും സ്വപ്‌നങ്ങളുമൊക്കെ സെറ്റ് ചെയ്ത്, സാമ്പത്തികമായിട്ടും നിലനിൽപ്പ് വന്നതിന് ശേഷം മാത്രം കല്യാണത്തെ കുറിച്ച് ചിന്തിക്കാമെന്നും അഭിരാമി പറയുന്നു.

മുൻഭർത്താവും ചേച്ചിയും തമ്മിലുണ്ടായ പ്രശ്‌നം തന്റെ കുടുംബത്തെ എത്രത്തോളം ബാധിച്ചിരുന്നു എന്നതിനെ കുറിച്ചും അഭിരാമി വ്യക്തമാക്കി. ‘ഈ പ്രശ്‌നം വന്ന സമയത്ത് പിആർ വർക്കോ മറ്റോ ആയിരിക്കാം, എന്തായാലും അതിലൂടെ കിട്ടിയ അടിയുടെ ആഘാതം ഒരുപാട് വർഷം ഉണ്ടായിരുന്നു. ഞങ്ങൾ ഭയങ്കര മോശമായി ചിത്രീകരിക്കപ്പെട്ടു. അതിന്റെ ഒക്കെ അവസാനം സഹിക്കെട്ടിട്ടാണ് ചേച്ചി പോയി ഒരു കേസ് കൊടുക്കുന്നത്. അതിന് ശേഷം കുറച്ച് ആക്രമണം കുറവുണ്ട്. അതിന് മുൻപൊക്കെ ഞങ്ങളുടെ കുടുംബം അനുഭവിച്ച ഒരുപാട് കാര്യങ്ങൾ വേറെയുമുണ്ട്. അത് വന്ന് സംസാരിക്കാനുള്ള സമയമായിട്ടില്ല. ചില കരാറുകൾ ഉള്ളതിനാൽ അതിനെ കുറിച്ച് സംസാരിക്കാൻ നിയമപരമായ സാധ്യതയില്ലാത്തത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. ഇപ്പോൾ ഒന്നും മിണ്ടാതെ സൈഡിൽ കൂടി പോയിട്ടും ഞങ്ങളെ ഇതിലേക്ക് വലിച്ചിടുകയാണ്.

എലിസബത്തിന് കിട്ടുന്നത് പോലൊരു സപ്പോർട്ട് ഞങ്ങൾക്കൊരിക്കലും കിട്ടിയിട്ടില്ല. ഇര എന്ന് പറയുന്നത് ഇര തന്നെയാണ്. അല്ലാതെ വിക്ടിം കാർഡ് ഇറക്കുന്നതല്ല. എലിസബത്തിനെ എല്ലാവരും അംഗീകരിച്ചതിൽ എനിക്കൊത്തിരി സന്തോഷമുണ്ട്. കാരണം എന്തോ ഒരു സത്യം അവരുടെ ഉള്ളിൽ ഉള്ളത് ദൈവം തുണയ്ക്കുന്നുണ്ട്. അതിനുള്ള പിന്തുണ മലയാളികൾ നൽകുന്നുമുണ്ട്. ഞങ്ങൾക്ക് കിട്ടാതെ പോയതാണെങ്കിലും അവർക്കത് കിട്ടുമ്പോൾ സന്തോഷമാണ്. ചേച്ചിയുടെ ജീവിതത്തിൽ സംഭവിച്ചതെന്താണെന്ന് സംസാരിക്കാൻ എനിക്ക് സാധിക്കുമെന്നും അതിൽ പ്രശ്‌നം ഒന്നുമില്ലെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. സത്യത്തിൽ അങ്ങനെയല്ല. ഞാനും ഇതിനെ കുറിച്ച് സംസാരിച്ചാൽ നിയമപരമായി അത് പ്രശ്‌നമുണ്ടാവുന്നതാണ്.

ചേച്ചിയും എലിസബത്തും മുൻപ് സംസാരിച്ചിരുന്നു. അവർ നല്ല ബോൾഡ് ആയിട്ടുള്ള ആളാണ്. പുള്ളിക്കാരിയ്ക്ക് നിയമത്തിൽ വിശ്വാസം വരുന്നില്ലെന്ന് തോന്നുന്നു. എലിസബത്ത് അനുഭവിച്ചത് എന്താണെന്ന് എല്ലാവർക്കും മനസിലായി. അപ്പോൾ അത്രയും വർഷം എന്റെ ചേച്ചി എത്രത്തോളം അനുഭവിച്ചിട്ടുണ്ടാവുമെന്ന് ചിന്തിച്ചാൽ മതി. ഞാൻ എന്ത് പറഞ്ഞാലും അത് പൈസയ്ക്ക് വേണ്ടിയാണെന്ന് വ്യാഖ്യാനിക്കപ്പെടുകയാണ്. അതേ സമയം എലിസബത്ത് വളരെ ബോൾഡായി കാര്യങ്ങൾ അവതരിപ്പിച്ചു. അവർ ശരിയായ ട്രാക്കിലാണ്. ഇനി എന്റെ ചേച്ചി വന്ന് സംസാരിച്ചാൽ അത് കൂടുതൽ കുഴപ്പത്തിന് വഴിയൊരുക്കുകയേ ഉള്ളു.

ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ആളുകൾ പറയാൻ തുടങ്ങും. പിന്നെ ഈയൊരു ടോപ്പിക്ക് സംസാരിക്കുമ്പോൾ ചേച്ചി ഭയങ്കരമായി ഡ്രാമാറ്റിക് ആവുന്നത് പോലെ എനിക്ക് തോന്നാറുണ്ട്. ചേച്ചി പറയുന്നത് മറ്റുള്ളവർക്ക് മനസിലാവാറില്ല. കാരണം ഒരുപാട് വർഷം മുൻപേ അനുഭവിക്കുന്നതാണ്. അവരുടെ ഹണിമൂൺ എന്നൊക്കെ പറയുന്നത് ഭയങ്കര ഡാർക്ക് ആയിട്ടുള്ള അവസ്ഥയാണ്. എലിസബത്ത് പറയുന്നതുമായി സാമ്യമുള്ള അനുഭവങ്ങളാണ് ചേച്ചിയ്ക്കും ഉണ്ടായിട്ടുള്ളത്.

എലിസബത്തിന് വേറെ നിയമക്കുരുക്കൾ ഇല്ലാത്തതിനാൽ പ്രശ്‌നമില്ല. ആരോപണവുമായി മുന്നോട്ട് പോകാം. പക്ഷേ ഞങ്ങൾക്ക് സംസാരിക്കുമ്പോൾ ഒത്തിരി ശ്രദ്ധിക്കാനുണ്ട്. എലിസബത്ത് പറയുന്നതൊക്കെ കറക്ടാണെങ്കിലും ഇങ്ങനെ സംസാരിച്ച് കൊണ്ടിരിക്കുന്നതിൽ കാര്യമില്ല. നിയമപരമായി അതിന് ചെയ്യേണ്ടത് ചെയ്താൽ മാത്രമേ നമുക്കൊരു നീതി നടപ്പിലാക്കി കിട്ടുകയുള്ളു എന്നും അഭിരാമി കൂട്ടിച്ചേർത്തു.

അതേസമയം, തന്നോട് വിശ്വ വഞ്ചന കാണിച്ചവർക്ക് എതിരെ എലിസബത്ത് രംഗത്തെത്തിയിരുന്നു. കുറച്ചു ദിവസമായി കടുത്ത മാനസിക വിഷമത്തിൽ ആയത് കാരണം ആണ് വിഡിയോ ചെയ്യാതിരുന്നത്. ഞാൻ വിഡിയോ ചെയ്യുന്നത് എനിക്ക് നീതി കിട്ടും എന്ന് കരുതി അല്ല. മറിച്ച് ഞാൻ ചത്താലും ഇതൊക്കെ എല്ലാവരും അറിയണം എന്നുള്ളതുകൊണ്ടാണ്.

എന്റെ വിഡിയോയ്ക്ക് സപ്പോർട്ട് ചെയ്തു വിഡിയോ ഇട്ട പലർക്കും ഭീഷണി വരികയും പലർക്കും കോപ്പിറൈറ്റ് സ്ട്രൈക്ക് കിട്ടുകയും ചെയ്തു എന്നറിഞ്ഞു, അതിൽ വലിയ വിഷമമുണ്ട്. അയാളുടെ ഗസ്റ്റ് ഹൗസിന്റെ കാര്യം പറഞ്ഞു പലരും വിളിക്കുന്നുണ്ട്, അവർക്ക് ഗസ്റ്റ് ഹൗസിൽ നടന്ന പല കാര്യങ്ങളും അറിയാം എന്നൊക്കെ പറഞ്ഞുകൊണ്ട് ഈ ഫോൺ നമ്പറിൽ വിളിക്കൂ എന്ന് പറയുന്നുണ്ട്. എനിക്ക് ഒരു നമ്പറിലും വിളിക്കേണ്ട കാര്യമില്ല, എനിക്ക് പറയാനുള്ളത് പറഞ്ഞു, മറ്റുള്ളവർ എന്നെപ്പോലെ ഇതിൽ പെടരുത് എന്ന് അറിയിക്കാനാണ് ഞാൻ ഇതൊക്കെ വിളിച്ചു പറയുന്നത്.

ചില ആൾക്കാർ പറയുന്നത് കണ്ടു, ഞങ്ങൾ 14 വർഷം അനുഭവിച്ചതാണ് ഇവർ രണ്ടു വർഷമേ അനുഭവിച്ചുള്ളൂ എന്ന്. രണ്ടു വർഷം അനുഭവിച്ചവർക്ക് ഇത്രയും സപ്പോർട്ട് കിട്ടുന്നുണ്ട്, 14 വർഷം അനുഭവിച്ചപ്പോൾ ആരും സപ്പോർട്ട് ചെയ്തില്ല എന്നൊക്കെ പറയുന്നുണ്ട്‌. എന്നെ ആരും സപ്പോർട്ട് ചെയ്യണം എന്ന് ഞാൻ ഞാൻ പറയുന്നില്ല. ഞാൻ അനുഭവിച്ചത് ഇനി വേറെ ആരും അനുഭവിക്കരുത്. ഞാൻ ആദ്യം തന്നെ കേസുമായി പോയെങ്കിൽ എനിക്ക് ഇതൊന്നും പറയാൻ പറ്റിയെന്ന് വരില്ല. ഇപ്പോഴും എത്ര ആളുകൾ അയാളെ സപ്പോർട്ട് ചെയ്തു നടക്കുന്നുണ്ട്.

ഇത്രയൊക്കെ വിളിച്ചു പറഞ്ഞിട്ടും സപ്പോർട്ട് ചെയ്യുന്നില്ലേ, ഞാൻ ഒരു നാലഞ്ച് ദിവസം വിഡിയോ ഇടാൻ വൈകിയപ്പോൾ എന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു വരുന്നുണ്ട്. എന്നെ സംശയം ഉള്ള ആരും എന്നെ പിന്തുണയ്ക്കണ്ട, ഞാൻ എന്റെ കാര്യം നോക്കി മുന്നോട്ട് പോകുന്നുണ്ട്. എനിക്ക് ഡിപ്രെഷൻ ഉണ്ട് അതിനു മരുന്ന് കഴിക്കുന്നുണ്ട്, ചെറിയ വിഷമങ്ങൾ ഒക്കെ ഉണ്ട് അല്ലാതെ വേറെ പ്രശ്നം ഒന്നും ഇല്ല. എന്നെ അല്ല അയാളെ ആണ് നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ അയാളുടെ കുഴിയിൽ പോയി ചാടിക്കോ. ഞാൻ ഒരു എംഡി ക്ക് പഠിക്കുന്ന വിദ്യാർഥി ആണ് എനിക്ക് രാഷ്ട്രീയക്കാരുമായി ഒന്നും ബന്ധമില്ല.

എന്റെ കുടുംബത്തെ നാണം കെടുത്തുന്ന പരിപാടികൾ നടക്കുന്നുണ്ട്, എന്റെ ജീവന് ഭീഷണി ഉണ്ട്, എനിക്ക് മാത്രം അല്ല എന്റെ കുടുംബാംഗങ്ങളുടെ ജീവനും ഭീഷണി ഉണ്ട്. ഇനി ആരും ഈ ചതിക്കുഴിയിൽ വീഴരുത് എന്നുള്ളതുകൊണ്ടാണ് ഞാൻ പറയുന്നത്. ഈ സപ്പോർട്ടിന്റെ കണക്കൊന്നും പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കാൻ നോക്കണ്ട. എന്നെ ആരും സപ്പോർട്ട് ചെയ്തില്ലെങ്കിലും സോഷ്യൽ മീഡിയ ഉള്ള കാലത്തോളം എന്നെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്നതുവരെയും ഞാൻ പറഞ്ഞുകൊണ്ടിരിക്കുമെന്നുമാണ് എലിസബത്ത് പറഞ്ഞിരുന്നത്.

Vijayasree Vijayasree :