എട്ട് വര്‍ഷത്തെ പ്രണയ സാഫല്യം; യുവ നടൻ ശാലു റഹിം വിവാഹിതനായി; വധു ഡോക്ടറായ നടാഷ മനോഹർ!!!

യുവനടൻ ശാലു റഹിം വിവാഹിതനായി. ഡോക്ടറായ നടാഷ മനോഹർ ആണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവർ ഒന്നായത്. ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് ശാലു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.

‘‘ഞങ്ങൾ ക്ലാസ്മേറ്റ്സ് ആയിരുന്നു. പ്ലസ് വണ്ണിൽ ഒന്നിച്ചായിരുന്നു പഠിച്ചത്. പതിമൂന്ന് കൊല്ലമായി പരസ്പരം അറിയാം. നല്ല സുഹൃത്തുക്കളായിരുന്നു. അതു പിന്നീട് പ്രണയത്തിലെത്തുകയും ഒന്നിച്ചു മുന്നോട്ടുപോകാനുള്ള തീരുമാനമെടുക്കുകയുമായിരുന്നു. ’’–ശാലു പറയുന്നു.

ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. ഹിന്ദു ആചാരപ്രകാരം പൂവാർ കായലിന് സമീപത്തുള്ള ഒരു റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം നടന്നത്. കുർത്തയും മുണ്ടുമാണ് ശാലു വിവാഹത്തിന് ധരിച്ചത്. ചുവപ്പും ഓറഞ്ചും കലർന്ന പട്ടുസാരിയാണ് വധു നടാഷ മനോഹർ ധരിച്ചിരുന്നത്.

വിവാഹത്തിന് മുൻപ് ശാലു ഹൽദിയുടെ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ചിരുന്നു. നോ റിച്ച് വെഡിങ് ആണ് വിവാഹത്തിന്റെ ചിത്രങ്ങൾ എടുത്തത്. ശാലുവിന്റെ സിനിമയിലുള്ള അടുത്ത സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

പീസ്, ഒറ്റക്കൊരു കാമുകന്‍, മറഡോണ, കളി, ബുള്ളറ്റ് എന്നിവയാണ് പ്രധാന സിനിമകൾ. ജി.വി. പ്രകാശ് നായകനായ റിബല്‍ എന്ന തമിഴ് സിനിമയിലും താരം ശ്രദ്ധേയമായൊരു വേഷം ചെയ്തിരുന്നു.

Athira A :