കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു യൂട്യൂബർ എൽവിഷ് യാദവ് നിശാപാർട്ടികളിൽ പാമ്പിൻ വിഷം ലഹരിയിൽ കലർത്തി ഉപയോഗിച്ചതായുള്ള വാർത്തകൾ പുറത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഈ സംഭവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൽവിഷ് യാദവിനെ ചോദ്യം ചെയ്യാൻ ഹാജരാകാൻ സമൻസയച്ചിരിക്കുകയാണ് ഇഡി.
ജൂലൈ 23 ന് ഹാജരാകാനാണ് നിർദ്ദേശം. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ പൊലീസ് എൽവിഷിനും മറ്റ് പ്രതികൾക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. മെയ്യിൽ കേസ് ഏറ്റെടുത്ത ഇഡി കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമ (PMLA ) പ്രകാരമുള്ള വകുപ്പുകൾ കൂടി ഇവർക്കെതിരെ ചുമത്തുകയായിരുന്നു.
കേസിൽ എൽവിഷ് യാദവുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഹരിയാന സ്വദേശിയായ ഗായകൻ രാഹുൽ യാദവിനെ ഇഡി കഴിഞ്ഞ ആഴ്‌ച ചോദ്യം ചെയ്തിരുന്നു. പാർട്ടികളിൽ ലഹരിക്കൊപ്പം ഉത്തേജന മരുന്നായി പാമ്പിന്റെ വിഷം ഉപയോഗിച്ചെന്ന സംശയത്തെ തുടർന്നുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് മാർച്ച് 17 ന് നോയിഡ പോലീസ് എൽവിഷ് യാദവിനെ അറസ്റ്റ് ചെയ്തിരുന്നു.
2023 നവംബർ മൂന്നിന് നോയിഡ സെക്ടർ 51 ലെ ഒരു വിരുന്ന് ഹാളിൽ നടത്തിയ റെയ്‌ഡിൽ നാലു പാമ്പാട്ടികളെ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 9 പാമ്പുകളെയും പാമ്പിൻ വിഷവും ഇവിടെനിന്നും കണ്ടെടുത്തു. എന്നാൽ സംഭവസ്ഥലത്ത് എൽവിഷ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പൊലീസ് അറസ്റ്റ് ചെയ്തില്ല.
ബിജെപി എംപി മേനകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പിഎഫ്എ (പീപ്പിൾ ഫോർ ആനിമൽ) സംഘടന വ്യാജമേൽവിലാസത്തിൽ എൽവിഷിനെ ബന്ധപ്പെട്ട് പാമ്പുകളെയും പാമ്പിൻ വിഷവും വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി രാഹുൽ എന്നയാളുടെ നമ്പർ എൽവിഷ് കൈമാറി.
സെക്ടർ 51 ലെ ഹാളിലേക്ക് വരാൻ പിഎഫ്എ സംഘത്തോട് രാഹുലാണ് ആവശ്യപ്പെട്ടത്. തുടർന്ന് ഇവിടെയെത്തിയ പിഎഫ്എ ടീം പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തുകയും പാമ്പാട്ടികളെയും രാഹുലിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നിരവധി കാഴ്ചക്കാരുള്ള റിയാലിറ്റി ഷോ ആയ ബിഗ് ബോസ് OTT 2 ന്റെ വിജയി കൂടിയായ എൽവിഷിനെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് (NDPS ) ആക്ട്, വന്യജീവി സംരക്ഷണ നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് നോയിഡ പൊലീസ് കേസെടുത്തിരുന്നത്.