മലയാള സിനിമയെ സംബന്ധിച്ച് 2024 ഹിറ്റുകളുടെ തുടക്കമായിരുന്നു. റിലീസായ മിക്ക ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. എന്നാല്‍ ഇപ്പോഴിതാ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ പ്രദര്‍ശന വിജയം നേടിയ മുഴുവന്‍ സിനിമകളുടെയും സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ്(ഇഡി).
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കള്ളപ്പണം വെളുപ്പിച്ച കേസില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ചരിത്രം സൃഷ്ടിച്ച’മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ നിര്‍മാതാക്കളുടെയും വിതരണക്കാരന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിയമോപദേശം തേടിയത്. ഇതിന് പിന്നാലെയാണ് അടുത്ത നടപടി.
മഞ്ഞുമ്മല്‍ ബോയ്‌സിനെതിരായ ഇ ഡി അന്വേഷണത്തില്‍ നടനും സഹനിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനെയും ചോദ്യം ചെയ്തിരുന്നു. സൗബിനെ വീണ്ടും വിളിപ്പിക്കുമെന്നാണ് സൂചന. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇഡിയ്ക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു.
തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്.
7 കോടി രൂപയാണ് സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവര്‍ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാല്‍ 18.65 കോടി മാത്രമായിരുന്നു നിര്‍മാണച്ചെലവ്. ഷൂട്ടിങ് തുടങ്ങുന്നതിനും മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും നിര്‍മാതാക്കള്‍ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു.
ഒരു രൂപ പോലും മുടക്കാത്ത നിര്‍മാതാക്കള്‍ പരാതിക്കാരന് പണം തിരികെ നല്‍കിയില്ല. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
40 % ലാഭവിഹിതമാണ് പരാതിക്കാരന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സിനിമ വലിയ ഹിറ്റായിട്ടും ഒരു രൂപ പോലും നല്‍കിയില്ല. ഇക്കാര്യം ബാങ്ക് രേഖകളില്‍നിന്ന് വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജ് പറയുന്നത്.