കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത് പുറത്തെത്തിയ ചിത്രമായിരുന്നു ഇന്ത്യൻ 2. ജൂലൈ 12 ന് പുറത്തെത്തിയ ചിത്രത്തിന് സമ്മിശ്രപ്രകിരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വേളയിൽ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഇ-സേവ ജീവനക്കാർ.
ചിത്രത്തിലെ ഒരു രംഗത്തിനെതിരെയാണ് ഇ-സേവ ജീവനക്കാർ വിമർശനവുമായി എത്തിയിരിക്കുന്നത്. തങ്ങളെ കൈക്കൂലിക്കാരായാണ് ഈ രംഗത്തിൽ ചിത്രീകരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇ-സേവ സ്റ്റാഫ് അസോസിയേഷൻ അരിയിച്ചു.
തങ്ങൾ ഒരിക്കലും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരല്ല. അഴിമതിയുടെ ലോകത്ത് ഇതിനേക്കാൾ വലിയ കളികൾ തുറന്നുകാട്ടപ്പെടാതെ കിടക്കുന്നു. ഈ വിഷയത്തിൽ തമിഴ്‌നാട് സർക്കാർ ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാണ് അഭ്യർത്ഥിക്കുന്നതെന്നും ഇ-സേവ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദൈർഘ്യം കൂടുതലാണെന്ന കാരണത്താൽ ചിത്രത്തിന്റെ 20 മിനുറ്റ് ദൈർഘ്യം വെട്ടിക്കുറച്ചിരുന്നു. ആദ്യ ദിനം തന്നെ വിമർശനങ്ങൾ വന്നുവെങ്കിലും 26 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു. രണ്ടാം ദിനം 6 കോടി രൂപയാണ് കളക്ഷൻ നേടിയത്.
ലൈക പ്രൊഡക്ഷൻസ്, റെഡ് ജയിന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദാണ്. കാജൽ അഗർവാൾ, സിദ്ധാർഥ്, എസ്ജെ. സൂര്യ, വിവേക്, സാക്കിർ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡൽഹി ഗണേഷ്, സമുദ്രക്കനി, നിഴൽഗൾ രവി, ജോർജ് മര്യൻ, വിനോദ് സാഗർ, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിംഗ്, ബ്രഹ്‌മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഇന്ത്യൻ 2 ൽ ഒരുമിക്കുന്നത്.
അന്തരിച്ച നടന്മാരായ നെടുമുടി വേണു, വിവേക് എന്നിവരുടെ കഥാപാത്രങ്ങളെ ഉൾപ്പെടെ എഐ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യൻ 2-ൽ കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യൻ ഒന്നാം ഭാഗത്തിൽ കൃഷ്ണസ്വാമി ഐപിഎസ് എന്ന ശ്രദ്ധേയ വേഷമായിരുന്നു നെടുമുടി വേണുവിന് ഉണ്ടായിരുന്നത്. ആദ്യഭാഗത്തിൽ വിവേക് ഉണ്ടായിരുന്നില്ല. രണ്ടാം ഭാഗത്തിൽ സിബിഐ ഓഫീസറുടെ വേഷമായിരുന്നു അദ്ദേഹത്തിന് എന്നാൽ സിനിമ പൂർത്തിയാകുന്നതിനും മുൻപേ വിടപറഞ്ഞു.
1996ൽ ആണ് ഇന്ത്യൻ പ്രദർശനത്തിനെത്തിയത്. ചിത്രത്തിൽ ഇരട്ടവേഷത്തിൽ അഭിനയിച്ച കമൽഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടർച്ചയുണ്ടാകുമെന്ന സൂചന നൽകിയിരുന്നു. 250 കോടി ബജറ്റിൽ ആണ് ഇന്ത്യൻ 2 ഒരുക്കിയിരിക്കുന്നത്.