സിനിമ കലാ സംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ സുനില്‍ ബാബുവിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സുനിലിന്റെ മരണം സംഭവിച്ചത്. ഹൃയാഘാതത്തെ തുടര്‍ന്നായിരുന്നു സുനിലിന്റെ മരണം. സുനില്‍ ബാബുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
ഹൃദയം വേദനിക്കുന്നു. തന്റെ കഴിവിനെ കുറിച്ച് കൊട്ടിഘോഷിക്കാതെ നിശബ്ദമായി സ്വന്തം ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ആള്‍. ഓര്‍മകള്‍ക്ക് നന്ദി സുനിലേട്ടാ. നിങ്ങള്‍ നമ്മുടെ സിനിമകള്‍ ജീവന്‍ നല്‍കി. നിങ്ങളില്ല എന്നതുമായി പൊരുത്തപ്പെടാന്‍ ആകുന്നില്ല. നിങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി താന്‍ പ്രാര്‍ഥിക്കുന്നു എന്നും ദുല്‍ഖര്‍ എഴുതിയിരിക്കുന്നു.
സുനില്‍ ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച സാങ്കേതിക പ്രവര്‍ത്തകന്‍ ആയിരുന്നു എന്നാണ് ദുല്‍ഖറിന്റെ കുറിപ്പിന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് കമന്റ് എഴുതിയത്.
കാലിലുണ്ടായ ചെറിയ നീരിനെ തുടര്‍ന്നാണ് സുനിലിനെ മൂന്നു ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയാണ് സുനില്‍. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളില്‍ തിരക്കുള്ള കലാ സംവിധായകനായിരുന്നു.
വിജയ് നായകനായ പുതിയ തമിഴ് ചിത്രം ‘വാരിസി’ലാണ് അവസാനം പ്രവര്‍ത്തിച്ചത്. വിവിധ ഭാഷകളില്‍ നൂറോളം സിനിമകളില്‍ കലാ സംവിധായകനായി പ്രവര്‍ത്തിച്ച സുനില്‍ ബാബു മൈസൂരു ആര്‍ട്‌സ് കോളേജിലെ പഠനത്തിനു ശേഷം കലാ സംവിധായകന്‍ സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര രംഗത്തേക്ക് എത്തിയത്.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രം ‘അനന്തഭദ്ര’ത്തിലൂടെ മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ‘ഉറുമി’, ‘പഴശ്ശിരാജ’, ‘ഛോട്ടാ മുംബൈ’, ‘പ്രേമം’, ‘നോട്ട്ബുക്ക്’, ‘കായംകുളം കൊച്ചുണ്ണി’, ‘ബാംഗ്ലൂര്‍ ഡെയ്‌സ്’, ‘എം എസ് ധോണി’, ‘ഗജിനി’, ‘ലക്ഷ്യ’, ‘സ്‌പെഷല്‍ ചൗബീസ്’ എന്നിവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.