കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ സിനിമാസെറ്റുകളില്‍ ലഹരി ഉപയോഗം കൂടുന്നുവെന്ന ആരോപണത്തില്‍ എക്‌സൈസ് വിവരങ്ങള്‍ തേടുന്നുവെന്നാണ് പുതിയ വിവരം.
താരസംഘടനയായ ‘അമ്മ’യില്‍ നിന്നടക്കം വിവരങ്ങള്‍ തേടാനാണ് ശ്രമം. ലഹരി ഉപയോഗത്തിനെതിരേ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ വിവിധ സിനിമാസംഘടനകള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് എക്‌സൈസും അന്വേഷണം ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി നടനും അമ്മ എക്‌സിക്യൂട്ടിവ് അംഗവുമായ ടിനി ടോമിനെ മൊഴിയെടുക്കാന്‍ എക്‌സൈസ് വകുപ്പ് വിളിപ്പിച്ചുവെന്നാണ് പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍.
ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ കൈവശമുണ്ടെന്ന ടിനി ടോമിന്റെ വെളിപ്പെടുത്തലിലാണ് മൊഴിയെടുക്കല്‍ എന്നാണ് വിവരം. എക്‌സൈസ് കമ്മിഷണര്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചതായും അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുമെന്നും ടിനി ടോം പറഞ്ഞതായാണ് വിവരം.
അറിയാവുന്ന കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ എക്‌സൈസ് നിര്‍ദേശമുള്ളതിനാല്‍ കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നും ടിനി ടോം പ്രതികരിച്ചു. ലഹരി ഉപയോഗിക്കുന്നവര്‍, ഉപയോഗിക്കാത്തവര്‍ എന്നിങ്ങനെ തരംതിരിച്ച് ഒരു സംഘടനയ്ക്കു പട്ടിക സൂക്ഷിക്കാനാകുമോ? ആരൊക്കെയാണു ലഹരി ഉപയോഗിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ടിനി ടോം പറഞ്ഞു
ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക താരസംഘടനയുടെ കൈവശമുണ്ടെന്ന ആരോപണത്തില്‍ നടന്‍ ബാബുരാജിനെയും എക്‌സൈസ് സംഘം മൊഴിയെടുക്കാന്‍ വിളിപ്പിച്ചേക്കുമെന്നാണ് വിവരം. സിനിമാമേഖലയില്‍ ലഹരി ഉപയോഗം കൂടിയത് നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കിയിരുന്നു. ലഹരി ഉപയോഗിക്കുന്ന താരങ്ങളെ ഒറ്റപ്പെടുത്താനും സിനിമാരംഗത്തുനിന്ന് മാറ്റിനിര്‍ത്താനും താരസംഘടനയായ ‘അമ്മ’യുടെ സഹായം നിര്‍മാതാക്കള്‍ തേടിയിരുന്നു.