ദൃശ്യം മൂന്നാം ഭാഗത്തിനായി ജീത്തു ശ്രമിക്കുന്നുണ്ട്… എന്നാല്‍ അത് ഉണ്ടോ ഇല്ലയോ എന്ന സൂചന കൊടുക്കാൻ പോലും ഇപ്പോൾ സമയം ആയിട്ടില്ല; അണിയറപ്രവത്തകർ

മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങി കഴിഞ്ഞതോടെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. രണ്ട് ഭാഗങ്ങളും വിജയിച്ചതോടെ മൂന്നാം ഭാഗം എന്നാണ് സംഭവിക്കുക എന്നതായിരുന്നു സംവിധായകൻ നേരിട്ട ചോദ്യം. ഇല്ല എന്ന ഉത്തരം ജിത്തു ജോസഫ് എവിടെയും നൽകിയിട്ടില്ല. ഒരുപക്ഷെ സംഭവിച്ചേക്കാം എന്നാണ് സംവിധായകൻ നൽകുന്ന മറുപടി.

ഇപ്പോഴിതാ ദൃശ്യം 3 ഒരേ സമയം മലയാളത്തിലും ഹിന്ദിയിലുമായി ചിത്രീകരിക്കുമെന്ന വാർത്ത തെറ്റെന്ന് വെളിപ്പെടുത്തി അണിയറ പ്രവർത്തകർ രംഗത്ത്. സിനിമയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും വാർത്തകൾക്കു വേണ്ടി പലരും പ്രചരിപ്പിക്കുന്ന തെറ്റായ റിപ്പോർട്ടുകളാണ് ഇതെല്ലാമെന്നും സിനിമയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

‘‘ദൃശ്യം 3യുടെ കഥയുമായി പലരും സംവിധായകൻ ജീത്തു ജോസഫിനെ സമീപിക്കുന്നുണ്ട്. എന്നാൽ പുറത്തുനിന്നുള്ള ഒരാളുടെ കഥയും അണിയറ പ്രവർത്തകര്‍ പരിഗണിക്കുന്നില്ലെന്ന് ദൃശ്യം രണ്ടാം ഭാഗത്തിന്റെ ആലോചനകൾ നടക്കുന്ന സമയത്തേ ടീം വ്യക്തമാക്കിയതാണ്. തീർച്ചയായും മൂന്നാം ഭാഗത്തിനായി ജീത്തു ശ്രമിക്കുന്നുണ്ട്. എന്നാല്‍ അത് ഉണ്ടോ ഇല്ലയോ എന്ന സൂചന കൊടുക്കാൻ പോലും ഇപ്പോൾ സമയം ആയിട്ടില്ല. ഇനി ഉണ്ടെങ്കിൽ തന്നെ ഇപ്പോൾ വരുന്ന വാര്‍ത്തകളുമായി ബന്ധപ്പെട്ടുളള ഒരു തീരുമാനവും അണിയറ പ്രവർത്തകര്‍ ആരും തന്നെ എടുത്തിട്ടില്ല. ഇതെല്ലാം വ്യാജ വാർത്തകളാണ്.’’–ദൃശ്യം സിനിമയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

മോഹൻലാലിനെയും അജയ് ദേവ്ഗണ്ണിനെയും നായകന്മാരാക്കി ഒരേസമയം ദൃശ്യം 3 മലയാളത്തിലും ഹിന്ദിയിലും ഒരുക്കുന്നുവെന്നാണ് മാധ്യമത്തിൽ വാർത്ത വന്നത്. ദൃശ്യം 2 ഹിന്ദിയുടെ സംവിധായകനും സഹ തിരക്കഥാകൃത്തുമായ അഭിഷേക് പഥക്കും സഹ രചയിതാക്കളുമാണ് മൂന്നാം ഭാ​ഗത്തിന്‍റെ ആശയം ജീത്തു ജോസഫിനു മുന്നില്‍ അവതരിപ്പിച്ചതെന്നും വാർത്തയിൽ പറയുന്നു. . 2024 ല്‍ സിനിമ ചിത്രീകരണം ആരംഭിക്കുമെന്നുമായിരുന്നു വാർത്ത.

Noora T Noora T :