ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി നടന്‍ മമ്മൂട്ടി

അക്രമിയുടെ കത്തിയ്ക്കിരയായ ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി നടന്‍ മമ്മൂട്ടി. കഴിഞ്ഞ ദിവസം വൈകിട്ടാണ് മമ്മൂട്ടി വന്ദനയുടെ വീട്ടിലെത്തിയത്. വന്ദനയുടെ മാതാപിതാക്കളെ കണ്ട് സംസാരിച്ചു. രമേഷ് പിഷാരടിയും വീട്ടില്‍ എത്തിയിരുന്നു. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പില്‍ രണ്ടരയോടെയായിരുന്നു വന്ദനയുടെ സംസ്‌കാരം.

വന്ദനയെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് വീട്ടിലെത്തിയത്. കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷ നേതാവും അടക്കം നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

വന്ദനയ്ക്ക് അന്ത്യ ചുംബനം നല്‍കി നിറകണ്ണുകളോടെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മടങ്ങിയത്. വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നു. എല്ലായിടങ്ങളിലും നിരവധി പേരാണ് വന്ദനയെ അവസാനമായി കാണാനെത്തിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി വൈദ്യ പരിശോധനയ്ക്കിടെ ഡോ. വന്ദനയെ(25) കുത്തി പരിക്കേല്‍പ്പിച്ചത്. നെടുമ്പന ഗവ. യു.പി സ്‌കൂള്‍ അധ്യാപകനായ വെളിയം ചെറുകരണക്കോണം ശ്രീനിലയത്തില്‍ സന്ദീപ് എന്നയാളാണ് ആക്രമണം നടത്തിയത്.

Vijayasree Vijayasree :