ഉമാ തോമസ് എംഎൽഎയുടെ അപകടം, നൃത്തപരിപാടിയുടെ പേരിൽ കൊള്ളലാഭം; പോലീസ് ചോദ്യം ചെയ്യാനിരിക്കെ രാത്രി അമേരിക്കയിലേയ്ക്ക് മടങ്ങി ദിവ്യ ഉണ്ണി

മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാൻ താരത്തിനായി. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മുൻ നിര നായികമാരിൽ ഒരാളായി മാറിയ നടിയാണ് ദിവ്യ ഉണ്ണി. നീയെത്ര ധന്യയെന്ന ചിത്രത്തിലൂടെയാണ് ദിവ്യ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തിന് ലഭിച്ചത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് വേൾഡ് റെക്കോഡ് നേടിയ‍ ഡാൻസ് പെർഫോമൻസ് നടന്നത്. മൃദംഗനാദം എന്ന പേരിൽ 12000ത്തോളം നർത്തകരെ ഉൾപ്പെടുത്തി എട്ട് മിനിറ്റ് ദൈർഘ്യമുള്ള ഭരതനാട്യം അവതരിപ്പിച്ചാണ് ദിവ്യ ഉണ്ണിയും സംഘവും ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്.

നൃത്തം കൊറിയോഗ്രാഫി ചെയ്ത് മുന്നിൽ നിന്നും ലീഡ് ചെയ്തതും ദിവ്യ തന്നെയായിരുന്നു. സിനിമാ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളും അവരുടെ വിദ്യാർത്ഥികളും വരെ ഇതിൽ ഉൾപ്പെടുന്നു. ദേവി ചന്ദന, ഉത്തര ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും അവരുടെ ശിഷ്യരും മൃദംഗനാദത്തിൽ പങ്കാളികളായിരുന്നു. ഒരേസമയം 12000 പേരാണ് ഭരതനാട്യം ചെയ്തത്.

എന്നാൽ ഈ സംഭവം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഉമാ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ടതും നൃത്തപരിപാടിയുടെ പേരിൽ കൊള്ളലാഭം കൊയ്തതുമായുള്ള വാർത്തകൾ കൊടുമ്പിരി കൊള്ളവെയാണ് ദിവ്യ ഉണ്ണിയുടെ മടക്കം. ഉമാ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് നേരത്തേ പറഞ്ഞിരുന്നു.

ഈ വേളയിലാണ് ഇന്നലെ രാത്രി 11.30ന് കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് സിംഗപ്പൂർ വഴി അമേരിക്കയിലേക്ക് പോകുന്ന ഫ്ലൈറ്റിൽ ദിവ്യ ഉണ്ണി മടങ്ങിയത്. പരിപാടിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു ദിവ്യ ഉണ്ണി. ഇതിലൂടെ നടിക്ക് കിട്ടിയ പ്രതിഫലം ഉൾപ്പെടെ അന്വേഷിക്കാനിരിക്കുകയായിരുന്നു.

സംഘാടകരെ പൂർണമായും ചോദ്യം ചെയ്‌ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വർഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്. പരിപാടിയിൽ പങ്കെടുത്ത നൃത്ത അദ്ധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

വിവാഹത്തിന് ശേഷം ദിവ്യ ഉണ്ണി വർഷങ്ങളായി അമേരിക്കയിൽ കുടുംബമായി സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ നവംബറിലാണ് നടി കേരളത്തിലെത്തിയത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം നടിയിലേക്ക് നീളുന്നതിനിടെയാണ് മടങ്ങിപ്പോക്ക്. പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച് പല പരാതികളും ഉയർന്ന് വന്നിരുന്നു.

പരിപാടിക്കായി 3500 രൂപ ഓരോ കുട്ടിയിൽ നിന്നും ഈടാക്കിയിട്ടും യാതൊരു ക്രമീകരണവും കുട്ടികൾക്കായി ഒരുക്കി നൽകിയില്ലെന്നും ഈ തുകയ്ക്ക് യാതൊരു തരത്തിലുള്ള രശീതും നൽകിയിട്ടില്ലെന്നും ആരോപണമുയർന്നു. നൃത്തപരിപാടിയുടെ സാരി ഡാൻസ് സ്‌കൂളിൽനിന്ന് നൽകുകയായിരുന്നു. ആ സാരി സ്‌പോൺസർ നൽകിയതാണെന്നാണ് പറഞ്ഞത്.

അത് തയ്പ്പിച്ചതും മേക്കപ്പ്, യാത്രാച്ചെലവ് തുടങ്ങിയവയെല്ലാം പങ്കെടുത്തവർ തന്നെയാണ് വഹിച്ചത്. രജിസ്‌ട്രേഷനെന്ന് പറഞ്ഞാണ് മാസങ്ങൾക്ക് മുൻപേ രണ്ടായിരം വാങ്ങിയതെന്നും ഇവർ പറയുന്നു.പലരിൽ നിന്നും പല തുകയാണ് കൈപറ്റിയിരുന്നത്. അയ്യായ്യിരം രൂപയിലേറെ നൽകിയും പരിപാടിയുടെ ഭാഗമായവരുണ്ട്.

വിവാദങ്ങളും വിമർശനങ്ങളും ഉയർന്നതിന് പിന്നാലെ ‘നൃത്തപരിപാടിയുടെ നടത്തിപ്പുകാരായ മൃദംഗ വിഷൻ എന്ന സ്ഥാപനത്തിന്റെ സിഇഒ ഷമീർ അബ്ദുൾ റഹിം, ക്രമീകരണങ്ങൾ ഒരുക്കിയ ഇവന്റ്സ്‌ ഇന്ത്യ പ്രൊപ്രൈറ്റർ എം ടി കൃഷ്‌ണകുമാർ , താൽക്കാലിക സ്റ്റേജ്‌ തയ്യാറാക്കിയ ബെന്നി എന്നിവരെ പാലാരിവട്ടം പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

പരിപാടി കാണാനെത്തിയ തൃക്കാക്കര എം.എൽ.എ ഉമാ തോമസ് വേദിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. താത്കാലിക സ്റ്റേജിൽ നിന്ന് കാൽ വഴുതി 18 അടിയോളം താഴ്ചയിലേയ്ക്ക് വീഴുകയായിരുന്നു. നിലവിൽ ആരോ​ഗ്യത്തിൽ നേരിയ പുരോ​ഗതിയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

Vijayasree Vijayasree :