കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സിനിമാലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിരുന്നത്. പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ദുരനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നത്. പിന്നാലെ സിദ്ദിഖും രഞ്ജിത്തും തങ്ങളുടെ ഔദ്യോഗിക പദവികളിൽ നിന്ന് രാജിവെച്ചതും വാർത്തയായിരുന്നു.
ഇപ്പോഴിതാ താര സംഘടനയായ അമ്മയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ദിവ്യ ഗോപിനാഥ്. ഡബ്ല്യുസിസി മെമ്പർ കൂടിയാണ് താരം. ഇപ്പോൾ ഗുരുതരമായ ആരോപണമാണ് താരം ഉയർത്തുന്നത്. 2018-ൽ നടൻ അലൻസിയറിനെതിരെ പരാതി നൽകിയിട്ടും അമ്മ നടപടിയെടുത്തില്ലെന്നാണ് ദിവ്യ പറയുന്നത്.
‘ആഭാസം’ എന്ന സിനിമയുടെ സെറ്റിൽവെച്ച് നടൻ അലൻസിയർ മോശമായി പെരുമാറിയെന്നും തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമായിരുന്നു ദിവ്യ ഗോപിനാഥ് അന്ന് വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ചായിരുന്നു പരാതി നൽകിയത്. എന്നാൽ തനിക്ക് താങ്ങായി നിന്നത് ഡബ്ല്യുസിസിയാണെന്നുമാണ് നടി പറയുന്നത്.
2018 കാലത്ത് അലൻസിയർക്കെതിരെ അമ്മ എന്ന സംഘടനയിൽ പരാതികൊടുത്തപ്പോഴും അവരോട് ചോദിച്ചിരുന്നത്. എന്ത് നടപടിയാണ് നിങ്ങളുടെ അംഗമായ വ്യക്തി എന്നോട് ചെയ്ത ചൂഷണത്തിന് നിങ്ങൾ സ്വീകരിക്കുക എന്നായിരുന്നു ചോദിച്ചത്. വിശദമായി എന്തൊക്കെയാണ് നടന്നത് എന്നും പറഞ്ഞിരുന്നു. പക്ഷേ ഈ അഞ്ചുവർഷക്കാലയളവിൽ ഇത്തരം തുറന്നുപറച്ചിലുകൾ എത്രത്തോളം ജീവിതത്തെ ബാധിച്ചുവെന്നതിന്റെ രക്തസാക്ഷിയാണ് ഞാൻ.
ഒരുപാട് സ്വപ്നം കണ്ട്, തിയേറ്റർ പ്രൊഫഷണലായി പഠിച്ച് സിനിമയിലേക്കെത്തിയ ആളാണ് ഞാൻ. എന്നാൽ ആ സ്വപ്നമെല്ലാം മാറ്റിവച്ച് മറ്റൊരു മേഖലയിൽ തൊഴിലെടുക്കാൻ നിർബന്ധിതയാവുന്നുണ്ടെങ്കിൽ അതൊട്ടും സന്തോഷത്തോടെയല്ല. അയാൾ ഇന്നും സിനിമയിൽ സജീവമാവുകയും അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്യുമ്പോൾ ഞാൻ അവസരങ്ങൾ നഷ്ടമായി ജീവിക്കുകയാണ്.
ഇന്നിപ്പോൾ റിപ്പോർട്ട് പുറത്തുവന്ന് മൂന്നുദിവസം കൊണ്ട് അസോസിയേഷനിലുള്ള വ്യക്തികൾ ഉൾപ്പെടെ മാറ്റങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുമ്പോൾ വളരെയധികം സന്തോഷമുണ്ട്. തെളിവുണ്ടെങ്കിൽ പറയൂ എന്നാണ് പലരും പറയുന്നത്. അലൻസിയർ ചെയ്ത തെറ്റ് സമ്മതിച്ച് ക്ഷമ ചോദിച്ചയാളാണ്. അയാൾ ചെയ്ത തെറ്റിന് അസോസിയേഷൻ എന്ത് നടപടിയാണ് എടുത്തതെന്ന് സംഘടനയിലെ അംഗങ്ങൾക്ക് സ്വയം ചോദിക്കാം എന്നും താരം പറയുന്നു.