സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സഹയാത്രികനാണ് ഷാഫി എന്ന സംവിധായകൻ. 2000-2010 കാലഘട്ടത്തിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റ് കോമഡി ചിത്രങ്ങൾ സൃഷ്ടിച്ചത് ഷാഫിയാണ്. അവ ഇന്നും പ്രേക്ഷകരുടെ മനസിലിടം പിടിച്ചിരിക്കുന്ന ചിത്രങ്ങളുമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തെത്തുന്നത്.
ഷാഫി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ എന്നാണ് വിവരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. പക്ഷാഘാതത്തെ തുടർന്ന് ജനുവരി 16 നാണ് ഷാഫിയെ ആസ്റ്റർ മെഡ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്. ഷാഫി ന്യൂറോ സർജിക്കൽ തീവ്രപരിചരണ വിഭാഗത്തിലാണ് എന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
മെഡിക്കൽ സംഘം ഷാഫിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്. മലയാളത്തിൽ നിരവധി ബോക്‌സോഫീസ് ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ഷാഫി. റാഫി മെക്കാർട്ടിൻ സംവിധായക ജോഡിയിലെ റാഫിയുടെ സഹോദരനാണ് ഷാഫി. സംവിധായകൻ സിദ്ദിഖ് ഇവരുടെ അമ്മാവനാണ്.
ഈ വാർത്ത പുറത്ത് വന്നതോടെ പലരും ദിലീപിനെയാണ് അന്വേഷിക്കുന്നത്. തന്റെ കരിയറിൽ ഏറെ സ്വാധീനം ചെലുത്തിയ സംവിധായകരിൽ ഒരാളാണ് ദിലീപ്. ഈ വാർത്തയറിഞ്ഞ് ഏറെ വേദനിക്കുന്ന് ദിലീപ് ആയിരിക്കുമെന്നും ഷാഫിയ്ക്ക് വേണ്ടി ദിലീപ് എല്ലാ സഹായവും ചെയ്ത് കാണുമെന്നും ഇപ്പോൾ തന്നെ ദിലീപ് ആശുപത്രിയിലുണ്ടുകുമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല.
ദിലീപിന്റെ കരിയറിൽ തന്നെ ഏറെ സൂപ്പർഹിറ്റായി മാറിയ ചിത്രങ്ങളായിരുന്നു കല്യാണ രാമനും 2 കൺട്രീസും ഈ രണ്ട് ചിത്രങ്ങളും ദിലീപിന് നൽകിയത് ഷാഫിയാണ്. കല്യാണ രാമൻ, മേരിക്കുണ്ടൊരു കുഞ്ഞാട്, ടു കൺഡ്രീസ് എന്നിവയാണ് ദിലീപ്- ഷാഫി കൂട്ടുകെട്ടിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രങ്ങൾ. ഇവയെല്ലാം ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളാണ് നേടിയത്. ദിലീപിന്റെ അൻപത് കോടി ക്ലബിൽ ഇടം പിടിച്ച ഒരേയൊരു ചിത്രമാണ് ഷാഫി ഒരുക്കിയ ടു കൺഡ്രീസ്.
അടുത്തിടെ, ഒരു ഇടവേളയ്ക്കുശേഷം 2015ൽ റിലീസ് ചെയ്ത ‘ടു കൺട്രീസ്’ എന്ന ചിത്രത്തിന്റെ വിജയമാണ് തനിയ്ക്ക് വീണ്ടും കോമഡി ചിത്രങ്ങൾ ചെയ്യാനുള്ള ആത്മവിശ്വാസം നൽകിയതെന്ന് ഷാഫി പറഞ്ഞിരുന്നു. ടു കൺട്രീസ് വൻവിജയമായതോടെ കോമഡി ഇനിയും കൊണ്ടുപോകാൻ പറ്റുമെന്ന് എനിക്ക് വിശ്വാസമായി. കോമഡിയ്ക്ക് എന്നും സ്‌കോപ്പുണ്ട്.
പക്ഷേ പഴയ രീതിയിലുള്ള സിനിമകൾ ആകരുതെന്ന് മാത്രം. തമാശ പ്രേക്ഷകന് ഇഷ്ടമാണെങ്കിലും വെറുതേ ഒരു കഥയിൽ തമാശ പറഞ്ഞിട്ട് കാര്യമില്ല. കുറച്ചുകൂടി കാമ്പുള്ള, റിയലിസ്റ്റിക് ആയിട്ടുള്ള സിനിമകളുടെ കാലമായി. താൻ കോമഡി ചിത്രങ്ങൾ ചെയ്യണമെന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നതെന്നും എന്നാൽ മാറ്റങ്ങൾ അനിവാര്യമാണെങ്കിൽ അതിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
1990-കളുടെ മധ്യത്തിൽ രാജസേനൻ, റാഫി മെക്കാർട്ടിൻ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായി നിന്ന് കൊണ്ടാണ് ഷാഫി സിനിമാ ജീവിതം ആരംഭിച്ചത്. 2001-ൽ വൺ മാൻ ഷോ എന്ന ചിത്രത്തിലൂടെയാണ് ഷാഫിയുടെ സംവിധാന രംഗത്തേക്ക് എത്തുന്നത്. കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്കലേറ്റ്, ചട്ടമ്പിനാട്, മേരിക്കൊണ്ടൊരു കുഞ്ഞാട്, മേക്കപ്പമാൻ എന്നീ ബോക്‌സോഫീസ് ഹിറ്റുകൾ ഷാഫിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയതാണ്.
രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിൽ ഒരു തമിഴ് സിനിമയടക്കം 18 സിനിമകൾ സംവിധാനം ചെയ്തു. 2022 ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന സിനിമ. ഷറഫുദ്ദീൻ, ഇന്ദ്രൻസ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. അനഘ നാരായണനായിരുന്നു ചിത്രത്തിലെ നായിക.