രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത് സാംസ്‌കാരിക കേരളത്തിന് നാണക്കേട്, പരസ്യമായി മാപ്പ് പറയണമെന്ന് സാമൂഹിക മുന്നേറ്റ മുന്നണി

നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്കെതിരേ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സാമൂഹിക മുന്നേറ്റ മുന്നണി നേതാക്കള്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്ന വ്യാഴാഴ്ചയാണ്
വേദിയായ നിശാഗന്ധി ഓഡിറ്റോറിയത്തിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

രഞ്ജിത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും സംഘടനയുടെ ചെയര്‍മാന്‍ കെ.പി. അനില്‍ദേവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ നിര്‍വഹിക്കും. എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ് മോന്‍ പ്രസംഗിക്കും.

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം ചിത്രീകരിച്ച ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയെ ‘ചവറ്’ എന്ന് രഞ്ജിത്ത് അധിക്ഷേപിച്ചതായും ഈ സിനിമയ്ക്ക് അവാര്‍ഡ് കിട്ടാതിരിക്കാന്‍ അദ്ദേഹം ഇടപെട്ടതായും സംവിധായകന്‍ വിനയന്‍ ആരോപിച്ചിരുന്നു. ”കേരളത്തിലെ നവോത്ഥാനത്തിന്റെ തുടക്കം ആറാട്ടുപുഴ വേലായുധപ്പണിക്കരില്‍നിന്നാണ്. ഈ ഇതിഹാസ നായകനെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആക്ഷേപിച്ചത്.

രഞ്ജിത് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത് സാംസ്‌കാരിക കേരളത്തിന് നാണക്കേടാണ്. അദ്ദേഹം പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കില്‍ തുടര്‍ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ.പി. അനില്‍ദേവ് പറഞ്ഞു. സാമൂഹിക മുന്നേറ്റ മുന്നണി ആലുവ യൂണിറ്റ് വൈസ് പ്രസിഡന്റ് സിന്ധു ഷാജി, ട്രഷറര്‍ കെ.കെ. മോഹനന്‍, ചേര്‍ത്തല തപോവനം ശ്രീനാരായണ ധര്‍മ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രണവ് സ്വരൂപാനന്ദ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Vijayasree Vijayasree :