സംവിധായകന്‍ കെ പി ശശി അന്തരിച്ചു

സിനിമ, ഡോക്യുമെന്ററി സംവിധായകനും കാര്‍ട്ടൂണിസ്റ്റുമായ കെ പി ശശി(64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് കെ ദാമോദറിന്റെ മകനാണ്. കെ പി ശശിയുടെ ‘ഇലയും മുള്ളും’ എന്ന സിനിമയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

സാമൂഹികവും മാനസികവുമായ അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന മലയാളി സ്ത്രീകളുടെ ജീവിതം ഇതിവൃത്തമാക്കിയ സിനിമയായിരുന്നു ‘ഇലയും മുള്ളും’. റെസിസ്റ്റിംഗ് കോസ്റ്റല്‍ ഇന്‍വേഷന്‍, ലിവിങ് ഇന്‍ ഫിയര്‍, ഡവലപ്‌മെന്റ് അറ്റ് ഗണ്‍പോയന്റ് എന്നിവ ശ്രദ്ധേയമായ സിനിമകളാണ്.

മുംബൈയിലെ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തിരുന്നു. ഫാബ്രിക്കേറ്റഡ്, ലിവിങ് ഇന്‍ ഫിയര്‍, ലൈക്ക് ലീവ്‌സ് ഇന്‍ എ സ്‌റ്റോം, എ വാലി റെഫ്യൂസഡ് ടുഡേ എന്നിവ പ്രധാന ഡോക്യുമെന്ററികളാണ്.

2013ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററിയായ ഫാബ്രിക്കേറ്റഡ് വലിയ ചര്‍ച്ചയായിരുന്നു. വിബ്ജ്യോര്‍ ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരില്‍ ഒരാളാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ശേഷം തൃശൂര്‍ ശാന്തിഘട്ടില്‍ നടക്കും.

Vijayasree Vijayasree :