സംവിധായകന്‍ കെ വിശ്വനാഥ് വിടവാങ്ങി

പ്രശസ്ത തെലുങ്ക് സംവിധായകന്‍ കാശിനാധുണി വിശ്വനാഥ് എന്ന കെ വിശ്വനാഥ്(91)അന്തരിച്ചു. ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി വിശ്വനാഥ് വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

1930 ഫെബ്രുവരി 19ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് കെ. വിശ്വനാഥ് ജനിച്ചത്. ഗുണ്ടൂര്‍ ഹിന്ദു കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പഠിച്ചു, കൂടാതെ ആന്ധ്രാ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബിഎസ്‌സി ബിരുദവും നേടി. മദ്രാസിലെ വാഹിനി സ്റ്റുഡിയോയില്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റായിട്ടാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്.

1951ല്‍ തെലുങ്ക് ചിത്രമായ പാതാള ഭൈരവിയില്‍ സഹ സംവിധായകനായി അരങ്ങറ്റം കുറിച്ചു. 1965ല്‍ പുറത്തിറങ്ങിയ ആത്മ ഗൗരവത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ഇന്ത്യയിലെ ആദ്യകാല പ്രാദേശിക പാന്‍ ഇന്ത്യന്‍ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ശങ്കരാഭരണം ആണ് വിശ്വനാഥിന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമ. ചിത്രത്തിന്റെ വന്‍ വിജയത്തെത്തുടര്‍ന്ന് അതേ പേരില്‍ തന്നെ ചിത്രം മലയാളത്തിലടക്കം വിവിധ ഭാഷകളില്‍ മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചലച്ചിത്രത്തിന് 1980 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സ്വര്‍ണ്ണകമലം ലഭിക്കുകയുണ്ടായി. സാഗര സംഗമം, സ്വാതി കിരണം, സ്വര്‍ണ കമലം, ശ്രുതിലയലു, സ്വരാഭിഷേകം എന്നിവ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളാണ്. അഞ്ച് തവണ ദേശീയ ചലച്ചിത്രപുരസ്‌കാരവും ആറുതവണ നാന്ദി പുരസ്‌കാരവും ഉള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. 1992ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.

ഭാരത സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയെ മാനിച്ചുകൊണ്ട് 2016 ല്‍ കെ. വിശ്വനാഥിന് ലഭിച്ചു. തെലുങ്ക്, തമിഴ്, ഹിന്ദി സിനിമാ ടെലിവിഷന്‍ നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിശ്വനാഥ് സമാന്തര സിനിമയെ വാണിജ്യ സിനിമയുമായി ബന്ധിപ്പിക്കുന്നതില്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടിയിട്ടുണ്ട്.

Vijayasree Vijayasree :